'മമ്മൂക്ക പറഞ്ഞിട്ട് ഉച്ചക്ക് ധൃതി പിടിച്ച് ഷൂട്ട് തീര്‍ത്തു, എന്നാല്‍ വൈകുന്നേരം നോക്കുമ്പോള്‍ വണ്ടിയിലിരിപ്പുണ്ട്, അതാണ് രീതി'
Film News
'മമ്മൂക്ക പറഞ്ഞിട്ട് ഉച്ചക്ക് ധൃതി പിടിച്ച് ഷൂട്ട് തീര്‍ത്തു, എന്നാല്‍ വൈകുന്നേരം നോക്കുമ്പോള്‍ വണ്ടിയിലിരിപ്പുണ്ട്, അതാണ് രീതി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th January 2023, 9:31 am

ഡാനി എന്ന ചിത്രത്തിന്റെ അവസാന ദിവസത്തെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ക്യാമറമാന്‍ കെ.ജി. ജയന്‍. അന്ന് ഉച്ചക്ക് മുമ്പ് മമ്മൂട്ടിയുടെ രംഗങ്ങളെല്ലാം തീര്‍ത്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും തങ്ങള്‍ ധൃതി പിടിച്ച് എല്ലാം ചെയ്തുകൊടുത്തിട്ടും അദ്ദേഹം പോയില്ലെന്നും ജയന്‍ പറയുന്നു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡാനിയുടെ പാക്കപ്പ് ദിവസത്തെ പറ്റി ജയന്‍ പറഞ്ഞത്.

‘ഡാനിയുടെ പാക്കപ്പിനന്ന് ഉച്ചയാവുമ്പോള്‍ പോകണമെന്ന് മമ്മൂക്ക പറഞ്ഞു. നാല് മണിയാവുമ്പോള്‍ എറണാകുളത്ത് എത്തണം, ഉച്ചക്ക് മുമ്പ് എന്റെ പരിപാടിയൊക്കെ തീര്‍ത്ത് തരണമെന്ന് പറഞ്ഞു. ഞങ്ങള്‍ ഓടിപിടിച്ച് ഷൂട്ട് തീര്‍ക്കാനുള്ള കാര്യങ്ങള്‍ നോക്കി. വാഗമണ്ണിലെ മൊട്ടക്കുന്നിലുള്ള ചില സീനുകളാണ് എടുക്കുന്നത്. ഡാനി ഒറ്റക്ക് കുന്നിന്‍മുകളിലൂടെ നടക്കുന്നതാണ് എടുക്കുന്നത്. പിന്നെ ഡാനിയുടെ എല്ലാ കാമുകിമാരും ഒരുമിച്ച് കുന്ന് ഇറങ്ങിവരുന്ന സീനുണ്ട്. ഇതെല്ലാം ഒരു അഞ്ച് മണിക്ക് തീര്‍ക്കണമെന്ന പ്ലാനിങ്ങിലാണ് ഞങ്ങളും.

വാഗമണ്ണിലാണെങ്കില്‍ ഉച്ചയാകുമ്പോള്‍ കോടമഞ്ഞിറങ്ങും. അതിനിടക്ക് മമ്മൂക്ക ധൃതി വെക്കുകയാണ് വേഗം പോകണമെന്ന് പറഞ്ഞു. ഇതിനിടെക്കൂടെ ഞങ്ങള്‍ ഷൂട്ട് ചെയ്യുകയാണ്. അങ്ങനെ ഓടിപ്പിടിച്ച് പന്ത്രണ്ട് മണിയായപ്പോള്‍ മമ്മൂക്കയുടെ ഭാഗങ്ങള്‍ തീര്‍ത്ത് ഞങ്ങള്‍ ഫ്രീ ആക്കി വിട്ടു. പിന്നെ നായികമാര്‍ കുന്നിറങ്ങുന്ന ഷോട്ട് എടുക്കുകയാണ്. അവസാനം പൂര്‍ണിമ മോഹന്‍ ക്യാമറയുടെ മുമ്പില്‍ വന്ന് ഉറക്കെ ഉറക്കെ കരയണം. കുറച്ച് പ്ലാനിങ്ങുള്ള സീനാണ്. കുറച്ച് സമയം എടുത്താണ് അത് ഷൂട്ട് ചെയ്തത്.

ഷൂട്ട് കഴിഞ്ഞ് ഞങ്ങള് തിരിച്ച് കേറി വരുമ്പോള്‍ മമ്മൂട്ടി അവിടെ ഇരിപ്പുണ്ട്. കുന്നിന്റെ മുകളില്‍ പുള്ളീടെ ലാന്‍ഡ് റോവറിന്റെ ബോണറ്റില്‍ ഇരുന്ന് ഞങ്ങള്‍ ചെയ്യുന്നത് നോക്കിയിരിക്കുകയാണ്. പോയിട്ടൊന്നുമില്ല.

ഇക്ക പോയില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ എവിടെ പോവാനാടാ എന്ന് പറഞ്ഞു. അതാണ് പുള്ളീടെ രീതി. രസമാണ് അദ്ദേഹത്തിന്റെ രീതികളൊക്കെ. ആളുകളെ ഇറിട്ടേറ്റ് ചെയ്യും ചിലപ്പോള്‍. ചിലര്‍ക്ക് പ്രശ്‌നമായിരിക്കും. എനിക്കത് പ്രശ്‌നമായി തോന്നിയിട്ടില്ല,’ ജയന്‍ പറഞ്ഞു.

Content Highlight: kg jayan talks about mamootty and dany movie pack up