ഞാന്‍ ആരെയും വിളിച്ച് അവസരം ചോദിക്കാറില്ല; ഇനി സിനിമ ലഭിക്കില്ലെന്ന് വിചാരിച്ച സമയമുണ്ട്: അന്‍സിബ
Movie Day
ഞാന്‍ ആരെയും വിളിച്ച് അവസരം ചോദിക്കാറില്ല; ഇനി സിനിമ ലഭിക്കില്ലെന്ന് വിചാരിച്ച സമയമുണ്ട്: അന്‍സിബ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st September 2023, 3:42 pm

മലയാളി പ്രേക്ഷകരിലേക്ക് ചിരിയുടെ മേമ്പൊടിയുമായി എത്തിയ ചിത്രമായിരുന്നു ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്ത ‘കുറുക്കന്‍ ‘. പേരു സൂചിപ്പിക്കുന്നത് പോലെ ചില സന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്ന അബദ്ധങ്ങളാണ് സിനിമയിലൂടെ പറയുന്നത്.

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍, അന്‍സിബ തുടങ്ങിയ താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.

അഞ്ജിത എന്ന ഒരു മോഡലിംഗ് കഥാപാത്രത്തെയാണ് അന്‍സിബ കുറുക്കനില്‍ അവതരിപ്പിച്ചത്. താന്‍ അവസരങ്ങള്‍ ചോദിച്ചു പോകുന്ന ആളല്ലെന്നു പറയുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അന്‍സിബ. അതുകൊണ്ട് തന്നെ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ കുറവാണെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

‘എനിക്ക് വിനീതേട്ടന്റെയൊക്കെ കൂടെ അഭിനയിക്കാന്‍ ഭയങ്കര ആഗ്രഹമായിരുന്നു. ദൃശ്യം കഴിഞ്ഞ് വല്യ പടങ്ങളൊന്നും വന്നില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു പഠിക്കാന്‍ പോകാമെന്ന് അങ്ങനെ കോയമ്പത്തൂര്‍ പഠിക്കാന്‍ പോയി തിരിച്ചു വന്നു. പിന്നെ സംവിധാനത്തിലേക്ക് കടന്നാലോ എന്ന് ആലോചിച്ചു. അങ്ങനെ കുറച്ചുനാള്‍ അതിന്റെ പിന്നാലെ നടന്നു.

പിന്നെ ഞാന്‍ സിനിമയിലേക്ക് തന്നെ വരില്ല എന്ന് വിചാരിക്കുമ്പോഴാണ് പെട്ടെന്ന് കൊവിഡിന്റെ സമയത്തു ജിത്തു സര്‍ വിളിച്ചിട്ട് ദൃശ്യം 2 ന്റെ ഷൂട്ട് തുടങ്ങാനായെന്നും സ്‌ക്രിപ്റ്റ് വായിക്കാന്‍ വീട്ടിലേക്ക് വന്നോളൂ എന്നും പറയുന്നത്.

അതിന് ശേഷം മമ്മൂക്കയ്‌ക്കൊപ്പം സി.ബി.ഐയില്‍ അഭിനയിച്ചു. വിനീതേട്ടന്റെ കൂടെ ഒക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആരെയും വിളിച്ച് അവസരം ചോദിക്കുന്ന ഒരാളല്ല ഞാന്‍,’ അന്‍സിബ പറഞ്ഞു.

സംവിധായകന്‍ പത്മരാജന്‍ ട്രിബ്യൂട്ടായി അന്‍സിബ ചെയ്ത ഒരു വീഡിയോ അടുത്തിടെ വൈറലായിരുന്നു. അതിനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു.

‘ഞാനും എന്റെ സഹോദരനും കൂടി സ്വന്തം പ്രൊഡക്ഷനില്‍ ചെയ്ത വീഡിയോ ആയിരുന്നു അത്. സ്വന്തം പ്രൊഡക്ഷന്‍ ആകുമ്പോള്‍ വേറെ പൈസ മുടക്കൊന്നുമില്ലല്ലോ (ചിരി). . ഞങ്ങള്‍ കാക്കനാടാണ് താമസിക്കുന്നത് ആ ഭാഗത്തക്കെയുള്ള ചര്‍ച്ചും ഏകദേശം അതിലുള്ള സീക്വന്‍സുമെല്ലാം അതുപോലെ ചെയ്യാന്‍ വേണ്ടി ട്രൈ ചെയ്തിട്ടുണ്ട്.

പത്മരാജന്‍ സാറിന്റെ മകന്‍ അനന്തപത്മരാജന്‍ സാറിന് ആ വീഡിയോ അയച്ചുകൊടുത്തിരുന്നു. പിന്നെ റഹ്‌മാന്‍ സാറൊക്കെ അതു കണ്ടു പത്മരാജന്‍ സാറിന്റെ ഭാര്യ വിളിച്ചിരുന്നു. ഭയങ്കര സന്തോഷമായി എന്നൊക്കെ പറഞ്ഞു. അതായിരുന്നു അതിനു കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്’, അന്‍സിബ പറഞ്ഞു.

Content Highlight: Actress Ansiba Hassan about her Comeback on Movie