ആ സിനിമയില്‍ ദുല്‍ഖറിന്റെ അമ്മയായതിന് ശേഷം എല്ലാരും അമ്മ റോളിലേക്ക് എന്നെ ടൈപ്പ് കാസ്റ്റ് ചെയ്തു, എന്നെ പോലെ സിനിമയില്‍ ഒരു കരിയര്‍ വേണ്ടെന്ന് അവരെന്റെ മുഖത്ത് നോക്കി പറഞ്ഞു: അഞ്ജലി നായര്‍
Entertainment news
ആ സിനിമയില്‍ ദുല്‍ഖറിന്റെ അമ്മയായതിന് ശേഷം എല്ലാരും അമ്മ റോളിലേക്ക് എന്നെ ടൈപ്പ് കാസ്റ്റ് ചെയ്തു, എന്നെ പോലെ സിനിമയില്‍ ഒരു കരിയര്‍ വേണ്ടെന്ന് അവരെന്റെ മുഖത്ത് നോക്കി പറഞ്ഞു: അഞ്ജലി നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st November 2022, 8:53 am

നിരവധി സിനിമകളില്‍ അഭിനയിച്ച് മലയാളികള്‍ക്ക് സുപരിചിതയാണ് അഞ്ജലി നായര്‍. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ അമ്മയായി താരത്തിന് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് തനിക്ക് 27 വയസാണെന്നും അതിന് ശേഷം അധികവും അമ്മ വേഷങ്ങള്‍ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും അഞ്ജലി പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി സംസാരിച്ചത്.

”കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായതിന് ശേഷം എല്ലാരും അമ്മ റോളിലേക്ക് എന്നെ ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ നോക്കിയിരുന്നു. എന്നാല്‍ എനിക്ക് അത് ആദ്യമൊന്നും നല്ലോണം ഫീല്‍ ചെയ്തിട്ടില്ല. ടീച്ചറായിട്ടും അഡ്വക്കേറ്റ് ആയിട്ടും ജഡ്ജി ആയിട്ടും എല്ലാം എന്നെ വിളിച്ചിട്ടുണ്ടായിരുന്നു.

പ്രതീക്ഷിക്കാതെയാണ് മൂന്നാമത്തെ ഷെഡ്യൂളില്‍ ദുല്‍ഖറിന്റെ അമ്മയായിട്ട് വന്നത്. ആദ്യത്തെ രണ്ട് കാലഘട്ടം മാത്രമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. മൂന്നാമതും അതില്‍ പ്രായമുള്ള അമ്മ വേഷം ചെയ്യേണ്ട സാഹചര്യം പെട്ടെന്ന് വന്നതാണ്.

ആ സമയത്ത് എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. കാരണം പെട്ടെന്ന് ഒരു ഡയറക്ടറുടെ അടുത്ത് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഒരു കഥാപാത്രത്തോടും നോ പറയുന്ന ആള്‍ അല്ലായിരുന്നു ഞാന്‍.

ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ അത് വലിയ ന്യൂസായി 27ാം വയസില്‍ ദുല്‍ഖറിന്റെ അമ്മയായി എന്ന രീതിയില്‍ കൊടുത്തു. പിന്നീട് അത് ഫോളോ ചെയ്ത് മഞ്ജു ചേച്ചിയുടെ ചെറുപ്പകാലം പിന്നെ ലാലേട്ടന്റെ ചെറുപ്പത്തിലെ അമ്മ അങ്ങനെ അമ്മ വേഷം മാത്രം കിട്ടാന്‍ തുടങ്ങി. അത് മാത്രമേ ചെയ്യുകയുള്ളു അല്ലെങ്കില്‍ അതിലാണ് ശ്രദ്ധ എന്ന രീതിയില്‍ വരാന്‍ തുടങ്ങി.

പിന്നെ അധിക ആളുകളും സുഹൃത്തുക്കളാണ് അവര്‍ വിളിക്കുമ്പോള്‍ ഞാന്‍ ഡയലോഗും സീന്‍സും ഒന്നും നോക്കാതെ പോയി ചെയ്യാന്‍ തുടങ്ങി. ദൃശ്യത്തില്‍ കണ്ടപ്പോള്‍ എല്ലാരും എന്നോടാണ് ചോദിക്കുന്നത് എന്താണ് പെട്ടെന്ന് വന്ന് പോകുന്നത്. കൂടുതല്‍ ചെയ്യാത്തത് എന്താണെന്നൊക്കെ.

 

നമുക്ക് തരുന്നതും വരുന്നതും മാത്രമാണ് ചെയ്യാന്‍ പറ്റുന്നുള്ളു. എനിക്ക് ഈ ചെയ്യണം എന്നൊന്നും പറഞ്ഞാല്‍ ആരും പരിഗണിക്കില്ല. ഒരു നടി മുന്നേ എന്റെ മുന്നില്‍ നിന്നും പറഞ്ഞിരുന്നു എനിക്ക് അഞ്ജലിയെ പോലെ ഫിലിമില്‍ ഒരു കരിയര്‍ വേണ്ടെന്ന്.

അത്തരം അവസരങ്ങള്‍ വരുമ്പോള്‍ ഞാന്‍ എല്ലാരോടും പറയാറുണ്ടെന്ന് അവര്‍ ഞങ്ങളുടെ മുന്നില്‍ വെച്ച് പറഞ്ഞു. എന്റെ ഭര്‍ത്താവിന് അത് ഫീലായിരുന്നു,” അഞ്ജലി പറഞ്ഞു.

content highlight: actress anjali nair said that After becoming Dulquer salmaan’s mother in Kammattipadam, everyone typecasted her for the mother role