അച്ഛന് രാജീവ് ഗാന്ധിയെ ഭയങ്കര ഇഷ്ടമാണ്, അതുകൊണ്ടാവും ഈ പേരിട്ടത്; നായ്ക്കര്‍ എന്നൊക്കെ വന്നപ്പോള്‍, അച്ഛനെ മാറ്റിയല്ലോ ദൈവമേ എന്ന് ചിന്തിച്ചു: പ്രിയങ്ക നായര്‍
Entertainment news
അച്ഛന് രാജീവ് ഗാന്ധിയെ ഭയങ്കര ഇഷ്ടമാണ്, അതുകൊണ്ടാവും ഈ പേരിട്ടത്; നായ്ക്കര്‍ എന്നൊക്കെ വന്നപ്പോള്‍, അച്ഛനെ മാറ്റിയല്ലോ ദൈവമേ എന്ന് ചിന്തിച്ചു: പ്രിയങ്ക നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th April 2022, 10:05 am

2006ല്‍ വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറി പിന്നീട് മലയള സിനിമയില്‍ ശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക നായര്‍.

തന്റെ പേരിന് പിന്നിലെ കഥ പറയുകയാണ് ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ താരം.

പ്രിയങ്ക എന്ന പേരിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു താരം മറുപടി പറഞ്ഞത്.

”അതിന്റെ പിന്നിലൊരു കഥയുണ്ട്. എന്റെ അച്ഛന് രാജീവ് ഗാന്ധിയെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മകളുടെ പേര് പ്രിയങ്കയായത് കൊണ്ട് എനിക്കും പ്രിയങ്ക എന്ന പേര് ഇട്ടതായിരിക്കാം.

അതുകൊണ്ടാണോ എന്ന് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അപ്പോഴൊന്നും അച്ഛന്‍ അതിനെ എതിര്‍ത്തിട്ടില്ല, പക്ഷെ ചിരിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ അതങ്ങ് ഊഹിച്ചു. അല്ലെങ്കില്‍ എനിക്ക് അങ്ങനെ പ്രിയങ്ക എന്ന പേര് വരാന്‍ ഒരു ചാന്‍സുമില്ല, വരേണ്ട ഒരു കാര്യവുമില്ല.

പ്രിയങ്ക എന്ന പേര് ഇഷ്ടമാണോ എന്ന ചോദ്യത്തിന്, ”അച്ഛന്‍ തന്ന പേരല്ലേ. ജന്മം നമുക്ക് നിശ്ചയിക്കാന്‍ പറ്റില്ല, ഈ ആളുടെ മകളായിട്ട്, അല്ലെങ്കില്‍ സഹോദരന്‍ സഹോദരിയായി ജനിക്കുന്നത് നമ്മുടെ തീരുമാനമല്ല. അതുപോലെ തന്നെയാണ് പേരും. അത് അച്ഛന്‍ തന്നതാണ്. അതവിടെ ഇരുന്നോട്ടെ.

എനിക്ക് എന്റെ പേര് ഇഷ്ടമാണ്. ഇഷ്ടക്കേടൊന്നുമില്ല.

പേര് മാറ്റാന്‍ ഒരു അവസരം കിട്ടുകയാണെങ്കില്‍ ഏത് പേരിടും എന്നും അഭിമുഖത്തില്‍ അവതാരകന്‍ ചോദിക്കുന്നുണ്ട്.

”വേണ്ട അച്ഛന്‍ തന്നതല്ലേ, ഞാന്‍ മാറ്റില്ല.

വെയില്‍ സിനിമ ചെയ്തതിന് ശേഷം എന്റെ പേര് പ്രിയങ്ക നായര്‍ എന്നാണ്. പ്രിയങ്ക എം നായര്‍, പ്രിയങ്ക മുരളീധരന്‍ നായര്‍ എന്നുള്ളതാണ് എന്റെ ശരിക്കുള്ള പേര്്. വെയില്‍ സിനിമയിലേക്ക് വന്നപ്പോള്‍ അത് പ്രിയങ്ക നായര്‍ എന്നാക്കി.

വെയില്‍ സിനിമയുടെ സമയത്ത് എല്ലാ പത്രങ്ങളിലും മാഗസിനുകളിലും ‘വെയില്‍ പ്രിയങ്ക’ എന്നായിരുന്നു വന്നത്. ചിലയിടത്ത് പ്രിയങ്ക നായ്ക്കര്‍ എന്നും വന്നു.

അങ്ങനെ എന്റെയടുത്ത് ഡയറക്ടര്‍ വസന്തബാലന്‍ സാറ് പേര് മാറ്റാവോ, നമുക്ക് മാറ്റാം എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞും വേണ്ട എന്ന്. അച്ഛന്‍ തന്ന പേരല്ലേ, അത് മാറ്റണ്ട എന്ന് പറഞ്ഞു.

എനിക്ക് അച്ഛന്‍ എന്താണോ, അല്ലെങ്കില്‍ അമ്മ എന്താണോ തന്നത്, എനിക്ക് ആ ഐഡന്റിറ്റി മതി. അവരുടെ മകള്‍, അവര്‍ തന്ന പേരില്‍ തന്നെ എനിക്ക് അറിയപ്പെട്ടാല്‍ മതി. അത് മാറ്റാനുള്ള അവകാശം എനിക്കില്ല, എന്ന വിശ്വസിക്കുന്ന ആളാണ് ഞാന്‍.

അത് മാറ്റേണ്ട ആവശ്യമില്ല. ഇനി എനിക്ക് ഇഷ്ടമില്ലാത്ത ഒരു പേരാണ് തന്നതെങ്കിലും ഞാന്‍ അതില്‍ തന്നെ തുടരുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

നേരത്തെ പ്രിയങ്ക നായ്ക്കര്‍ എന്ന് വന്നപ്പോള്‍, അച്ഛനെ മാറ്റിയല്ലോ ദേവമേ എന്ന് ആ സമയത്ത് ഞാന്‍ ചിന്തിച്ചിട്ടുണ്ട്,” പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

2008ല്‍ പുറത്തിറങ്ങിയ ടി.വി. ചന്ദ്രന്‍ ചിത്രം ‘വിലാപങ്ങള്‍ക്കപ്പുറ’ത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.

സൈജു കുറുപ്പിനെ നായകനാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത അന്താക്ഷരിയാണ് പ്രിയങ്കയുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം.

റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാന്‍, പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കടുവ എന്നിവയിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്.

Content Highlight: Actress Priyanka Nair about her name