'എന്തിനാ ഇങ്ങനെ വീഴുന്നത്', ദേഷ്യവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ ലാല്‍ സാര്‍ ചോദിച്ചു; കണ്ടുനില്‍ക്കാന്‍ വയ്യാതെ അദ്ദേഹം തിരിഞ്ഞു നിന്നു: അന്‍സിബ
Movie Day
'എന്തിനാ ഇങ്ങനെ വീഴുന്നത്', ദേഷ്യവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ ലാല്‍ സാര്‍ ചോദിച്ചു; കണ്ടുനില്‍ക്കാന്‍ വയ്യാതെ അദ്ദേഹം തിരിഞ്ഞു നിന്നു: അന്‍സിബ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th April 2026, 5:15 pm

ദൃശ്യം 2 ചെയ്യുമ്പോള്‍ അഞ്ജുവെന്ന കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും ഒരുമിച്ച് അഭിനയിക്കുന്നവരോടുള്ള മോഹന്‍ലാലിന്റെ കരുതലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി അന്‍സിബ.

ചിത്രത്തില്‍ അഞ്ജുവിന് ഫിറ്റ്‌സ് വരുന്നതായി കാണിക്കുന്ന സീനിനായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചാണ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ താരം സംസാരിക്കുന്നത്.

സാധാരണ സിനിമകളില്‍ കാണുന്നതുപോലെയല്ലാതെ, റിയലിസ്റ്റിക് ആയി ഇത് ചെയ്യാന്‍ ഡോക്ടര്‍മാരുമായി സംസാരിക്കുകയും വീഡിയോകള്‍ റഫറന്‍സ് ആയി നോക്കുകയും ചെയ്‌തെന്നും എല്ലാവര്‍ക്കും ഒരേപോലെയല്ല ഫിറ്റ്‌സ് വരുന്നത് എന്ന് മനസ്സിലായെന്നും അന്‍സിബ പറയുന്നു.

മുഖത്തെ മസില്‍സിന്റെ ഒരു വശം മാത്രം കോടിപ്പോകുന്ന രീതിയിലുള്ള ശൈലിയാണ് തെരഞ്ഞെടുത്തതെന്നും ഇത് ജിത്തു ജോസഫിനെ കാണിക്കുകയായിരുന്നെന്നും അന്‍സിബ പറയുന്നു.

ആ സീനില്‍ താഴെ വീഴുന്ന സമയത്ത് തറയില്‍ ബെഡ് ഇട്ടിരുന്നില്ലെന്നും ‘പാതി വരെ വീണാല്‍ മതി’ എന്ന് ജിത്തു സാര്‍ പറഞ്ഞിരുന്നെങ്കിലും ശരീരഭാരം കാരണം ഓരോ ടേക്കിലും നിലത്തു വീഴുകയായിരുന്നെന്നും അന്‍സിബ പറയുന്നു. ഇത് കണ്ട മോഹന്‍ലാലിന്റെ പ്രതികരണത്തെ കുറിച്ചാണ് അന്‍സിബ സംസാരിക്കുന്നത്.

‘ലാലേട്ടന്‍ ഭയങ്കരമായിട്ട് നമ്മളെ പ്രൊട്ടക്ട് ചെയ്യും. ദൃശ്യം 2വില്‍ എനിക്ക് ഫിറ്റ്‌സ് വന്നിട്ട് താഴെ വീഴുന്ന ഷോട്ട് ഉണ്ട്. വീഴുന്ന സമയത്ത് നമ്മള്‍ ബെഡ് ഇടണം എന്ന് ആലോചിച്ചില്ല. ആ സമയത്ത് ഞാന്‍ കുറെ ഡോക്ടേഴ്‌സ് ചെയ്ത വീഡിയോസൊക്കെ കണ്ടിരുന്നു. സാധാരണയായി ഫിറ്റ്‌സ് വരുമ്പോള്‍ ഈ നുരയും പതയുമാക്കെ വരുന്ന രീതിയിലാണല്ലോ.

സ്‌ക്രിപ്റ്റ് വായിച്ച സമയത്ത് ഇങ്ങനെ ഒരു സീന്‍ ഉണ്ടെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ കുറെ പഴയ പടങ്ങളൊക്കെ എടുത്തു നോക്കിയായിരുന്നു. എല്ലാത്തിലും ഒരുപോലെ തന്നെയാണ് ഉള്ളത്.

അപ്പോള്‍ ഞാന്‍ കുറെ ഡോക്ടര്‍മാരുമായിട്ടൊക്കെ സംസാരിച്ചപ്പോഴാണ് എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കില്ല സീഷര്‍ വരുന്നത് എന്ന് മനസിലാക്കിയത്.

ഫേഷ്യല്‍ മസിലിന്റെ ഒരു സൈഡ് മാത്രം ചിലപ്പോള്‍ കോടിപ്പോകുന്ന രീതിയില്‍ ഉണ്ടാകുമെന്ന് പറഞ്ഞു. ആ വീഡിയോ ഞാന്‍ ജീത്തുസാറിനെ കാണിച്ചു. ഓക്കെ ഇത് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് അത് ചെയ്തത്.

കട്ടിലില്‍ നിന്ന് താഴെ വീഴുന്ന രീതിയിലാണ് പ്ലാന്‍ ചെയ്തത്. നീ മുഴുവനായി വീഴണ്ട പാതി വരെ പോയാല്‍ മതി എന്ന് ജീത്തുസാര്‍ പറഞ്ഞിരുന്നു.

പക്ഷേ ഞാന്‍ പാതി പോകുമ്പോഴേക്കും ബോഡി വെയിറ്റ് കാരണം എനിക്ക് അങ്ങനെ നില്‍ക്കാന്‍ പറ്റുന്നില്ല. ഞാന്‍ പൂര്‍ണമായും വീഴുകയാണ്.
ഇതാണെങ്കില്‍ കുറേ ടേക്കും എടുത്തു. ഓരോ ടേക്കിലും ഞാന്‍ വീഴുകയാണ്.

ഇത് കണ്ടതും ലാലേട്ടന്‍ എന്റെ അടുത്ത് വന്നിട്ട് നീ എന്തിനാ ഇങ്ങനെ വീഴുന്നേ എന്ന് ചോദിച്ചു. ലാലേട്ടന് ഇത് കണ്ടിട്ട് സഹിക്കുന്നില്ല. ദേഷ്യവും സങ്കടവും കാരണം നമുക്ക് ഒരു പ്രതികരണം വരുമല്ലോ. എന്റെ അടുത്ത് വന്നിട്ട് കുട്ടി നീ എന്തിനാ ഇങ്ങനെ വീഴുന്നേ പാതി വരെ പോയാല്‍ മതി എന്ന് പറഞ്ഞു. ബോഡി വെയിറ്റ് കാരണം ഹോള്‍ഡ് ചെയ്യാന്‍ പറ്റുന്നില്ല ലാലേട്ടാ എന്ന് ഞാനും പറഞ്ഞു.

മോഹന്‍ലാല്‍, അന്‍സിബ Photo: Instagram /Screen Grab

ബെഡ് എന്താ വരാത്തെ ബെഡ് ഇല്ലേ എന്ന് ചോദിച്ചു. അതുവരെ ആരും ചിന്തിച്ചിരുന്നില്ല. അവസാനം പിന്നെ ഇത് കണ്ടുകൊണ്ടിരിക്കാന്‍ വയ്യാഞ്ഞിട്ട് അദ്ദേഹം തിരിഞ്ഞു നിന്നു. ആ സീന്‍ എടുത്തപ്പോള്‍ പുള്ളി നോക്കിയില്ല.

അങ്ങനെയുള്ള സീന്‍സ് ഒക്കെ ചെയ്യുമ്പോള്‍ പുള്ളിക്ക് ഭയങ്കര ടെന്‍ഷനാണ്. ആള്‍ക്ക് എന്തെങ്കിലും പറ്റുമോ എന്നൊക്കെയുള്ള ചിന്തയാണ്.

അപ്പോള്‍ ഞാന്‍ ആലോചിക്കും ഇദ്ദേഹം എത്രയെത്ര ഫൈറ്റ് സീക്വന്‍സുകളാണ് സിനിമയില്‍ ചെയ്തിട്ടുള്ളത്. ഈ ഓപ്പോസിറ്റ് നില്‍ക്കുന്ന ആളുകളെ 100ശതമാനം പ്രൊട്ടക്ട് ചെയ്തിട്ട് ഫൈറ്റ് ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റ് ആണ് അദ്ദേഹം.

തമിഴിലൊക്കെ എം.ജി.ആര്‍ സാറിനെ പറ്റി അങ്ങനെ കേട്ടിട്ടുണ്ട്. ഒരിക്കല്‍ പോലും ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ക്ക് ദേഹത്ത് ഒന്നും പറ്റാതെ നോക്കുന്ന ഒരു ആക്ടര്‍ ആണെന്നുള്ളത്. അതുപോലെ എം. എന്‍ നമ്പ്യാര്‍ സാര്‍, മുത്തയ്യ സാര്‍ ഇവരൊക്കെ.

ശരിക്കും നമ്മള്‍ ഒരു അച്ഛനെ എങ്ങനെയാ സ്‌നേഹിക്കുക അങ്ങനെ സ്‌നേഹിക്കുന്ന ഒരാളാണ് ലാല്‍സാര്‍. ഓണ്‍ സ്‌ക്രീന്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലും ഇത്രയും നന്മയുള്ള ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല,’ അന്‍സിബ പറഞ്ഞു.

Content Highlight: Actress Ansiba Shares Shooting Experiance with Mohanlal