വാപ്പച്ചിക്കെപ്പോഴും തിരക്കായിരുന്നു, ശക്തരായ സ്ത്രീകള്‍ക്കൊപ്പമാണ് ഞാന്‍ വളര്‍ന്നത്: ദുല്‍ഖര്‍ സല്‍മാന്‍
Film News
വാപ്പച്ചിക്കെപ്പോഴും തിരക്കായിരുന്നു, ശക്തരായ സ്ത്രീകള്‍ക്കൊപ്പമാണ് ഞാന്‍ വളര്‍ന്നത്: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st October 2022, 11:36 pm

താന്‍ വളര്‍ന്നത് ശക്തരായ സ്ത്രീകള്‍ക്കൊപ്പമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിക്ക് എപ്പോഴും തിരക്കായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഒന്നും ചെയ്തില്ലെന്ന് താന്‍ പറയില്ലെന്നും മസാല ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

‘ശക്തരായ സ്ത്രീകള്‍ക്കൊപ്പമാണ് ഞാന്‍ വളര്‍ന്നത്. വാപ്പച്ചി ഒന്നും ചെയ്തില്ലെന്നല്ല പറയുന്നത്, അദ്ദേഹം തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് ഉമ്മച്ചിക്കും സഹോദരിക്കുമൊപ്പമാണ് ഞാന്‍ വളര്‍ന്നത്. അമാലിനെ കണ്ടുമുട്ടിയപ്പോള്‍ കുടുംബം വീണ്ടും വലുതായി. ഇപ്പോള്‍ എന്റെ മകളുമുണ്ട്.

ലോക്ക്ഡൗണിന്റെ സമയത്ത് 90 വയസ്സുള്ള ഉമ്മുമ്മയും ഞങ്ങള്‍ക്കൊപ്പമായിരുന്നു. ഞങ്ങളുടേത് ഒരു സ്ത്രീഭൂരിപക്ഷ കുടുംബമാണ്. അവരെല്ലാം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വീടിന് പുറത്തുള്ള കാര്യങ്ങള്‍ മാനേജ് ചെയ്യുന്നുണ്ട്. ഞങ്ങളെയെല്ലാം ഒന്നിച്ചുനിര്‍ത്തുന്നത് അവരാണ്,’ ദുല്‍ഖര്‍ പറഞ്ഞു.

മറ്റ് ഭാഷകളിലെ ആരാധകര്‍ക്ക് തന്നോടുള്ള സ്‌നേഹത്തെ പറ്റിയും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളുടെ സ്നേഹം വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്. മറ്റൊരു ഭാഷയില്‍ ചെയ്ത സിനിമകള്‍ പെര്‍ഫോം ചെയ്തില്ലെങ്കില്‍ ഇവിടെനിന്നും അങ്ങോട്ട് പോയത് ശരിയായിരുന്നോ എന്ന ചിന്ത വരും.

മറ്റൊരു ഭാഷയില്‍ സിനിമ ചെയ്യുമ്പോള്‍ അത് സ്പെഷ്യലായിരിക്കണം. അത് വിജയിക്കണം. സ്വന്തം ഇന്‍ഡസ്ട്രിയില്‍ നിന്നും ഞാന്‍ നഷ്ടപ്പെടുത്തിയ സമയത്തോട് നീതി പുലര്‍ത്തുന്നതാവണം,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയാണ് അണിയറയില്‍ ഒരുങ്ങുന്ന ദുല്‍ഖറിന്റെ പുതിയ ചിത്രം. ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Dulquer Salmaan says vaappachi was always busy and he grew up with strong women