ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണ് നടി ലിജോ മോള്‍ ജോസ്. ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലും ഒരു ലിജോ ടച്ച് കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്.
ജീവിതാനുവങ്ങള്‍ എങ്ങനെയാണ് ഒരു കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ നിര്‍ണായകമാകുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ലിജോ മോള്‍ ജോസ്.
ബാല്യകാലത്ത് നേരിട്ട ഒറ്റപ്പെടലുകളെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമൊക്കെ അയാം വിത്ത് ധന്യാ വര്‍മ പരിപാടിയില്‍ ലിജോ മോള്‍ സംസാരിക്കുന്നുണ്ട്.
അമ്മയുടെ രണ്ടാം വിവാഹത്തെ മനസുകൊണ്ട് അംഗീകരിക്കാന്‍ കഴിയാതിരുന്ന ബാല്യത്തെ കുറിച്ചും മുതിര്‍ന്നപ്പോള്‍ അതായിരുന്നില്ല ശരിയെന്ന് താന്‍ തിരിച്ചറിഞ്ഞതിനെ കുറിച്ചുമൊക്കെയാണ് ലിജോ പറയുന്നത്.
‘ എനിക്ക് ഒന്നര വയസുള്ളപ്പോള്‍ എന്റെ അച്ഛന്‍ മരിച്ചുപോയതാണ്. അപ്പോള്‍ എന്റെ അനുജത്തിയെ അമ്മ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. എന്റെ ലൈഫില്‍ അച്ഛന്‍ എന്നൊരാള്‍ ഉണ്ടായിട്ടില്ല.
അച്ഛന്‍ എന്നാല്‍ എന്താണെന്ന് അറിയില്ല. എന്റെ ഒരു പത്ത് വയസുവരെ അങ്ങനെയാണ് പോയിട്ടുള്ളത്. എന്റെ പത്താമത്തെ വയസുമുതലാണ് ഇപ്പോള്‍ ഞാന്‍ ഇച്ചാച്ചന്‍ എന്ന് വിളിക്കുന്ന, രണ്ടാനച്ഛന്‍ എന്ന് എനിക്ക് പറയാന്‍ താത്പര്യമില്ല. ഇച്ചാച്ചന്‍ എന്ന് പറയാനാണ് താത്പര്യം.
ഇച്ചാച്ചന്‍ ഞങ്ങളുടെ ലൈഫിലേക്ക് വരുന്നത്.
എനിക്ക് പത്ത് വയസും എന്റെ അനുജത്തിക്ക് എട്ട് വയസുമായിരുന്നു. എനിക്ക് ആ സമയത്ത് അത് അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം എന്റെ ലൈഫിലെ ആദ്യത്തെ പത്ത് വര്‍ഷത്തില്‍ അച്ഛന്‍ എന്ന് പറയുന്ന കാര്യം ഉണ്ടായിട്ടില്ല.
പെട്ടെന്ന് ഒരു ദിവസം ഒരാള്‍ ലൈഫിലേക്ക് കയറി വരുന്നു. അവര്‍ ഇനി നമ്മുടെ കൂടെ ഉണ്ടാകും. ഇയാളെ നമ്മള്‍ ഇനി ഇച്ചാച്ചന്‍ എന്ന് വിളിക്കണം എന്നൊക്കെ അമ്മ പറയുമ്പോള്‍ അത് ആക്‌സെപ്ട് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു.
എന്റെ പ്രായം അത്രയേ ഉള്ളൂ. അതിന് മുന്‍പും ഞാനും അമ്മയുമായി ഡിസ്റ്റന്‍സ് ഉണ്ട്. ഞാന്‍ എന്റെ വല്യമ്മച്ചിയുടെ കൂടെയാണ് കിടന്നുറങ്ങുന്നത്. സ്‌കൂള്‍ വിട്ടുവന്നാല്‍ പഠിപ്പിക്കുകയൊക്കെ ചെയ്യുന്നത് അമ്മയാണ്. പക്ഷേ ഉറങ്ങുന്നത് മാത്രം വല്യമ്മച്ചിയുടെ കൂടെയും അനുജത്തി അമ്മയുടെ കൂടെയുമായിരുന്നു.
അന്നൊന്നും എനിക്ക് അത് അത്ര ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഇച്ചാച്ചന്‍ ഞങ്ങളുടെ ലൈഫിലേക്ക് വന്ന സമയത്താണ് ഞങ്ങള്‍ എന്റെ അച്ഛന്റെ വീട്ടില്‍ നിന്ന് പോരുന്നത്. അതും എനിക്ക് ബുദ്ധിമുട്ടായിരുന്നു.
അത്രയും കാലം ഞാന്‍ ഉറങ്ങിക്കൊണ്ടിരുന്നത് എന്റെ വല്യമ്മച്ചിയുടെ കൂടെയാണ്. ഇനി വല്യമ്മച്ചിയില്ല. ഞാന്‍, അമ്മ, അനിയത്തി, പുതിയതായി വന്ന ആള്‍. അമ്മ ട്രാന്‍സ്ഫറായി പുതിയ ഒരു സ്ഥലത്തേക്ക് മാറിയതാണ്.
മൊത്തത്തില്‍ ഞാന്‍ അത്രയും കാലം ജീവിച്ച സാഹചര്യത്തില്‍ നിന്ന് മാറുകയാണ്. ബന്ധുക്കളുടെ ഇടയില്‍ നിന്ന് മാറുകയാണ്. അമ്മ രണ്ടാമത് വിവാഹം കഴിച്ചതുകൊണ്ട് അച്ഛന്റെ ഫാമിലിയില്‍ പലര്‍ക്കും പ്രശ്‌നങ്ങളുണ്ടായിരുന്നു.
പലരും ഞങ്ങളോട് മിണ്ടില്ല. വെക്കേഷന്‍ സമയത്ത് ഞങ്ങള്‍ക്ക് പോകാന്‍ വീടില്ല. കസിന്‍സിനോ ബന്ധുക്കള്‍ക്കോ ഞങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ല. ഞങ്ങള്‍ വീട്ടില്‍ തന്നെ ആയിരിക്കും. വേറെ എവിടേയും പോകാനില്ല. വരാനില്ല. അതൊക്കെ ബുദ്ധിമുട്ടായിരുന്നു.
അത്രയും കാലം ക്ലോസ് ആയി ഇരുന്ന, എന്റെ ചേട്ടായിമാരും ചേച്ചിമാരും ആയിരുന്നവര്‍ മിണ്ടുന്നില്ല. അങ്ങനെ കുറേ കാര്യങ്ങള്‍ കൊണ്ട് എനിക്ക് ബുദ്ധിമുട്ടായിരുന്നു. ലൈഫില്‍ നടന്ന ഒരു ഷിഫ്റ്റ് ആക്‌സെപ്ക്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥ.
പിന്നെ ഒരു ടീനേജ് സമയം കൂടിയാണ്. എന്റെ അടുത്ത പ്രശ്‌നം എനിക്ക് അമ്മയോട് കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ബുദ്ധിമുട്ടായി തുടങ്ങി എന്നതായിരുന്നു. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഇച്ചാച്ചന്‍ അറിയുമെന്ന ബുദ്ധിമുട്ട്.
അതും എനിക്ക് അംഗീകരിക്കാന്‍ പ്രയാസമായിരുന്നു. ഇമോഷണലി എനിക്ക് വേണ്ടുന്ന സപ്പോര്‍ട്ട് കിട്ടാത്ത പോലെ. അമ്മ തിരക്കിലായിരുന്നു. വര്‍ക്ക് ചെയ്യുന്ന ആളാണ്. അമ്മയ്ക്ക് അമ്മയുടേതായിട്ടുള്ള ഡിഫിക്കല്‍ട്ടീസ് ഉണ്ടായിരുന്നു.
അതുകൊണ്ട് അമ്മ കുറേ കാര്യങ്ങള്‍ എക്‌സ്പ്രസ് ചെയ്തിട്ടുണ്ടാവില്ല. അമ്മ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാകും. പക്ഷേ അത് ഞാന്‍ ആഗ്രഹിച്ചരീതിയില്‍ ആയിരുന്നില്ല എന്നേയുള്ളൂ.
അല്ലാതെ അമ്മ ഒരിക്കലും തിരിഞ്ഞുനോക്കിയിട്ടില്ല എന്നൊന്നും അല്ല. അമ്മ നല്ല അമ്മ ആണ്. അമ്മ സ്‌നേഹം അങ്ങനെ ഭയങ്കരമായി പ്രകടിപ്പിക്കുന്ന ആളല്ല. ഞാന്‍ പക്ഷേ, എനിക്ക് അത് എക്‌സ്പ്രസ് ചെയ്ത് എന്നെ ഇഷ്ടമാണ് എന്നത് കാണിച്ചാലേ മനസിലാകൂ എന്നൊരു കാര്യം വന്നു.
ഇച്ചാച്ചന്‍ കൂടി ലൈഫിലേക്ക് വന്നതുകൊണ്ടായിരിക്കും. അങ്ങനത്തെ കുറേ ഇഷ്യൂസൊക്കെ ഞങ്ങളുടെ ഇടയില്‍ പറയാതെ ഉണ്ടായിട്ടുണ്ട്. അല്ലാതെ ഞങ്ങള്‍ ഇത് ഇരുന്ന് സംസാരിച്ചിട്ടില്ല. ഇപ്പോഴും സംസാരിച്ചിട്ടില്ല.
അടുത്തിടെ ഒരു സിനിമ ചെയ്ത സമയത്താണ് ഓപ്പണ്‍ ടോക്കിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് മനസിലാകുന്നത്. പിന്നീട് ഡിഗ്രിയൊക്കെ ആയപ്പോഴേക്കും അമ്മ എന്തുകൊണ്ട് രണ്ടാമതും കല്യാണം കഴിച്ചു, അമ്മയ്ക്ക് എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് എന്നൊക്കെ ഞാന്‍ തിരിച്ചറിയുന്നത്.
ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളേയും കൊണ്ട് പുതിയൊരു സ്ഥലത്ത് താമസിക്കാന്‍ വരിക എന്നതൊക്കെ എത്ര ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നൊക്കെ മുതിര്‍ന്നപ്പോഴാണ് മനസിലായത്.
ആ സമയത്ത് എനിക്കത് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് എനിക്ക് അമ്മയോട് ഒരു ദേഷ്യം, അല്ലെങ്കില്‍ അകല്‍ച്ചയൊക്കെ ഉണ്ടായിരുന്നു. ഇച്ചാച്ചനും അമ്മയും അവര്‍ക്ക് വേറെ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചിരുന്നു.
ഞാന്‍ കുറച്ചുകൂടി അറ്റാച്ച്ഡ് ആയിട്ടുള്ളത് അനിയത്തിയുടെ അടുത്തായിരുന്നു. അനിയത്തിക്ക് അങ്ങനെ ഫീല്‍ ചെയ്യരുത് എന്ന് എനിക്കുണ്ടായിരുന്നു. ഞാന്‍ കുറച്ച് പ്രൊട്ടക്ടീവ് സിസ്റ്ററായിരുന്നു. ഇപ്പോഴും അതെ. ഇപ്പോള്‍ അവര്‍ കല്യാണമൊക്കെ കഴിച്ച് വേറെ ഒരു ഫാമിലിയായി.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അമ്മ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനം എടുത്തുവെന്നും ഇച്ചാച്ചന്‍ എത്ര സപ്പോര്‍ട്ടീവായിട്ടാണ് ഈ മൊമെന്റ് വരെ ഞങ്ങളുടെ കൂടെ നില്‍ക്കുന്നത് എന്നെക്കെ എനിക്കറിയാം.
ഇപ്പോള്‍ ഞാന്‍ ഗ്രേറ്റ് ഫുളാണ്. താങ്ക്ഫുളാണ്. ഞാന്‍ പറഞ്ഞത് ആ ഒരു കാലത്ത്, ആ സമയത്ത് എനിക്കത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാതിരുന്നതിനെ കുറിച്ചാണ്,’ ലിജോ മോള്‍ പറയുന്നു.
Content Highlight: Actress Lijomol jose about her family and her struggles