ജോര്‍ജ് കുട്ടി എന്ന വിജയ് സാല്‍ഗോന്‍കര്‍ വീണ്ടുമെത്തുന്നു, ക്ലൈമാക്‌സ് മാറുമോ?; ദൃശ്യം 2 ഹിന്ദി ട്രെയ്‌ലര്‍
Film News
ജോര്‍ജ് കുട്ടി എന്ന വിജയ് സാല്‍ഗോന്‍കര്‍ വീണ്ടുമെത്തുന്നു, ക്ലൈമാക്‌സ് മാറുമോ?; ദൃശ്യം 2 ഹിന്ദി ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th October 2022, 6:09 pm

അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദൃശ്യം 2’വിന്റെ ഹിന്ദി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏറെ ആകാംക്ഷ ഉളവാക്കുന്ന തരത്തിലാണ് ട്രെയിലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് പകരം ഒക്ടോബര്‍ രണ്ടിനാണ് ചിത്രത്തിന്റെ ഹിന്ദി റിമേക്കില്‍ സംഭവങ്ങള്‍ നടക്കുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിച്ച് ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തിന് പകരം ദൃശ്യം 1 ഹിന്ദി പതിപ്പിലെ പോലെ ‘വിജയ് സാല്‍ഗോന്‍കര്‍’ എന്നാണ് അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര്.

ദൃശ്യം 2 മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണും അക്ഷയ് ഖന്നയും നേര്‍ക്കുനേര്‍ പൊരുതുന്ന രംഗങ്ങള്‍ ട്രെയ്‌ലറിന്റെ പ്രധാന ആകര്‍ഷണമാണ്. അതേസമയം, മലയാളം ദൃശ്യം 2 വില്‍ നിന്ന് വ്യത്യസ്തമായ ക്ലെമാക്‌സായിരിക്കും ഹിന്ദിയിലും എന്ന സൂചനയും ട്രെയ്‌ലറിലുണ്ട്.

മലയാളത്തില്‍ ആശാ ശരത് അവതരിപ്പിച്ച കഥാപാത്രം കൈകാര്യം ചെയ്യുന്നത് തബു ആണ്. ഐ.ജി. മീര ദേശ്മുഖ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ശ്രിയ ശരണ്‍ നായികയായി എത്തുന്ന ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

അഭിഷേക് പതക് ആണ് ചിത്രത്തിന്റെ സംവിധാനം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബര്‍ 18ന് തിയറ്ററുകളില്‍ എത്തും. സുധീര്‍ കെ. ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍.

കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. കയ്യില്‍ മണ്‍വെട്ടിയും കൊണ്ട് വളരെ സീരിയസായി നില്‍ക്കുന്ന അജയ് ദേവ്ഗണാണ് പോസ്റ്ററിലുളളത്.

‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന്‍ നിഷികാന്ത് കാമത്ത് 2020ല്‍ അന്തരിച്ചിരുന്നു. പിന്നാലെയാണ് ദൃശ്യം 2 അഭിഷേക് പതക് ഏറ്റെടുത്തത്. ആദ്യ ഭാഗത്തിന്റെ റീമേക്കും ഹിന്ദിയില്‍ വന്‍ ഹിറ്റായിരുന്നു.

അതേസമയം, റിലീസ് ദിനത്തില്‍ ചിത്രത്തിന്റെ ടിക്കറ്റുകള്‍ക്ക് ഡിസ്‌കൗണ്ട് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യദിനം പകുതി പൈസയ്ക്ക് ചിത്രം കാണാനുള്ള ഓഫറാണ് അണിയറക്കാര്‍ മുന്നോട്ടുവച്ചത്. ഒക്ടോബര്‍ 2ന് ബുക്ക് ചെയ്തവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സസ്‌പെന്‍സ് ത്രില്ലറായിരുന്നു ദൃശ്യം. 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം 150 ദിവസത്തിലധികം തിയേറ്ററുകളില്‍ നിറഞ്ഞോടിയ മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നാണ്.

ദൃശ്യം ഒന്നിന്റെ വിജയത്തെത്തുടര്‍ന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ വുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. 2021ല്‍ ആമസോണ്‍ പ്രൈം വീഡിയോയിലുടെയാണ് ദൃശ്യം 2 റിലീസ് ചെയ്തത്.

വമ്പന്‍ വിജയത്തിനും വന്‍ ജനസ്വീകാര്യതക്കു ഒടുവില്‍ ‘ദൃശ്യം 1’ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.

Content Highlight: Drishyam 2 Hindi Trailer Out