നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി
actress attack case
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th August 2021, 9:00 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി. സാക്ഷി വിസ്താരത്തിനായാണ് കാവ്യ ഹാജരായത്.

കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരായത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.

കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

അടുത്ത മാസത്തോടെ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിക്കും. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുന്നത്.

ഇനിയും ആറു മാസം സമയം വേണമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്.

കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും അപേക്ഷയില്‍ പറയുന്നു.

വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ 84 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു. കേസില്‍ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവെച്ച് ആക്രമിച്ചത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Kavya Madhavan Actress Attack Case