ഇത്ര മോശമായി കഥ നരേറ്റ് ചെയ്തിട്ടും അച്ഛന് എങ്ങനെയാണ് ആളുകള്‍ ഡേറ്റ് തരുന്നതെന്ന് ചോദിച്ചിട്ടുണ്ട്: കല്യാണി പ്രിയദര്‍ശന്‍
Movie Day
ഇത്ര മോശമായി കഥ നരേറ്റ് ചെയ്തിട്ടും അച്ഛന് എങ്ങനെയാണ് ആളുകള്‍ ഡേറ്റ് തരുന്നതെന്ന് ചോദിച്ചിട്ടുണ്ട്: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th August 2022, 4:48 pm

തന്റെ ഏറ്റവും വലിയ ക്രിട്ടിക്ക് അച്ഛനാണെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. എന്നാല്‍ ഇപ്പോള്‍ പതുക്കെ പതുക്കെ അച്ഛന്‍ തന്റെ ഫാനായി വരുന്നുണ്ടെന്നും കല്യാണി പറഞ്ഞു. എഫ്.ടി.ക്യു പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല്യാണി.

സ്വന്തം സിനിമകള്‍ കാണുമ്പോള്‍ വല്ലാത്ത ഒരു ഫീലാണെന്നും ആളുകള്‍ എന്‍ജോയ് ചെയ്യുന്ന സീന്‍ ആണെങ്കില്‍ പോലും അത് ഒന്നുകൂടി നന്നാക്കാമായിരുന്നെന്ന് തനിക്ക് തോന്നാറുണ്ടെന്നും കല്യാണി പറയുന്നു. ഇതിനൊപ്പം കഥ നരേറ്റ് ചെയ്തു കൊടുക്കുന്ന പ്രിയദര്‍ശന്റെ രീതിയെ കുറിച്ചും കല്യാണി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

ഒരു സിനിമ സെലക്ട് ചെയ്യുന്നത് എങ്ങനെയാണെന്നും കല്യാണി അഭിമുഖത്തില്‍ പറഞ്ഞു. ‘നരേഷന്‍ കേള്‍ക്കാന്‍ ഒരു ദിവസം എടുക്കും. ആ ദിവസം മുതല്‍ ആ സിനിമ എന്റെ മനസിലുണ്ടാകും. ചില സീനുകളെങ്കിലും എന്റെ മനസില്‍ കയറി വന്ന് സന്തോഷിപ്പിക്കുന്നതാണെങ്കില്‍ അത് വര്‍ക്കാവുമെന്ന് തോന്നാറുണ്ട്. പിന്നെ ഞാന്‍ സ്‌ക്രിപ്റ്റ് വായിക്കാറുണ്ട്. നരേഷനും കേള്‍ക്കാറുണ്ട്.

ചില ആളുകള്‍ ഗംഭീരമായി നരേറ്റ് ചെയ്തുതരും. അക്കാര്യത്തില്‍ അച്ഛന്‍ പിറകിലാണ്. അങ്ങനെ, ഇങ്ങനെ എന്നൊക്കെ പറഞ്ഞ് കണ്‍ഫ്യൂസ്ഡ് ആകുമ്പോള്‍ അച്ഛാ എങ്ങനെയാണ് അച്ഛന് ആളുകള്‍ ഡേറ്റ് തരുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അച്ഛന്റെ തലയില്‍ എല്ലാ ഐഡിയയും ഉണ്ടാകും. അച്ഛന്റെ വിചാരം അച്ഛന്‍ പറഞ്ഞുകൊടുക്കുന്നത് കൃത്യമായി ആളുകള്‍ക്ക് മനസിലാകുന്നുണ്ട് എന്നാണ്. പക്ഷേ അങ്ങനെയല്ല.

അച്ഛന്‍ ഉദ്ദേശിക്കുന്നത് പറഞ്ഞുഫലിപ്പിക്കാന്‍ പലപ്പോഴും അച്ഛന് പറ്റാറില്ല. അപ്പോള്‍ അച്ഛന്‍ പിന്‍വാങ്ങും പിന്നേയും വരും. ഞാന്‍ പറയും ദൈവമേ അച്ഛനൊപ്പം നല്ല കുറേ സിനിമകള്‍ ചെയ്യാന്‍ പലരും എങ്ങനെയാണ് സമ്മതിച്ചതെന്ന്. അച്ഛന്‍ പറയുന്നത് മനസിലാക്കിയെടുക്കാന്‍ എങ്ങനെ അവര്‍ക്ക് കഴിഞ്ഞെന്ന് ചോദിക്കാറുണ്ട്. ശരിക്കും അച്ഛന്‍ പറയുന്നത് മനസിലാക്കിയെടുക്കാനേ പറ്റില്ല.

മരക്കാറിന്റെ കഥ അച്ഛന്‍ നരേറ്റ് ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കല്യാണിയുടെ മറുപടി.

മരക്കാര്‍ ഷൂട്ട് ചെയ്യുമ്പോള്‍ രസമായിരുന്നു. പാട്ടു രംഗത്തിലെയൊക്കെ എന്റെ കോസ്റ്റിയൂം ഭയങ്കര ഹെവിയാണ്. സ്‌കര്‍ട്ട് പിടിക്കാന്‍ രണ്ട് പേര്‍ വേണം. പിന്നെ മേക്കപ്പും കാര്യങ്ങളുമൊക്കെയായി കുറേപ്പേരുണ്ട്. അപ്പുവാണെങ്കില്‍ ചില്‍ ചെയ്യുന്ന ആളാണ്. അദ്ദേഹം വേണമെങ്കില്‍ അസിസ്റ്റന്റിന് ഫാന്‍ പിടിച്ചുകൊടുക്കും.

അങ്ങനെ ഒരു സോങ് ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ ഡ്രസ് പിടിക്കാനും സെറ്റ് ചെയ്യാനും ടച്ച് അപ്പ് ചെയ്യാനുമൊക്കെ കുറേ ആള്‍ക്കാര്‍ എന്റെ ചുറ്റുമുണ്ട്. ഇത് കുറച്ച് നേരം നോക്കിയ ശേഷം അപ്പു എന്റെ അടുത്ത് വന്നിട്ട് ‘അമ്മു യു മേക്ക് മി ലുക്ക് വെരി ബാഡ്’ എന്ന് പറഞ്ഞു ഇത്രയും ആള്‍ക്കാരെ ഇനി കൊണ്ടുവരരുത് എന്നും പറഞ്ഞു (ചിരി), കല്യാണി പറയുന്നു.

തല്ലുമാലയാണ് കല്യാണിയുടെ ഇനി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ടൊവിനോയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീപാത്തു എന്ന വ്‌ളോഗറായാണ് കല്യാണി ചിത്രത്തില്‍ എത്തുന്നത്.

Content Highlight: Actress Kalyani Priyadarshan about her Father bad story narration