ഒട്ടകപക്ഷി ഫ്രൈ റെഡിയാണെന്ന് പറഞ്ഞ് റിസപ്ഷനില്‍ നിന്ന് കോള്‍; എന്ത് ഒട്ടക പക്ഷി ഫ്രൈയോ; ശ്രീലങ്കയില്‍ നിന്ന് കിട്ടിയ പ്രാങ്ക് പങ്കുവെച്ച് ഭാവന
Entertainment news
ഒട്ടകപക്ഷി ഫ്രൈ റെഡിയാണെന്ന് പറഞ്ഞ് റിസപ്ഷനില്‍ നിന്ന് കോള്‍; എന്ത് ഒട്ടക പക്ഷി ഫ്രൈയോ; ശ്രീലങ്കയില്‍ നിന്ന് കിട്ടിയ പ്രാങ്ക് പങ്കുവെച്ച് ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th September 2022, 1:48 pm

കന്നട സിനിമയുടെ ഷൂട്ടിങ്ങിന് ശ്രീലങ്കയില്‍ പോയപ്പോള്‍ കിട്ടിയ പ്രാങ്ക് അനുഭവം ഫ്‌ളവേഴ്‌സ് ഒരുകോടി പരിപാടിയിലൂടെ പങ്കുവെക്കുകയാണ് ഭാവന. ഓസ്ട്രിച്ച് ഫ്രൈ ഓര്‍ഡര്‍ ചെയ്തത് ഇപ്പോള്‍ എടുക്കട്ടെ എന്ന് ചോദിച്ചു കൊണ്ടായിരുന്നു പ്രാങ്ക്. രസകരമായ പ്രാങ്കിന് പിന്നില്‍ കന്നട നടന്‍ സുദീപായിരുന്നുവെന്ന് ഭാവന പറഞ്ഞു.

”കന്നട ആക്ടര്‍ കിച്ച സുദീപും ഞാനും അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടി ശ്രീലങ്കയില്‍ ഷൂട്ടിന് പോയപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സുദീപ് വന്നിരിക്കുന്നത് അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളുടെ കൂടെയാണ്.

ഞാന്‍ ചെക്ക് ഇന്‍ ചെയ്തത് വലിയ ഹോട്ടലിലാണ്. കടലിന് അഭിമുഖമായി നില്‍ക്കുന്ന നല്ല ഹോട്ടലാണ്. അവിടെ ചെന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു കോള്‍ വന്നു. മാം റൂം സര്‍വീസില്‍ നിന്നാണ്, ഓസ്ട്രിച്ച് ഫ്രൈ മാം ഓര്‍ഡര്‍ ചെയ്തത് ഇപ്പോള്‍ എടുക്കട്ടെ എന്ന് ചോദിച്ചു കൊണ്ട്.

ഞാന്‍ ആകെ ഞെട്ടിപ്പോയിരുന്നു. അത്തരം ഓര്‍ഡര്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് ആളുമാറിയതാണ് തെറ്റായ നമ്പറിലേക്കാണ് വിളിച്ചതെന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്തു.

എന്നിട്ട് ഞാന്‍ അമ്മയോട് പറഞ്ഞു ഓസ്ട്രിച്ച് ഫ്രൈ ഒക്കെ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എടുക്കട്ടെ എന്നും പറഞ്ഞാണ് വിളിച്ചതെന്ന്. അത് കഴിഞ്ഞപ്പോഴേക്ക് വീണ്ടും വിളിക്കാന്‍ തുടങ്ങി. ഇതേ പോലെ ഓസ്ട്രിച്ച് ഫ്രൈ ന്റെ പേരും പറഞ്ഞ് തന്നെ.

ആരാണോ ഇതൊക്കെ കഴിക്കുന്നത് അവര്‍ക്കെതിരെ പരാതി കൊടുക്കണമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. പിന്നെ ഷൂട്ടിന്റെ തിരക്കില്‍ അതെല്ലാം മറന്നിരിക്കുകയായിരുന്നു. ഷൂട്ട് എല്ലാം കഴിഞ്ഞ് താഴെ ഹോട്ടലില്‍ ഇരിക്കുമ്പോള്‍ റൂം സര്‍വീസില്‍ നിന്ന് ഒരാള്‍ വന്നിട്ട് എന്നോട് പറഞ്ഞു ഓസ്ട്രിച്ച് ഫ്രൈ എടുക്കട്ടെയെന്ന്.

 

ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് നിങ്ങളോട് കുറേ നേരമായില്ലേ പറയുന്നുവെന്ന് വീണ്ടും പറഞ്ഞു ഞാന്‍. എനിക്ക് ആകെ ദേഷ്യം വന്നു. പെട്ടെന്ന് മേലോട്ട് നോക്കിയപ്പോള്‍ കര്‍ട്ടന്റെ ഉള്ളില്‍ നിന്നും സുദീപും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എന്നെ നോക്കി ചിരിക്കുന്നു.

ഇവരുടെ പ്രാങ്കായിരുന്നു അത്. രാവിലെ തൊട്ട് ഓസ്ട്രിച്ച് ഫ്രൈ എന്നും പറഞ്ഞ് ഓരോരുത്തരെ കൊണ്ട് മാറി മാറി വിളിപ്പിക്കുകയായിരുന്നു. ഞാന്‍ ആണെങ്കില്‍ എന്റെ അസിസ്റ്റന്‍സിന്റെ അടുത്ത് വലിയ കഥയായി പറഞ്ഞോണ്ടിരിക്കുകയാണ്. എനിക്ക് രാവിലെ വന്നത് മുതല്‍ കോള്‍ വരുകയാണ് ഓസ്ട്രിച്ച് ഫ്രൈന്റെ പേരിലെന്നൊക്കെ. വല്ലാത്ത പ്രാങ്കാണ് അവര്‍ എനിക്ക് തന്നത്,” ഭാവന പറഞ്ഞു.

അതേ സമയം നാല് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്ക് ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് ഭാവന. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷറഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഭാവനയ്ക്ക് പുറമേ ഷറഫുദ്ദീന്‍, അനാര്‍ക്കലി നാസര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Actress Bhavana shares a prank she got from Sri Lanka