ഞാന്‍ അഭിനയം നിര്‍ത്തിയെന്നാണ് ആ സംവിധായകന്‍ പറഞ്ഞത്, പല കാര്യങ്ങളിലും നോ പറഞ്ഞതുകൊണ്ട് നല്ലൊരു സിനിമയാണ് നഷ്ടമായത്: ഗ്രേസ് ആന്റണി
Film News
ഞാന്‍ അഭിനയം നിര്‍ത്തിയെന്നാണ് ആ സംവിധായകന്‍ പറഞ്ഞത്, പല കാര്യങ്ങളിലും നോ പറഞ്ഞതുകൊണ്ട് നല്ലൊരു സിനിമയാണ് നഷ്ടമായത്: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th January 2023, 11:04 am

പല കാര്യങ്ങളിലും നോ പറഞ്ഞതുകൊണ്ട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് നടി ഗ്രേസ് ആന്റണി. ഒരു സംവിധായകന്‍ താന്‍ അഭിനയം നിര്‍ത്തിയെന്ന് പറഞ്ഞതുകൊണ്ട് നല്ലൊരു സിനിമയില്‍ നല്ലൊരു നടന്റെ പെയറായി അഭിനയിക്കാനുള്ള അവസരമാണ് നഷ്ടമായതെന്ന് ഗ്രേസ് പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് നോ പറയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി ഗ്രേസ് പറഞ്ഞത്.

‘എന്റെ ആദ്യത്തെ സിനിമയില്‍ പല കാരണങ്ങള്‍ കൊണ്ടും എനിക്ക് അത്ര നന്നായി സഹകരിക്കാന്‍ പറ്റിയില്ല. എനിക്ക് വര്‍ക്കാവാത്ത പല കാര്യങ്ങളും ആ സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. അത് കഴിഞ്ഞ് മറ്റൊരു സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് ഒരു കണ്‍ട്രോളര്‍ എന്നോട് വന്ന് ഗ്രേസ് ഇപ്പോള്‍ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ അഭിനയിക്കാതിരുന്നിട്ടില്ല എന്ന് പറഞ്ഞു. ലിറ്ററലി കല്യാണം കഴിഞ്ഞ നടിമാര്‍ അഭിനയിക്കാതിരിക്കുന്ന രീതിയാണുള്ളത്. എന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു.

ഒരു കണ്‍ട്രോളറുടെ പേര് പറഞ്ഞിട്ട്, ഗ്രേസ് അഭിനയം നിര്‍ത്തി എന്ന് അയാള്‍ പറഞ്ഞതായി പറഞ്ഞു. അഭിനയം നിര്‍ത്തിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. അയാളും സംവിധായകനും പറഞ്ഞത് ഗ്രേസ് അഭിനയം നിര്‍ത്തി, അതുകൊണ്ടാണ് ഒരു സിനിമയില്‍ ഗ്രേസിനെ വിളിക്കാതിരുന്നതെന്ന് പറഞ്ഞു. അത് നല്ലൊരു സിനിമ ആയിരുന്നു, നല്ലൊരു നടന്റെ കൂടെ പെയറായി അഭിനയിക്കാനുള്ള ഓഫറായിരുന്നു. ആ സിനിമ ഏതാണെന്ന് ഞാന്‍ പറയുന്നില്ല.

ഇവര്‍ക്കൊക്കെ എന്ത് സന്തോഷമാണ് അതില്‍ നിന്നും കിട്ടുന്നതെന്നാണ് എനിക്ക് മനസിലാവാത്തത്. ഞാന്‍ പല കാര്യങ്ങളിലും നോ പറഞ്ഞത് കൊണ്ട് എന്റെ അവസരങ്ങള്‍ അവിടെ നഷ്ടപ്പെടുകയാണ്. ഇപ്പോള്‍ അങ്ങനെ സംഭവിക്കാറില്ല. അതിന് ശേഷം ഒറ്റക്ക് ഡ്രൈവ് ചെയ്തിട്ടാണ് യെസും നോയും പറയാനുള്ള സിറ്റുവേഷനിലേക്ക് എത്തിയത്.

നോ പറയുന്നത് നല്ല പ്രയാസമുള്ള കാര്യമാണ്. ഞാന്‍ അഭനിയിച്ച ഒരു സിനിമയില്‍ 15 ദിവസത്തെ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു. ആദ്യം സംസാരിക്കുമ്പോള്‍ പേരന്റ്‌സിനാണല്ലോ ഫോണ്‍ കൊടുക്കാറുള്ളത്. അപ്പോള്‍ ആക്ടറിനോട് സംസാരിക്കണമെന്ന് പറയും. പിന്നെ ഇവര്‍ക്ക് പേരന്റുമായി ഒന്നും സംസാരിക്കാന്‍ താല്‍പര്യമില്ല. എല്ലാം നമ്മളോട് തന്നെ സംസാരിക്കണം. ഇത് ആണ്‍കുട്ടികളാണെങ്കില്‍ കുഴപ്പമില്ല. പെണ്‍കുട്ടികളാകുമ്പോഴാണ് ഇങ്ങനെ.

പിന്നെ പറയുന്നത്, കുറെ പെണ്‍കുട്ടികളുണ്ട്, ഒറ്റക്ക് വന്നാല്‍ മതി, പേരന്റ്‌സിനെ കൊണ്ടുവന്നാല്‍ താമസം ബുദ്ധിമുട്ടായിരിക്കുമെന്നാണ്. എനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. എങ്കില്‍ കുഴപ്പമില്ല, പേരന്റസിനെ കൂട്ടിക്കോ, ഒരു റൂം സെറ്റാക്കി തരാമെന്ന് പറഞ്ഞു. ഞാന്‍ പപ്പയുമായി പോയി, ഞങ്ങള്‍ രണ്ട് പേരുമായിരുന്നു ഒരു റൂമില്‍, ഒരു പ്രശ്‌നവുമുണ്ടായില്ല,’ ഗ്രേസ് പറഞ്ഞു.

Content Highlight: Actress Grace Antony says that she has lost opportunities by saying no to many things