എന്തുകൊണ്ട് പുതിയ ആളുകള്‍ക്കൊപ്പം സിനിമകള്‍ ചെയ്യുന്നു; മനസുതുറന്ന് മഞ്ജു
Malayalam Cinema
എന്തുകൊണ്ട് പുതിയ ആളുകള്‍ക്കൊപ്പം സിനിമകള്‍ ചെയ്യുന്നു; മനസുതുറന്ന് മഞ്ജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th April 2021, 2:48 pm

പുതിയ സംവിധായകരിലും തിരക്കഥാകൃത്തുക്കളിലും ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന താരമാണ് നടി മഞ്ജു വാര്യര്‍. സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവില്‍ പുതുമുഖ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരങ്ങളൊന്നും താരം നഷ്ടപ്പെടുത്താറില്ല. ഏറ്റവും ഒടുവില്‍ റിലീസിനൊരുങ്ങുന്ന ചതുര്‍മുഖത്തിലും പുത്തന്‍തലമുറയ്‌ക്കൊപ്പമാണ് മഞ്ജു എത്തുന്നത്.

അത്തരത്തില്‍ പുതിയ ആളുകളോടൊപ്പം കൂടുതലായി വര്‍ക്ക് ചെയ്യുന്നതിന്റെ കാരണം എന്താണെന്ന ചോദ്യത്തോട് മനസുതുറക്കുകയാണ് മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ താരം.

അതൊന്നും അങ്ങനെ ബോധപൂര്‍വ്വമായ തീരുമാനം ഒന്നുമല്ലെന്നും അറിയാതെ വന്നു ഭവിക്കുന്നതാണെന്നുമാണ് മഞ്ജു പറയുന്നത്. എന്നാല്‍ അതില്‍ തനിക്ക് സന്തോഷം ഉണ്ടെന്നും താരം പറയുന്നു.

‘കഴിഞ്ഞ കുറച്ചു സിനിമകള്‍ എടുത്താലും ഇനി വരാന്‍ പോകുന്ന സിനിമകള്‍ എടുത്താലും മിക്കതിലും പുതിയ ആള്‍ക്കാരാണ്. പുതിയ സംഘങ്ങളും പുതിയ ആശയങ്ങളുമാണ്. അത് നമുക്ക് ഒരുപാട് ഫ്രഷ്‌നെസ് തരുന്നുണ്ട്.

അത് മാത്രമല്ല, പുതുതായി സിനിമയെ കുറിച്ച് ചിന്തിക്കുന്ന ആള്‍ക്കാര്‍ എന്നെ വെച്ച് സിനിമകള്‍ ആലോചിക്കുന്നു എന്നത് എനിക്കും ഒരു പോസിറ്റീവ് സ്‌ട്രെങ്ത്ത് തരുമല്ലോ. ഈ തലമുറയുടെ ഭാഗമായും പോയ തലമുറയുടെ ഭാഗമായും നില്‍ക്കാന്‍ കഴിഞ്ഞുവെന്ന് അറിയുമ്പോള്‍ സന്തോഷമുണ്ട്, എന്നാണ് മഞ്ജു പറയുന്നത്.

ഹൊറര്‍ സിനിമയില്‍ വേഷമിടാന്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തനിക്കൊരു പുതുമ തോന്നിയിരുന്നെന്നുംഹൊറര്‍ സിനിമയില്‍ അഭിനയിക്കണമെന്നുള്ള ആഗ്രഹമൊന്നും മനസ്സില്‍കൊണ്ടുനടന്നിട്ടില്ലെന്നുമാണ് മഞ്ജു പറഞ്ഞത്.

ഒരു ഹൊറര്‍ സിനിമ ചെയ്യാനുള്ള സാഹചര്യവും സമയവുമൊക്കെ ഒത്തുവന്നപ്പോള്‍ സന്തോഷമായെന്നും താരം പറയുന്നു.

ഈയടുത്ത കാലത്തായി ഒരുപാട് നല്ല ത്രില്ലറുകള്‍ മലയാളത്തില്‍ വന്നിട്ടുണ്ടല്ലോ. ഞാന്‍ അതൊക്കെ കണ്ട് ആസ്വദിക്കുകയാണ് ചെയ്തിട്ടുള്ളത്. അപ്പോഴൊന്നും ആ സിനിമയുടെ ഭാഗമായിരുന്നുവെങ്കില്‍ എന്നൊന്നും ചിന്തിച്ചിട്ടില്ല.

ആ സിനിമകള്‍ ഞാന്‍ ആസ്വദിച്ചുവെന്ന് മാത്രം. അഞ്ചാം പാതിരയെല്ലാം ആ രീതിയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. സീയു സൂണ്‍ പോലെ വന്ന വേറെയും ചിത്രങ്ങള്‍. ഇതെല്ലാം പലതരത്തിലുള്ള ത്രില്ലറുകളാണ്. ഇത്തരം സിനിമകള്‍ ഇറങ്ങുന്നത് നമ്മുടെ സിനിമാമേഖലയ്ക്കും ഗുണകരമാണ്. കാഴ്ചക്കാര്‍ക്കും വ്യത്യസ്ത അനുഭവമാവും, മഞ്ജു പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Manju Warrier About Her Movies