അമ്മക്ക് എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നതെന്ന് ചിലപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ തോന്നാറുണ്ട്: പൂര്‍ണിമ ഇന്ദ്രജിത്ത്
Entertainment news
അമ്മക്ക് എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നതെന്ന് ചിലപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ തോന്നാറുണ്ട്: പൂര്‍ണിമ ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th March 2023, 6:22 pm

തന്റെ പങ്കാളിയുടെ അമ്മയും നടിയുമായ മല്ലിക സുകുമാരനെ കുറിച്ച് സംസാരിക്കുകയാണ് നടിയും അവതാരകയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. മല്ലിക സുകുമാരന് ഇപ്പോള്‍ 68 വയസായെന്നും എങ്കിലും ഇന്നത്തെ ജനറേഷന്റെ ചിന്തകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെന്നും പൂര്‍ണിമ പറഞ്ഞു. അവര്‍ ഭയങ്കര അപ്‌ഡേറ്റഡാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

മല്ലിക സുകുമാരനില്‍ നിന്നും താന്‍ ഇപ്പോഴും പല കാര്യങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഒറ്റക്ക് താമസിക്കുന്ന സ്ത്രീ എന്ന നിലയില്‍ അവര്‍ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടെന്നും പൂര്‍ണിമ പറഞ്ഞു. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയെന്ന നിലയിലല്ല മല്ലിക അറിയപ്പെടുന്നതെന്നും മലയാള സിനിമയില്‍ അവര്‍ക്ക് തന്റേതായ ഐഡന്റിറ്റിയുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ പൂര്‍ണിമ പറഞ്ഞു.

‘നിങ്ങളുടെ സമയം അവസാനിച്ചുവെന്ന് ലോകത്ത് ആര്‍ക്കും പറയാന്‍ സാധിക്കില്ല. എന്റെ ജീവിതത്തില്‍ നിന്നുമാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പഠിച്ചത്. എന്റെ ജീവിതത്തില്‍ വന്നുപോയ മനുഷ്യരില്‍ നിന്നുമാണ് ഇതൊക്കെ എനിക്ക് പഠിക്കാന്‍ സാധിച്ചത്. എന്റെ അമ്മായി അമ്മക്ക് 68 വയസായി. പക്ഷെ അവര്‍ക്ക് ഇന്നത്തെ ജനറേഷന്റെ ചിന്തകള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്നുണ്ട്.

അമ്മ ഭയങ്കര അപ്‌ഡേറ്റഡുമാണ്. ചിലപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ തോന്നാറുണ്ട്, അമ്മക്ക് എങ്ങനെയാണ് ഇതൊക്കെ പറ്റുന്നതെന്ന്. അമ്മയില്‍ നിന്നും പല കാര്യങ്ങളും ഇപ്പോഴും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ അറുപത്തിയെട്ടാമത്തെ വയസില്‍ ഒറ്റക്ക് താമസിക്കുന്ന ഒരു സ്ത്രീ, എന്തൊക്കെ ജഡ്ജ്‌മെന്റലുകളാണ് കേള്‍ക്കുന്നത്.

പക്ഷെ എന്തൊക്കെ കേട്ടാലും അതിനെയൊന്നും അമ്മ കാര്യമാക്കാറില്ല. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അത്. ഒരുപാട് വേദനകളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും. പക്ഷെ ഒറ്റക്ക് ജീവിക്കുക തന്നെ ചെയ്യും. ഇങ്ങനെ ഒറ്റക്ക് ഫൈറ്റ് ചെയ്ത് ജീവിക്കാം എന്നത് അമ്മയുടെ തെരഞ്ഞെടുപ്പായിരുന്നു. പൃഥ്വിരാജിന്റെ അമ്മ, ഇന്ദ്രജിത്തിന്റെ അമ്മ എന്ന പേരിലല്ല അവര്‍ അറിയപ്പെടുന്നത്.

സ്വന്തമായൊരു ഐഡന്റിറ്റി അമ്മക്കുണ്ട്. ആ പ്രായമൊക്കെ ആകുമ്പോള്‍ അമ്മയെ പോലെയൊക്കെ ഇരിക്കാന്‍ എനിക്ക് പറ്റുമോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. എല്ലായ്‌പ്പോഴും അമ്മക്ക് തിരക്കാണ്. സിനിമ ഇറങ്ങി കഴിഞ്ഞിട്ട് പൃഥ്വിയുടെ അടുത്ത് എനിക്ക് ഇതുവരെ സംസാരിക്കാന്‍ പറ്റിയിട്ടില്ല. പൃഥ്വി അയാളുടെ ജോലിയുടെ ഏറ്റവും പീക്കായിട്ടുള്ള സമയത്താണ് നില്‍ക്കുന്നത്.

ഏറ്റവും വലിയ പ്രോജക്ടിന്റെ പിന്നാലെയാണ് ഇപ്പോള്‍ പൃഥ്വി. അവിടെ സിഗ്നലൊന്നും ഇല്ലാത്ത സഥലത്താണ് ഷൂട്ട് നടക്കുന്നത്. അതുകൊണ്ട് തന്നെ ടെക്സ്റ്റ് മെസേജൊക്കെയാണ് ഞങ്ങള്‍ അയക്കുന്നത്. ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായ സമയം തന്നെയാണല്ലോ മോളെ സിനിമ ഇറങ്ങിയത്, ഞാന്‍ എങ്ങനെ കാണും എന്നാണ് അമ്മ എന്നോട് ചോദിച്ചത്. ആ സമയത്ത് അമ്മയുടെ ടെന്‍ഷന്‍ അതായിരുന്നു,’ പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.

content highlight: actress poornima indrajith about her mother in law