അങ്ങനെയുള്ള ഡയലോഗുകള്‍ പറയില്ല, അത്തരമൊരു പടത്തില്‍ നിന്ന് മാറിനില്‍ക്കാനേ ശ്രമിക്കുള്ളൂ: അനശ്വര രാജന്‍
Entertainment
അങ്ങനെയുള്ള ഡയലോഗുകള്‍ പറയില്ല, അത്തരമൊരു പടത്തില്‍ നിന്ന് മാറിനില്‍ക്കാനേ ശ്രമിക്കുള്ളൂ: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 11:06 am

പുതിയ കാലത്തെ സിനിമകളുടെ ഭാഗമാകുമ്പോള്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചും പൊളിറ്റിക്കല്‍ കറക്ടനെസിനെ കുറിച്ചും ഡയലോഗുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി അനശ്വര രാജന്‍.

ഒരു മോശം ഡയലോഗോ കോണ്‍വര്‍സേഷനോ ഉള്ള സ്‌ക്രിപ്റ്റുകള്‍ സ്വീകരിക്കാറില്ലെന്നും ഇഷ്ടപ്പെട്ട സ്‌ക്രിപ്റ്റുകള്‍ ആണെങ്കില്‍ തന്നെ ഏതെങ്കിലുമൊരു ഡയലോഗിലൊക്കെ അത്തരത്തില്‍ പ്രശ്‌നം തോന്നിയാല്‍ അത് തുറന്നു പറയാറുണ്ടെന്നും അനശ്വര പറയുന്നു.

പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കിയാല്‍ ഒരു ഗ്രൂപ്പില്‍ നമുക്ക് സംസാരിക്കാന്‍ പറ്റുമോ, നമ്മള്‍ പേടിച്ചുപോകില്ലേ എന്ന് അടുത്തിടെ ഒരാള്‍ ഒരഭിമുഖത്തില്‍ പറയുന്നത് കേട്ടെന്നും സംസാരിക്കുമ്പോള്‍ എന്നാല്‍ അങ്ങനെ ഒരു പേടി ഉണ്ടായിരിക്കുക തന്നെ വേണമെന്നും അനശ്വര പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര.

‘ഞാനൊരു സ്‌ക്രിപ്റ്റ് കേള്‍ക്കുന്ന സമയത്ത് അങ്ങനെയൊരു മോശം ഡയലോഗ് കേട്ടാല്‍ ഞാന്‍ അത് അവരോട് പറയും. സ്‌ക്രിപ്റ്റ് ഇഷ്ടമായാല്‍ ആഡയലോഗ് റോങ് ആണെന്ന് ഞാന്‍ പറയും.

ഷൂട്ടിന്റെ സമയത്താണെങ്കിലും അങ്ങനെ ഒരു കമന്റ് കേട്ടാല്‍ ഇങ്ങനെ പറയുന്നത് ശരിയല്ല എന്ന് ഞാന്‍ അവരോട് പറയും. അത് ഡിസ്‌കസ് ചെയ്യും. അവരുമായി ഇക്കാര്യം സംസാരിച്ചിട്ടും കമ്യൂണിക്കേറ്റ് ചെയ്തിട്ടും വീണ്ടും അത് വന്നാല്‍ പിന്നെ അത് എന്റെ കയ്യിലല്ല.

അങ്ങനെയുള്ള പടങ്ങളില്‍ നിന്ന് മാറി നില്‍ക്കാനേ ശ്രമിക്കുകയുള്ളൂ. അത്തരത്തില്‍ മാറി നില്‍ക്കേണ്ടി വന്നിട്ടുമുണ്ട്. ചില സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാകും.

അവര്‍ പറയുമ്പോള്‍ അത് വളരെ നോര്‍മല്‍ ആയിരിക്കും. മിക്കവരും സ്‌ക്രിപ്റ്റ് പറയാന്‍ വരുമ്പോള്‍ ഇതൊരു ഫീമെയില്‍ ഓറിയന്റഡ് സിനിമയാണ് എന്ന് പറഞ്ഞാണ് തുടങ്ങുക.

പെണ്‍കുട്ടികളുടെ ഫ്രീഡത്തെ പറ്റിയൊരു സിനിമ, ഒരു ആണ്‍കുട്ടിയെപ്പോലെ ജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് നമ്മള്‍ ഉദ്ദേശിക്കുന്നത് എന്നൊക്കെ പറയുമ്പോള്‍ തന്നെ ഏത് രീതിയിലാണ് അവര്‍ മേക്ക് ചെയ്യാന്‍ പോകുന്നതെന്ന് നമുക്ക് മനസിലാകും.

ആ ഇന്റന്‍ഷന്‍ നമുക്ക് മനസിലാകും. അത്തരം പടത്തില്‍ നിന്ന് ഞാന്‍ തീര്‍ച്ചയായും മാറിനില്‍ക്കും. അല്ലാതെ ചെറിയ ഡയലോഗിലൊക്കെ വരുന്ന ചില പ്രശ്‌നങ്ങളാണെങ്കില്‍ ടീമുമായി കമ്യൂണിക്കേറ്റ് ചെയ്യും,’ അനശ്വര പറഞ്ഞു.

സിനിമകളിലെ പൊളിറ്റിക്കല്‍ കറക്ടസിനെ കുറിച്ചും ബോഡി ഷേമിങ്ങിനെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ താരം സംസാരിച്ചു.

ആരും അങ്ങനെ റിയലൈസ് ചെയ്യാത്ത കാര്യമാണ് ഇതൊക്കെ. ഒരു കൂട്ടത്തില്‍ ഇരിക്കുമ്പോള്‍ ബോഡി ഷേമിങ്, അത് ഇത് എന്നൊക്കെ പറയുമ്പോള്‍ ചിലര്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും.

പണ്ട് നമുക്ക് യൂസ്ഡ് ആയ കുറേ കാര്യങ്ങള്‍ ഉണ്ടല്ലോ. അത് ഇന്ന് നമ്മള്‍ പറയുമ്പോള്‍ രണ്ടാമത് ഒന്നുകൂടി ആലോചിക്കും. അടുത്തിടെ ഒരു അഭിമുഖം കണ്ടു.

അങ്ങനെയൊക്കെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കിയാല്‍ ഒരു ഗ്രൂപ്പില്‍ നമുക്ക് സംസാരിക്കാന്‍ പറ്റുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. സംസാരിക്കുമ്പോള്‍ പേടിച്ചുപോവില്ലേ എന്നാണ് ചോദിക്കുന്നത്. തീര്‍ച്ചയായും നമ്മള്‍ പേടിക്കണം.

ഒരു ഗ്രൂപ്പില്‍ നിന്നാണ് സംസാരിക്കുന്നതെങ്കില്‍ പേടിക്കുക തന്നെ വേണം. അങ്ങനെയാണ് നമ്മള്‍ ശീലിക്കുക. ശീലിച്ച് വളര്‍ന്ന കാര്യം പെട്ടെന്ന് മാറ്റാന്‍ പാടായിരിക്കും.

മെലിഞ്ഞിട്ടാണോ, കറുത്തിട്ടാണോ, തടിച്ചിട്ടാണോ എന്നൊക്കെ നമ്മള്‍ പറയുമ്പോള്‍ നമുക്കത് എഫക്ട് ചെയ്യില്ല. ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍ ചിലപ്പോള്‍ ചിരിക്കുകയായിരിക്കും. പക്ഷേ അതവരെ ഒരുപാട് എഫക്ട് ചെയ്യുന്നുണ്ടാകും.

അപ്പോള്‍ നമ്മള്‍ ആലോചിച്ചിട്ട് തന്നെ പറയണം. ഒരു ഗ്രൂപ്പിലായാലും ആരോടായാലും പറയുന്ന കാര്യങ്ങള്‍ സൂക്ഷിച്ചു തന്നെ പറയണം. പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കിത്തന്നെ സംസാരിക്കണം. അങ്ങനെയെ ശീലിക്കാന്‍ പറ്റുള്ളൂ പണ്ട് നമ്മള്‍ കണ്ട് ഇഷ്ടപ്പെട്ട പടങ്ങള്‍ എത്രത്തോളം റോങ് ആണെന്ന് നമുക്ക് ഇന്നല്ലേ മനസിലാകുന്നത്,’ അനശ്വര പറയുന്നു.

Content Highlight: Actress Anaswara Rajan about Political Correctness and Dialogues