ലോക്ഡൗണ്‍ സമയത്ത് പ്രോജക്ടുകളൊന്നുമില്ലാതെ അനിശ്ചിതത്വമായിരുന്നു; അപ്പോഴാണ് കാസ്റ്റിംഗില്‍ എന്തോ പ്രശ്‌നം പറ്റിയ നിഴല്‍ ടീം എന്നെ വിളിക്കുന്നത്: ദിവ്യപ്രഭ
Entertainment news
ലോക്ഡൗണ്‍ സമയത്ത് പ്രോജക്ടുകളൊന്നുമില്ലാതെ അനിശ്ചിതത്വമായിരുന്നു; അപ്പോഴാണ് കാസ്റ്റിംഗില്‍ എന്തോ പ്രശ്‌നം പറ്റിയ നിഴല്‍ ടീം എന്നെ വിളിക്കുന്നത്: ദിവ്യപ്രഭ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th June 2021, 1:41 pm

അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ എന്ന ചിത്രത്തിലെ സൈക്കോളജിസ്റ്റ് ഡോ. ശാലിനിയായെത്തി ശ്രദ്ധ നേടിയിരിക്കുകയാണു നടി ദിവ്യപ്രഭ. അപ്രതീക്ഷിതമായാണു സിനിമയിലേക്കെത്തിയതെന്നും ഇപ്പോള്‍ ആളുകള്‍ കഥാപാത്രത്തെ അഭിനന്ദിച്ചെത്തുന്നതു കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്നും ദിവ്യപ്രഭ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയിലേക്ക് അവസാനമെത്തിയ ആള്‍ ഞാനാണ്. ഷൂട്ട് തുടങ്ങുന്നതിനു മൂന്ന് ദിവസം മുന്‍പാണ് എനിക്കു കോള്‍ വരുന്നത്. അവര്‍ക്കു കാസ്റ്റിംഗില്‍ അവസാന നിമിഷം എന്തോ പ്രശ്‌നം പറ്റിയപ്പോഴാണ് എന്നെ വിളിക്കുന്നത്.

ലോക്ഡൗണ്‍ സമയമായിരുന്നു അത്. ആകെയൊരു അനിശ്ചിതത്വമാണ്. എനിക്കു മറ്റു പ്രോജക്ടുകളൊന്നുമില്ല. അപ്പോള്‍ വന്ന കഥയാണ്. നിഴലിന്റെ സംവിധായകന്‍ അപ്പുവിനെ അറിയാം, സംസ്ഥാന അവാര്‍ഡ് കിട്ടിയ ആളാണ്.

പിന്നെ ചാക്കോച്ചനും നയന്‍താരയും ഒന്നിക്കുന്ന ചിത്രം. കഥാപാത്രത്തെ കുറിച്ചു കേട്ടപ്പോള്‍ ചെയ്യാത്ത വേഷമാണ്. ചെയ്തുനോക്കാമെന്നു തോന്നി. കുറച്ച് സീരിയസ് കഥാപാത്രമാണ്. ദിവ്യ ചെയ്താല്‍ നന്നാവുമെന്ന് അപ്പു പറഞ്ഞു. അങ്ങനെ നിഴലിലെത്തി, ദിവ്യപ്രഭ പറയുന്നു.

തയ്യാറെടുപ്പുകള്‍ നടത്താനുള്ള സമയമൊന്നുമുണ്ടായിരുന്നില്ല. ആദ്യമായിട്ടാണു ഞാന്‍ ഇത്രയും വേഗത്തില്‍ കഥാപാത്രമാകാനൊരുങ്ങുന്നത്. ഓരോ കഥാപാത്രത്തെ കുറിച്ചു കേള്‍ക്കുമ്പോള്‍ അവര്‍ എങ്ങനെയായിരിക്കുമെന്ന ചില ചിന്തകള്‍ വരുമല്ലോ. അതുമാത്രമായിരുന്നു ഡോ. ശാലിനിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്.

സൈക്കോളിജിസ്റ്റുകള്‍ ആഴത്തില്‍ നിരീക്ഷിക്കുന്നവരാണ്. അവര്‍ ആളുകളെ നോക്കുന്നതും വിലയിരുത്തുന്നതും എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ട്. അതൊക്കെ മനസിലിട്ടാണു ശാലിനിയാകാന്‍ ചെന്നത്. കൂടുതല്‍ പഠിക്കാനോ റെഫര്‍ ചെയ്യാനോ സമയം കിട്ടിയിരുന്നില്ലെന്നും ദിവ്യപ്രഭ പറഞ്ഞു.

ഒരു സൈക്കളോജിക്കല്‍ ത്രില്ലറായി ഒരുക്കിയ നിഴലില്‍ കുഞ്ചാക്കോ ബോബന്‍, നയന്‍താര, മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയിട്ടുള്ള ബോബി ജോണ്‍ എന്ന കഥാപാത്രത്തിനെയാണു ചാക്കോച്ചന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശര്‍മിയായി നയന്‍താരയും മകന്‍ നിധിയായി ഐസിനും എത്തുന്നു. ഏപ്രില്‍ ഒന്‍പതിനു തിയേറ്ററുകളില്‍ എത്തിയ ചിത്രം മെയ് 11ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Divyaprabha about Nizhal movie