'എനിക്ക് പകരം നായികയായി മാറിയ പ്രിയാ വാര്യരെ പിന്നീട് നേരില്‍ കണ്ടിട്ടില്ല'; സംവിധായകന് അന്ന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നതാണ്: നൂറിന്‍
Malayalam Cinema
'എനിക്ക് പകരം നായികയായി മാറിയ പ്രിയാ വാര്യരെ പിന്നീട് നേരില്‍ കണ്ടിട്ടില്ല'; സംവിധായകന് അന്ന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നതാണ്: നൂറിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th January 2021, 3:52 pm

മലയാളസിനിമയിലെ പുതിയ താരോദയമാണ് നൂറിന്‍ ഷെരീഫ്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാകുന്നത്. ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് നൂറിനെ ആയിരുന്നെങ്കിലും പിന്നീട് ഉപനായികയായി നൂറിന്റെ കഥാപാത്രം മാറി.

മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റാവുകയും ആഗോള തലത്തില്‍ തന്നെ ചിത്രത്തിലെ ഉപനായികയായി ആദ്യം നിശ്ചയിച്ചിരുന്ന പ്രിയാ വാര്യര്‍ ശ്രദ്ധേയയാവുകയും ചെയ്തതോടെയാണ് തിരക്കഥയില്‍ അടക്കം മാറ്റം വരുത്തി നായികാ സ്ഥാനത്തേക്ക് പ്രിയാ വാര്യരെ എത്തിക്കുന്നത്.

എന്നാല്‍ നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരം അന്ന് സംവിധായകന് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതാണെന്ന് പറയുകയാണ് കേരളകൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നൂറിന്‍.

‘അഡാര്‍ ലവ് എന്ന സിനിമയിലാണ് ആദ്യം നായികയായി ചാന്‍സ് കിട്ടിയത്. പിന്നീട് പല കാരണങ്ങളാലും അതില്‍ ഉപനായികയാകേണ്ടി വന്നു. നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരം സംവിധായകന് പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നതാണ്. എനിക്കന്ന് പതിനെട്ട് വയസ്സേയുള്ളൂ. ഏറ്റവും കൂടുതല്‍ ദേഷ്യവും വാശിയും നിരാശയുമൊക്കെ തോന്നുന്ന സമയം. എനിക്ക് പകരം അതില്‍ നായികയായി മാറിയ പ്രിയാ വാര്യരെ പിന്നീട് ഞാന്‍ നേരില്‍ കണ്ടിട്ടില്ല. റോഷനെ ഒന്നുരണ്ടു തവണ കണ്ടു. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ വളരെ സെന്‍സിറ്റീവാണ്. ചെറിയ കാര്യങ്ങള്‍ക്ക് വരെ ചിലപ്പോള്‍ പൊട്ടിക്കരഞ്ഞെന്ന് വരും. വലിയ കാര്യങ്ങള്‍ ചിലപ്പോള്‍ അവഗണിച്ചെന്നും വരും. കലാകാരന്മാര്‍ക്ക് കൂടപ്പിറപ്പായ പ്രകൃതമാണ് എനിക്കും, നൂറിന്‍ പറയുന്നു.

ബന്ധുക്കളില്‍ ചിലര്‍ക്ക് ഇപ്പോഴും സിനിമയെന്നാല്‍ എന്തോ വലിയ തെറ്റാണെന്ന വിചാരമാണെന്നും ഏത് മേഖലയിലും നല്ലതും ചീത്തയുമുണ്ടെന്നും എന്നാല്‍ ഏത് വഴി തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണെന്നും നൂറിന്‍ പറയുന്നു.

സിനിമയെ മറ്റൊരു കണ്ണില്‍ മാത്രം കണ്ടിരുന്ന എന്റെ ബന്ധുക്കളില്‍ ചിലര്‍ ഇപ്പോള്‍ നൂറിന്റെ ബന്ധുവാണെന്ന് അഭിമാനത്തോടെ പറയുന്നത് കാണുമ്പോള്‍ തനിക്കും അഭിമാനമുണ്ടെന്നും താരം പറയുന്നു.

‘തെലുങ്കില്‍ ഞാന്‍ ഊലലലാ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതിന്റെ ടീസറിലെ ചിലഹോട്ട് സീനുകള്‍ കണ്ട് പലരും അത് ഞാനാണെന്ന് തെറ്റിദ്ധരിച്ചു. അതില്‍ എന്നെക്കൂടാതെ മറ്റൊരു നായിക കൂടിയുണ്ട്. ഭാഷ ഏതായാലും എനിക്ക് ഞാന്‍ തന്നെ ഒരു ബൗണ്ടറി ലൈന്‍ വെച്ചിട്ടുണ്ട്. അതുവിട്ടുള്ള ഗ്ലാമര്‍ ചെയ്യാന്‍ ഞാനൊരുക്കമല്ല’ നൂറിന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Noorin Shereef About Her First Movie Controversy