സിനിമയില്‍ അഭിനയിക്കുന്നത് പണത്തിന് വേണ്ടി മാത്രമാണ്; തേടിയെത്തുന്ന പല കഥാപാത്രങ്ങളും ഇഷ്ടപ്പെടാറില്ല; കനി കുസൃതി
Entertainment
സിനിമയില്‍ അഭിനയിക്കുന്നത് പണത്തിന് വേണ്ടി മാത്രമാണ്; തേടിയെത്തുന്ന പല കഥാപാത്രങ്ങളും ഇഷ്ടപ്പെടാറില്ല; കനി കുസൃതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th June 2021, 1:54 pm

സിനിമയോടും നാടകത്തോടും അഭിനയത്തോടുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടി കനി കുസൃതി. സിനിമയില്‍ അഭിനയിക്കണമെന്ന് തനിക്ക് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ലെന്നും പടങ്ങള്‍ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നും കനി കുസൃതി പറഞ്ഞു.

റെഡിഫ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കനി. കരിയറിന്റെ തുടക്കത്തില്‍ കഷ്ടപ്പെടേണ്ടി വന്നിരുന്നോയെന്ന ചോദ്യത്തിനാണ് കനി മറുപടി നല്‍കിയത്.

‘സിനിമയില്‍ അഭിനയിക്കണമെന്ന് എനിക്ക് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല. എനിക്ക് അഭിനയിക്കാനുള്ള പാഷനുമില്ല. ഞാന്‍ നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതുകൊണ്ടാണ്.

നാടകത്തിന് വേണ്ടി പ്രൊഡക്ഷന്‍ വര്‍ക്ക് അടക്കം ചെയ്തിട്ടുണ്ട്. ഫിസിക്കല്‍ ആക്ടിംഗ് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് പാരിസില്‍ പഠിക്കാന്‍ പോയത്.

2000 – 2010 സമയത്തു വന്നിരുന്ന മലയാള സിനിമകള്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് സിനിമയില്‍ നിന്നും വന്ന നിരവധി ഓഫറുകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഒരു പ്രേക്ഷക എന്ന നിലയില്‍ ഞാന്‍ ആ പടങ്ങള്‍ തിയേറ്ററില്‍ പോയി കാണില്ലായിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ പണത്തിന് വേണ്ടി മാത്രമായിരുന്നു ഞാന്‍ സിനിമകള്‍ ചെയ്തത്. കാര്യമായൊന്നും ആലോചിക്കാതെ അവസരം വന്നതിലെല്ലാം അഭിനയിച്ചു. പിന്നെ ഒരു തെരഞ്ഞെടുപ്പൊക്കെ നടത്താന്‍ മാത്രമുള്ള അവസരങ്ങളുമില്ലായിരുന്നു.

എനിക്ക് അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയാല്‍ നാടകമായിരിക്കും ചെയ്യുക. അഭിനയത്തെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷമേ ആയിട്ടുള്ളു.

ഇപ്പോള്‍ വരുന്ന പല സിനിമകളും അത് കൈകാര്യം ചെയ്യുന്ന വിഷയവുമെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ട്. പിന്നെ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്.

പക്ഷെ, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്,’ കനി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Kani Kusruti about acting in films