തന്റെ ഏറ്റവും പുതിയ ചിത്രമായ സംശയത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. താന്‍ ഇതുവരെ അഭിനയിച്ചിരിക്കുന്ന സിനിമകളില്‍ തന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രമാണ് സംശയത്തിലേതെന്ന് വിനയ് പറയുന്നു.
തന്റെ ഒരുപാട് നല്ല സിനിമകള്‍ തിയേറ്ററില്‍ പ്രതീക്ഷിച്ച രീതിയില്‍ വര്‍ക്കാതാതെ പോയിട്ടുണ്ടെന്നും ആ സിനിമകളൊക്കെ ഒ.ടി.ടിയില്‍ വന്ന ശേഷം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും സിനിമ കണ്ടശേഷം തന്നെ വിളിച്ച് മാപ്പ് പറയുന്നവരുണ്ടെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.
ഒപ്പം സിനിമയ്ക്കായി നടത്തുന്ന പുതിയ പുതിയ പ്രൊമോഷന്‍ പരീക്ഷണങ്ങളെ കുറിച്ചും വിനയ് ഫോര്‍ട്ട് പോപ്പര്‍സ്‌റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
‘ ഇപ്പോള്‍ വീട്ടുകാരൊക്കെ ചോദിച്ചുതുടങ്ങി ഓക്കെയല്ലേ വേറെ കുഴപ്പം വല്ലതും ഉണ്ടോ എന്നൊക്കെ. നമുക്ക് എല്ലാ സിനിമകളോടും ഒരു ഭ്രാന്തമായ ആവേശം ഉണ്ടാവണമെന്നില്ല.
സംശയം ഒരര്‍ത്ഥത്തില്‍ എനിക്ക് എന്റെ മോനോടുള്ള പോലത്തെ സ്‌നേഹമുള്ള സിനിമയാണ്. എല്ലാ സിനിമയോടും നമുക്ക് അതുണ്ടാവില്ല. എന്നെ സംബന്ധിച്ചിച്ച് ഇത്രയും ആത്മാവുള്ള, വെല്‍ റിട്ടണ്‍ ആയിട്ടുള്ള കഥാപാത്രങ്ങള്‍ എപ്പോഴും കിട്ടാറില്ല.
കിട്ടിക്കഴിഞ്ഞപ്പോള്‍ സംശയം വളരെ പ്രഷ്യസ് ആയി മാറി. പലപ്പോഴും ഞാന്‍ ഏറ്റവും കൂടുതല്‍ ഫേസ് ചെയ്ത വിഷയം ഉണ്ട്. ഒരുപാട് നല്ല സിനിമകള്‍ ചെയ്തിട്ട് അത് പലപ്പോഴും തിയേറ്ററില്‍ കാണാതെ അവസാനം ഒ.ടി.ടിയില്‍ കണ്ടിട്ട് എന്നെ വിളിച്ച് ചിലര്‍ മാപ്പ് പറയും.
എനിക്ക് ആളുകളുടെ കയ്യില്‍ നിന്ന് ഒരുപാട് മാപ്പ് കിട്ടിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ എനിക്ക് ആ മാപ്പ് വേണ്ട. സിനിമ, ആര്‍ട്ട് എന്ന് പറയുന്ന പോലെ ഒരു ബിസിനസ് ആണ്. സംശയത്തിന് 3 പ്രൊഡ്യൂസേഴ്‌സ് ഉണ്ട്.
സുരാജ്, ഡിക്‌സണ്‍ ചേട്ടന്‍ ലിനോ ഫിലിപ്പ്. സംശയം എന്ന സിനിമ ഉണ്ടാകാനുള്ള കാരണം ഇതിന്റെ ഏറ്റവും മികച്ച തിരക്കഥ തന്നെയാണ്.
ഈ അടുത്ത കാലത്ത് ഞാന്‍ വായിച്ച ഏറ്റവും മികച്ച തിരക്കഥയാണ് സംശയത്തിന്റേത്.
ആ പ്രൊഡ്യൂസേഴ്‌സ് ഈ സിനിമ ചെയ്തിരിക്കുന്നത് ആ തിരക്കഥയോടുള്ള താത്പര്യം കൊണ്ടാണ്. അവര്‍ ഭയങ്കരമായി സിനിമയെ സ്‌നേഹിക്കുന്നവരാണ്. ഇവരൊന്നും വലിയ പ്രൊഡ്യൂസേഴ്‌സില്‍ പെടുന്ന ആളുകളുമല്ല.
പക്ഷേ സിനിമയോടുള്ള താത്പര്യം കൊണ്ട്, തിരക്കഥയോടുള്ള താത്പര്യം കൊണ്ടാണ് ഈ സിനിമ ചെയ്തത്. അവരോട് എനിക്ക് ഭയങ്കരമായ കമ്മിറ്റ്‌മെന്റുണ്ട്.
പിന്നെ ഞാന്‍ എന്റെ ലൈഫ് ടൈമലില്‍ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് സംശയത്തിലേത്. അത്ര പ്രിയപ്പെട്ടത് ഏറ്റവും കൂടുതല്‍ ആള്‍ കാണുമ്പോഴാണ് പൂര്‍ണതയില്‍ എത്തുന്നത്. അതിന് ഏതറ്റം വരെ പോകാന്‍ പറ്റും ആ അറ്റം വരെ പോകുക എന്നതാണ്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
Content Highlight: Actor Vinay forrt about his new movie samshayam