എം.ടി. വാസുദേവന്‍ നായരെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ വിനീത്. എം.ടിയുടെ പങ്കാളി കലാമണ്ഡലം സരസ്വതി ടീച്ചറാണ് ഭരതനാട്യത്തില്‍ തന്റെ ഗുരുവെന്നും അങ്ങനെയാണ് അദ്ദേഹത്തെ പരിചയമെന്നും വിനീത് പറഞ്ഞു. താന്‍ തൊഴുകയ്യോടെ ഓര്‍ക്കുന്ന പേരാണ് എം.ടി. വാസുദേവന്‍ നായരുടേതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്റെ നഖക്ഷതങ്ങളിലൂടെ നായകനായി അരങ്ങേറാന്‍ കഴിഞ്ഞത് ഒരു നിയോഗം ആണെന്നും എം.ടി. പരിചയപ്പെടുത്തിയ നടനെന്ന നിലയില്‍ ഒട്ടേറെ പരിഗണന സിനിമയില്‍നിന്ന് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു വിനീത്.
‘തൊഴുകയ്യോടെ ഓര്‍ക്കുന്ന പേരുകളിലൊന്നാണ് എം.ടി. സാര്‍. അദ്ദേഹത്തിന്റെ പത്‌നി കലാമണ്ഡലം സരസ്വതി ടീച്ചറാണ് ഭരതനാട്യത്തില്‍ എന്റെ ഗുരു. ആഴ്ചയിലൊരു ദിവസം ഡാന്‍സ് പഠിക്കാന്‍ ഞാന്‍ തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ട് പോകാറുണ്ട്. അങ്ങനെയാണ് എം.ടി. സാറിനെ പരിചയപ്പെടുന്നത്.
ഒരു നിയോഗം പോലെ എം.ടി.സാറിന്റെ തിരക്കഥയില്‍ ഹരിഹരന്‍ സാര്‍ സംവിധാനം ചെയ്തത നഖക്ഷതങ്ങളിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞു.
അതിന്റെ മുന്‍ വര്‍ഷത്തിലാണ് ഐ.വി. ശശി സാറിന്റെ ഇടനിലങ്ങളിലൂടെ സിനിമയില്‍ തുടക്കം കുറിച്ചത്. അതിനും കാരണം ഈ പരിചയം തന്നെ.
എം.ടി. സാര്‍ പരിചയപ്പെടുത്തിയ നടനെന്ന നിലയില്‍ ഒട്ടേറെ പരിഗണന സിനിമയില്‍ നിന്ന് കിട്ടിയിട്ടുണ്ട്.
പിന്നീടുള്ള സിനിമാ യാത്രയില്‍ കലാകാരനെന്ന നിലയില്‍ അതെന്റെ ഉത്തരവാദിത്വവും കടമയും ആയിരുന്നു. തുടക്കകാലത്ത് കഥാപാത്രത്തിന്റെ അന്തസ്സത്തയെ കുറിച്ചും മാനസികാവസ്ഥയെ കുറിച്ചും ഒന്നും അറിഞ്ഞിരുന്നില്ല.
സംഭാഷണങ്ങള്‍ മനഃപാഠമാക്കി പറയുമ്പോള്‍ അതിന് ഭാവവും ശരീരഭാഷയും നല്‍കാന്‍ പഠിപ്പിച്ചത് എം.ടി.സാറും ഹരിഹരന്‍ സാറുമായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ എങ്ങനെ പെരുമാറണമെന്ന ശാസ്ത്രീയ രീതികള്‍ അന്ന് ഉണ്ടായിരുന്നു. സീനില്‍ അഭിനയിക്കുന്ന കഥാപാത്രങ്ങളെ മറയ്ക്കാതെ ക്യാമറയുടെ മുന്നില്‍നിന്ന് പാലിക്കേണ്ട ശാസ്ത്രീയതയുണ്ട്, അവയെല്ലാം ഞാന്‍ പഠിച്ചത് അവിടെനിന്നാണ്,’ വിനീത് പറയുന്നു.