ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അം​ഗമായി നാമനിർദ്ദേശം ചെയ്ത് കെ. അണ്ണാമലൈ
national news
ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അം​ഗമായി നാമനിർദ്ദേശം ചെയ്ത് കെ. അണ്ണാമലൈ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th February 2023, 4:50 pm

ചെന്നൈ: നടിയും ബി.ജെ.പി എക്സിക്യൂട്ടീവ് അം​ഗവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അം​ഗമായി നാമനിർദ്ദേശം ചെയ്ത് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. ചുമതലയേറ്റ ദിവസം മുതൽ മൂന്ന് വർഷത്തേക്കോ, അല്ലെങ്കിൽ 65 വയസ് വരെയോ ആയിരിക്കും അം​ഗത്വമുണ്ടാകുക.

സ്ഥിരമായി സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ ഖുശ്ബുവിന് ദേശീയ വനിതാ കമ്മീഷനിലെ അം​ഗത്വം അവരുടെ പ്രവർത്തനത്തിനുള്ള അം​ഗീകാരമാണെന്നും കെ.അണ്ണാമലൈ കൂട്ടിച്ചേർത്തു.

തുറന്ന അഭിപ്രായങ്ങൾ പറയുന്നതിലൂടെ പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയാണ് ഖുശ്ബു.

ബി.ജെ.പിയിലേക്ക് മാറിയ ഖുശ്ബു 2021 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഡി.എം.കെയുടെ എൻ. എഴിലനോട് പരാജയപ്പെട്ടു.

2014ലാണ് ഡി.എം.കെ വിട്ട് ഖുശ്ബു കോൺ​ഗ്രസിലെത്തുന്നത്. എന്നാൽ പാർട്ടിക്കുള്ളിലെ തന്നെ പ്രശ്നങ്ങൾ തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് കോട്ടം വരുത്തുമെന്ന് ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് വിടുകയായിരുന്നു. പിന്നീടാണ് ബി.ജെ.പിയിലേക്കെത്തുന്നത്.

 

Content Highlight: Actress Khushboo nominated as member of national women’s commission