സൂര്യയോട് ഏറ്റവും ആദരവ് തോന്നിയത് ആ നിമിഷത്തിലാണ്: അപര്‍ണ ബാലമുരളി
Indian Cinema
സൂര്യയോട് ഏറ്റവും ആദരവ് തോന്നിയത് ആ നിമിഷത്തിലാണ്: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th December 2020, 12:18 pm

സൂരറൈ പോട്രിന്റെ വിജയാഘോഷത്തിലാണ് സിനിമയിലെ പ്രധാനകഥാപാത്രമായ ബൊമ്മിയെ അവതരിപ്പിച്ച നടി അപര്‍ണ ബാലമുരളി. തമിഴ് സൂപ്പര്‍താരമായ സൂര്യക്കൊപ്പം നായികാ വേഷം ചെയ്യാന്‍ കഴിഞ്ഞതിന്റേയും ചിത്രം സൂപ്പര്‍ഹിറ്റായതിന്റേയും ആവേശത്തിലാണ് താരം.

സൂര്യയ്‌ക്കൊപ്പമുള്ള ഓരോ രംഗങ്ങളും വളരെ ആസ്വദിച്ചാണ് താന്‍ ചെയ്തതെന്നും മറ്റുള്ളവരോട് കാട്ടുന്ന കരുതല്‍ ആണ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഏറ്റവും ആദരവ് തോന്നിയ കാര്യമെന്നും പറയുകയാണ് അപര്‍ണ ബാലമുരളി. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ മറ്റുള്ളവരോട് കാട്ടുന്ന കരുതല്‍ ആണ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഏറ്റവും ആദരവ് തോന്നിയ കാര്യം. സൂപ്പര്‍സ്റ്റാറാണ് എന്ന ഭാവമേ അദ്ദേഹത്തിനില്ല. കൂടെയുള്ള എല്ലാവരോടും വളരെ ബഹുമാനത്തോടെ മാത്രം പെരുമാറുന്നതാണ് അദ്ദേഹത്തിന്റെ രീതി. സെറ്റില്‍ അദ്ദേഹത്തിന് കഴിക്കാനുള്ള ഭക്ഷണം കൊണ്ടുവരുമ്പോള്‍ മറ്റുള്ളവരെല്ലാം കഴിച്ചോ എന്ന് കരുതലോടെ അന്വേഷിക്കും. ഭക്ഷണം ഓഫര്‍ ചെയ്യും. അഭിനയിക്കുന്ന അവസരത്തിലായാല്‍പ്പോലും സഹ അഭിനേതാക്കളെ നന്നായി പിന്തുണയ്ക്കും. എനിക്ക് അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം തന്നെ വളരെ ഇഷ്ടമാണ്. പിന്നെ സൂര്യ-ജ്യോതിക ദമ്പതികളെ ഒരുപാട് ഇഷ്ടമാണ്’, അപര്‍ണ പറഞ്ഞു.

സെറ്റിലെ എല്ലാ മൊമെന്റ്‌സിലും അദ്ദേഹം നെടുമാരന്‍ എന്ന ആ കഥാപാത്രമായിത്തന്നെയായിരുന്നു നിന്നത്. ഏതു രംഗം ചെയ്യുമ്പോഴും അദ്ദേഹം ആ കഥാപാത്രത്തിന്റെ വേദനയും നിസ്സഹായതയും ഉള്‍ക്കൊണ്ടിരുന്നു. എടുത്തുപറയുകയാണെങ്കില്‍ ക്ലൈമാക്‌സ് സീന്‍ ആണ് എനിക്ക് ഏറ്റവും കണ്ണുനിറയുന്നതായി തോന്നിയത്. സിനിമയില്‍ മാരന്റെ 19 വയസ്സുള്ള ഗെറ്റപ്പും ഉണ്ട്. അതിന് വേണ്ടി അദ്ദേഹം അത്ര കഠിനമായിട്ടാണ് വര്‍ക്ക് ഔട്ട് ചെയ്തത്.

സൂര്യയുമായുള്ള കോംബിനേഷന്‍ സീനുകളില്‍ ഏറ്റവും പ്രിയപ്പെട്ടരംഗത്തെ കുറിച്ചും താരം പറഞ്ഞു. ‘ചിത്രത്തില്‍ ടെറസില്‍ വെച്ച് ബൊമ്മിയും മാരനും തമ്മില്‍ വഴക്കുകൂടുന്ന രംഗം വളരെ ഇഷ്ടമാണ്. പിന്നെ തുടക്കത്തിലെ പെണ്ണുകാണല്‍ സീന്‍, അവര്‍ തമ്മില്‍ ആദ്യം കാണുന്നത്, ബൊമ്മി തിരിഞ്ഞുനോക്കി നടക്കുന്നത്. ആ കല്യാണം വേണ്ടെന്ന് ബൊമ്മി പറയുന്നത് തുടങ്ങി ആദ്യത്തെ പാട്ടുവരെയുള്ള എല്ലാ രംഗങ്ങളും പ്രിയപ്പെട്ടതാണ്’ , അപര്‍ണ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Aparna Balamurali About Suriya