മമ്മൂക്കയോട് ആരും ആ ചോദ്യം ചോദിക്കില്ല, എന്നാല്‍ എന്നോട് ചോദിക്കും: നിഖില വിമല്‍
Entertainment
മമ്മൂക്കയോട് ആരും ആ ചോദ്യം ചോദിക്കില്ല, എന്നാല്‍ എന്നോട് ചോദിക്കും: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th September 2022, 5:51 pm

സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന അഭിമുഖങ്ങളില്‍ ഏറ്റവും മടുപ്പ് തോന്നുന്ന ചോദ്യങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് നടി നിഖില വിമല്‍. കൊത്ത് എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.

ചില അഭിനേതാക്കളോടൊപ്പമുള്ള എക്‌സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യം തന്നോട് ആവര്‍ത്തിച്ചു ചോദിക്കാറുണ്ടെന്നാണ് നിഖില വിമല്‍ ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ മമ്മൂക്കയോട് ആരും ഒരിക്കലും ചോദിക്കില്ലെന്നും നിഖില പറയുന്നു.

ആക്ടേഴ്‌സിനോടൊപ്പമുള്ള ഷൂട്ടിങ് എക്‌സ്പീരിയന്‍സിനെ കുറിച്ച് ആവര്‍ത്തിച്ചു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ഇന്റര്‍വ്യൂകളില്‍ ഏറ്റവും ഇറിറ്റേഷന്‍ തോന്നുന്ന കാര്യമെന്താണെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ചില ചോദ്യങ്ങളെ കുറിച്ച് നിഖില സംസാരിച്ചത്.

‘എപ്പോഴും എല്ലാവരും ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ക്ക് തന്നെ എല്ലാ അഭിമുഖങ്ങളിലും മറുപടി പറയേണ്ടി വരുമ്പോള്‍ അത് മടുപ്പുണ്ടാക്കാറുണ്ട്. ചില ആര്‍ട്ടിസ്റ്റുകളോടൊപ്പം വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സാണ് അത്തരത്തിലുള്ള ഒരു ചോദ്യം.

കംഫര്‍ട്ടബിളായത് കൊണ്ടായിരിക്കും എല്ലാവരും വര്‍ക്ക് ചെയ്തിട്ടുണ്ടായിരിക്കുക. ഇനി ആര്‍ക്കെങ്കിലും ഏതെങ്കിലും ആര്‍ട്ടിസ്റ്റിനൊപ്പം കംഫര്‍ട്ടബിളല്ലായിരുന്നെങ്കിലും അത് ആരും പരസ്യമായി പറയില്ല. അപ്പോള്‍ പിന്നെ അത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല.

ആസിക്കയ്ക്കും റോഷനുമൊപ്പം വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സിനെ കുറിച്ച് നിങ്ങള്‍ എന്നോട് ചോദിക്കും. എന്നാല്‍ നിഖിലയോടൊപ്പം വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സിനെ കുറിച്ച് ആസിക്കയോട് ചോദിക്കണമെന്നില്ല.

ഞാനും മമ്മൂക്കയും പടം ചെയ്തപ്പോള്‍ ആരും മമ്മൂക്കയോട് പോയി ചോദിച്ചില്ല, നിഖില വിമലിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള എക്‌സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നുവെന്ന്.

കോ-ആര്‍ട്ടിസ്റ്റുകളായി കണ്ട് പരസ്പര ബഹുമാനത്തോടെയാണ് എല്ലാവരും വര്‍ക്ക് ചെയ്യുന്നത്. ഇത്തരം ചോദ്യങ്ങളോട് ആരെങ്കിലും മോശം എക്‌സ്പീരിയന്‍സായിരുന്നു എന്നൊരു മറുപടി പറഞ്ഞ് ഞാന്‍ എവിടെയും കണ്ടിട്ടില്ല.

ദിവസത്തില്‍ 15 ഇന്റര്‍വ്യൂ കൊടുക്കുന്ന സമയത്ത് രാവിലെ മുതല്‍ രാത്രി വരെ ഒരേ ചോദ്യത്തിന് തന്നെ ഉത്തരം കൊടുക്കേണ്ടി വരുമ്പോള്‍ വല്ലാത്ത മടുപ്പുണ്ടാക്കും. എന്നു കരുതി കൊത്ത് സിനിമയുമായി ബന്ധപ്പെട്ട് ആര്‍ട്ടിസ്റ്റുകളോടൊപ്പമുള്ള എക്‌സ്പീരിയന്‍സ് ചോദിച്ചാല്‍ ഞാന്‍ പറയും. അത് എന്റെ ഉത്തരവാദിത്തവും കടമയുമാണ്,’ നിഖില പറഞ്ഞു.

സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Content Highlight: Actress Nikhila Vimal about cliche questions in interviews