ആള്‍ക്കൂട്ടത്തിനിടക്ക് ഐശ്വര്യയുടെ ഡ്രസ് കാലില്‍ കുടുങ്ങി, അവര്‍ മുഖമടിച്ച് വീഴാനാഞ്ഞു: വിക്രം
Film News
ആള്‍ക്കൂട്ടത്തിനിടക്ക് ഐശ്വര്യയുടെ ഡ്രസ് കാലില്‍ കുടുങ്ങി, അവര്‍ മുഖമടിച്ച് വീഴാനാഞ്ഞു: വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th September 2022, 10:29 pm

ഐശ്വര്യ റായ് ആയിരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ളതും പേടിപ്പെടുത്തുന്നതുമാണെന്ന് നടന്‍ വിക്രം. ഐശ്വര്യ പെര്‍ഫെക്ഷന്റെ സിംബലാണെന്നും അവര്‍ എപ്പോഴും നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പൊന്നിയിന്‍ സെല്‍വന്റെ പ്രസ് മീറ്റില്‍ വിക്രം അഭിപ്രായപ്പെട്ടു.

”ഐശ്വര്യ എല്ലാവരുടെയും ഹൃദയം കവര്‍ന്നെടുക്കുകയാണ്. ഐഷ് എപ്പോഴും പെര്‍ഫെക്ഷന്റെ സിംബലാണ്. ഞാന്‍ അവരുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. അവരുടെ സൗന്ദര്യത്തില്‍ മാത്രമല്ല കാര്യം. അവര്‍ എന്തിന് വേണ്ടി നിലകൊണ്ടു എന്നുള്ളത് കൂടിയാണ്.

ഐശ്വര്യ എല്ലായ്‌പ്പോഴും ഒരു മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിക്കപ്പെടുകയാണെന്ന് തോന്നിയിട്ടുണ്ട്. ഐശ്വര്യ ആയിരിക്കുക എന്നാല്‍ അതൊരു ബുദ്ധിമുട്ടുള്ള കാര്യമാണ്, പേടിപ്പെടുത്തുന്നതാണ്. എപ്പോഴും നിരീക്ഷിക്കപ്പെടുന്നു, എപ്പോഴും പെര്‍ഫെക്റ്റായിരിക്കണം. ഒന്നുകൂടി പറയട്ടെ, ഇതെല്ലാ അവര്‍ മനോഹരമായി മാനേജ് ചെയ്യുന്നുണ്ട്,’ വിക്രം പറഞ്ഞു.

ഐശ്വര്യയെ ആദ്യമായി കണ്ട അനുഭവവും വിക്രം പങ്കുവെച്ചു. ‘ഐശ്വര്യയെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ ലോകസുന്ദരി പട്ടമൊന്നും നേടിയിട്ടില്ല. ഒരു ജനക്കൂട്ടത്തിനിടയിലായിരുന്നു ഞാന്‍. അതിനിടക്ക് ഐശ്വര്യയുടെ ഡ്രസ് കാലില്‍ കുടുങ്ങി. അവര്‍ മുഖമടിച്ച് വീഴാന്‍ പോവുകയാണെന്ന് തോന്നി. ഒന്ന്, രണ്ട് സ്‌റ്റെപ്പ് മുന്നോട്ടാഞ്ഞു, പെട്ടെന്ന് തന്നെ ബാലന്‍സ് ചെയ്ത് നടന്നു. അവരുടെ മുഖത്തുള്ള ആത്മവിശ്വാസം ഞാന്‍ കണ്ടു.

നിങ്ങള്‍ ഇന്ത്യയിലെവിടെ വേണമെങ്കിലും പൊയ്‌ക്കോ. സൗത്ത് ഇന്ത്യയിലോ ചെന്നൈയിലോ എവിടെ വേണമെങ്കിലും. ഐശ്വര്യയുടെ മുഖമുള്ള സാരി ഷോപ്പോ ജ്വല്ലറിയോ കാണാനാവും,’ വിക്രം കൂട്ടിച്ചേര്‍ത്തു.

ഇരുവരും വീണ്ടും ഒന്നിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തുകയാണ്. മണി രത്‌നത്തിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ ജയം രവി, കാര്‍ത്തി. തൃഷ, ജയറാം, റഹ്മാന്‍, പ്രകാശ് രാജ്, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ വലിയ താരനിര തന്നെയെത്തുന്നുണ്ട്.

Content Highlight: Actor Vikram says being Aishwarya Rai is very difficult and scary