അന്ന് എനിക്ക് ഡേറ്റ് തന്നില്ല, നിങ്ങള്‍ക്ക് അജിത്തിനെ അല്ലേ ഇഷ്ടമെന്ന് വിജയ് ചോദിച്ചു: മീന
Film News
അന്ന് എനിക്ക് ഡേറ്റ് തന്നില്ല, നിങ്ങള്‍ക്ക് അജിത്തിനെ അല്ലേ ഇഷ്ടമെന്ന് വിജയ് ചോദിച്ചു: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th February 2023, 11:51 pm

ഒരു പാട്ടില്‍ മാത്രമാണ് ഒന്നിച്ച് അഭിനയിച്ചതെങ്കിലും വിജയ്- മീന ജോഡി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. സൂപ്പര്‍ ഹിറ്റ് വിജയ് ചിത്രം ഷാജഹാനിലെ സരക്ക് വെച്ചിരിക്കേന്‍ എന്ന പാട്ടില്‍ മാത്രമാണ് ഇരുവരും ഒന്നിച്ചിട്ടുള്ളത്.

പിന്നീട് തെരി എന്ന ചിത്രത്തില്‍ മീനയുടെ മകള്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു. തെരിയുടെ സെറ്റില്‍ വെച്ച് വിജയ് തന്നെ കളിയാക്കിയിരുന്നതിനെ പറ്റി പറയുകയാണ് മീന. പണ്ട് തനിക്ക് മനപ്പൂര്‍വം ഡേറ്റ് തരാതിരുന്നതല്ലേയെന്നും അജിത്തിനെയല്ലായിരുന്നോ ഇഷ്ടമെന്നും ചോദിച്ചു വിജയ് കളിയാക്കുമായിരുന്നുവെന്ന് മീന പറഞ്ഞു. വികടന്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ്‌ക്കൊപ്പമുള്ള അനുഭവങ്ങള്‍ മീന പങ്കുവെച്ചത്.

‘തെരി ചെയ്യുന്ന സമയത്ത് എന്നെ വിജയ് ഒരുപാട് കളിയാക്കുമായിരുന്നു. അന്ന് ഞാന്‍ അപ്കമിങ് ഹീറോ ആയതുകൊണ്ടല്ലേ എനിക്ക് ഡേറ്റ് തരാതിരുന്നത്, നിങ്ങള്‍ക്ക് അജിത്തിനെയല്ലേ ഇഷ്ടമെന്നൊക്കെ ചോദിക്കും. (ചിരിക്കുന്നു).

സത്യമായിട്ടും എനിക്ക് ഡേറ്റില്ലായിരുന്നു വിജയ് എന്ന് ഞാന്‍ പറയും. ഒരു ദിവസം നാല് സിനിമയുടെ വരെ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. എന്താണ് നടക്കുന്നതെന്ന ബോധം പോലുമില്ലാതെ ഓടിനടന്ന് അഭിനയിക്കുകയായിരുന്നു.

ഭയങ്കര തിരക്കായിരുന്നു. എയര്‍പോര്‍ട്ടിലിറങ്ങി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകും. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വന്ന് എയര്‍പോര്‍ട്ടിലേക്ക് പോകും. അവിടെ നിന്നും അടുത്ത ഫ്‌ളൈറ്റ് കേറി പോകും. അങ്ങനെയുള്ള സമയമായിരുന്നു അത്. ഒന്നും എന്റെ കയ്യിലല്ലായിരുന്നു. ശരിക്കും ഡേറ്റില്ലായിരുന്നുവെന്ന് വിജയ്‌യോട് പറഞ്ഞു,’ മീന പറഞ്ഞു.

Content Highlight: actress meena about vijay