വര്‍ഷങ്ങള്‍ക്ക് ശേഷം സിംഗപ്പൂരില്‍ അല്ലിയെ കണ്ടെത്തി; 'സീരിയലുകളിലും ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിക്കുന്നുണ്ട്'
Entertainment news
വര്‍ഷങ്ങള്‍ക്ക് ശേഷം സിംഗപ്പൂരില്‍ അല്ലിയെ കണ്ടെത്തി; 'സീരിയലുകളിലും ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിക്കുന്നുണ്ട്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th February 2022, 10:42 am

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ അല്ലിയെ മലയാളികളാരും അത്രപെട്ടെന്ന് ഒന്നും മറക്കില്ല. അല്ലിക്ക് ആഭരണം വാങ്ങിക്കാന്‍ പോകുകയാണെന്ന ശോഭനയുടെ ഡയലോഗ് ഇന്നും ഹിറ്റ് ലിസ്റ്റിലുണ്ട്. കേരളം ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയിട്ടുള്ള ഡയലോഗുകളില്‍ ഒന്നാണിത്.

അന്ന് അല്ലിയായി അഭിനയിച്ച നടി അശ്വിനി നമ്പ്യാരെ പിന്നീട് നമ്മള്‍ എവിടേയും കണ്ടില്ലെന്ന് കൂടി പറയാം. എന്നാല്‍ മലയാള സിനിമയില്‍ പിന്നീട് കാണാതിരുന്ന അശ്വിനിയെ അങ്ങ് സിംഗപൂരില്‍ കണ്ടെത്തിയിരിക്കുകയാണ്. തന്റെ പുതിയ വിശേഷങ്ങളും സിനിമയില്‍ മാറി നിന്നതിനെ കുറിച്ചുമെല്ലാം പറഞ്ഞാണ് താരം രംഗത്തെത്തിയിരിക്കുന്നത്. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് അശ്വിനി വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

താന്‍ ഇപ്പോഴും അഭിനയിക്കുന്നുണ്ടെന്നും അഭിനയം നിര്‍ത്തിയിട്ടില്ലെന്നുമാണ് താരം പറയുന്നത്.

‘താന്‍ ഇപ്പോഴും അഭിനയിക്കുന്നില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ അഭിനയവും നൃത്തവും അന്നും ഇന്നും എന്റെ പാഷനാണ്. മലയാളത്തില്‍ അഭിനയിക്കുന്നില്ല എന്നേ ഉള്ളൂ. സിംഗപ്പൂര്‍ ചാനലുകളിലെ സീരിയലുകളിലും ചില ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമുകളിലും ഒക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്,’ അശ്വിനി പറയുന്നു.

ഇടയ്ക്ക് തമിഴ് ചാനലിലെ ഒരു സീരിയലിലെ അഭിനയിച്ചിരുന്നെന്നും കൊവിഡ് കാരണം ചെന്നൈയിലേക്ക് വരാന്‍ സാധിക്കാതെ ആ പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു എന്നും താരം പറയുന്നു.

‘വിവാഹ ശേഷമാണ് താന്‍ സിംഗപ്പൂരിലേക്ക് വന്നത്. ഭര്‍ത്താവ് ഇന്ത്യക്കാരന്‍ ആണെങ്കിലും സിംഗപ്പൂര്‍ പൗരത്വം എടുത്ത്, ഇവിടെ ബിസിനസ് ചെയ്യുകയാണ്. മകള്‍ പഠിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷം പങ്കുവെക്കുമ്പോള്‍ ഞങ്ങളുടെ പ്രൈവസി നഷ്ടപ്പെടുത്തരുത് എന്നാണ് രണ്ടുപേരും പറഞ്ഞത്. അതുകൊണ്ട് ഭര്‍ത്താവിനെയും മകളെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ നിവൃത്തിയില്ല,’ അശ്വിനി കൂട്ടിച്ചേര്‍ത്തു.

വിവാഹം കഴിഞ്ഞ് സിംഗപ്പൂരിലേക്ക് പോകുന്നതു വരെ താന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ഇവിടെയെത്തി കഴിഞ്ഞതോടെ കുടുംബത്തിന് വേണ്ടിയാണ് കൂടുതല്‍ സമയം മാറ്റി വെച്ചത്. പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയെങ്കിലും പ്രൈവറ്റായി പഠിച്ച് പി.ജി എടുത്തു. താനിപ്പോഴും അഭിനയം നിര്‍ത്തിയിട്ടില്ല. അതുകൊണ്ട് അതില്‍ കുറ്റബോധവും തോന്നിയിട്ടില്ല. മലയാളത്തില്‍ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്നും അശ്വിനി പറഞ്ഞു.

‘മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രത്തിലൂടെയാണ് എന്നെ ഇപ്പോഴും പലരും തിരിച്ചറിയുന്നത്. മണിച്ചിത്രത്താഴ് ഏതെങ്കിലും ചാനലില്‍ വന്നാല്‍ കൂട്ടുകാര്‍ ആരെങ്കിലും വിളിച്ച് വിവരം പറയാറുണ്ട്. സിംഗപ്പൂരില്‍ ആണെങ്കിലും മലയാളികള്‍ കണ്ടാല്‍ ആദ്യത്തെ ചോദ്യം അല്ലി അല്ലേ ഇതെന്നാണ്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നുന്നത്. 30 വര്‍ഷം മുന്നെയുള്ള കഥാപാത്രം ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നു. അതും നായികക്കോ നായകനോ ഒപ്പം നില്‍ക്കുന്ന കഥാപാത്രമല്ല എന്നിട്ടും അങ്ങനെയാണ്. എയര്‍പോര്‍ട്ടില്‍ വെച്ചും ഏതെങ്കിലും പ്രോഗ്രാമുകള്‍ക്ക് പോകുമ്പോഴും മലയാളികള്‍ ചോദിക്കും, ഇപ്പോള്‍ എവിടെയാണെന്നും എന്താണ് അഭിനയിക്കാത്തതെന്നും,’ താരം പറഞ്ഞു.

അല്ലിയെ ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നതിന്റെ കാരണം തന്റെ കഴിവല്ലെന്നും സിനിമയുടെയും കഥാപാത്രത്തിന്റെയും മേന്മ കൊണ്ട് സംഭവിച്ചതാണെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.


Content Highlights: Actress Aswini Nambiar revealing about her self