എനിക്ക് ഫഹദിന്റെ ഛായയുണ്ടെന്ന് വിജയ് പറഞ്ഞു; എന്റെ മറുപടി ഇതായിരുന്നു; ഫഹദിന്റെ മിക്ക സിനിമകളും അദ്ദേഹം കാണാറുണ്ട്: ഷൈന്‍ ടോം
Movie Day
എനിക്ക് ഫഹദിന്റെ ഛായയുണ്ടെന്ന് വിജയ് പറഞ്ഞു; എന്റെ മറുപടി ഇതായിരുന്നു; ഫഹദിന്റെ മിക്ക സിനിമകളും അദ്ദേഹം കാണാറുണ്ട്: ഷൈന്‍ ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th April 2022, 12:03 pm

ദളപതി വിജയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ബീസ്റ്റ് എന്ന ചിത്രത്തിലൂടെ അത്തരമൊരു അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഷൈന്‍. ഒപ്പം വിജയ്‌യെ പോലൊരു മഹാനടനെ അടുത്തറിയാനും പരിചയപ്പെടാനും സാധിച്ചതിലുള്ള സന്തോഷവും ഷൈന്‍ പങ്കുവെക്കുന്നുണ്ട്.

ഒപ്പം ബീസ്റ്റ് സെറ്റില്‍ വെച്ചുള്ള തങ്ങളുടെ സംസാരത്തിനിടെ നടന്‍ ഫഹദ് ഫാസിലുമായുള്ള തന്റെ സാമ്യതയെ കുറിച്ചും ഫഹദുമായും സംവിധായകന്‍ ഫാസിലുമായുള്ള ബന്ധത്തെ കുറിച്ചുമൊക്കെ വിജയ് സംസാരിച്ചുവെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം.

ഞങ്ങളുടെ സംസാരത്തിനിടെ വിജയ് എന്നോട് പറഞ്ഞത് എനിക്ക് ഫഹദിന്റെ ഛായ ഉണ്ടെന്നയിരുന്നു. ആ.. ഞങ്ങള്‍ ഒക്കെ മലയാളികള്‍ ആണല്ലോ എന്ന് ഞാന്‍ പറഞ്ഞു.

ഫഹദിനെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നും ഫഹദിന്റെ അച്ഛനൊപ്പം ഒരു പടം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. അനിയത്തി പ്രാവിന്റെ തമിഴ് റീമേക്കായ കാതലുക്കു മരിയാദൈയില്‍ ഫാസില്‍ സാറിനൊപ്പം അദ്ദേഹം വര്‍ക്ക് ചെയതിട്ടുണ്ട്. പുള്ളിയുടെ ആദ്യ ഹിറ്റ് അതാണെന്ന് തോന്നുന്നു. ഫഹദിന്റെ ആലപ്പുഴയിലെ വീട്ടിലായിരുന്നു ഷൂട്ടെന്നും അന്ന് അദ്ദേഹം ഫഹദിനെ അവിടെ വെച്ച് കണ്ടിട്ടുണ്ടെന്നും ഫഹദിന്റെ പടങ്ങള്‍ എല്ലാം കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിജയ് എന്ന ആക്ടറില്‍ നമ്മള്‍ ശരിക്കും ഇംപ്രസ്ഡ് ആവും. നമ്മള്‍ അദ്ദേഹത്തെ പരിചയപ്പെട്ടു കഴിയുമ്പോഴാണ് ശരിക്കും നമ്മള്‍ അദ്ദേഹത്തെ ആരാധിച്ചുപോകുക.

യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെ അല്ലാത്ത ഒരാള്‍ വേറൊരു രീതിയില്‍, ഒരു മാസ്സ് ലുക്കിലേക്കും അഭിനയത്തിലേക്കും അദ്ദേഹത്തെ കൊണ്ടുപോകുന്നു.

നോര്‍മലായാ പുള്ളി അങ്ങനെയേ അല്ല. നമ്മുടെ കൂട്ടത്തിലുള്ള വളരെ സൈലന്റ് ആയ ഒരാള്‍. അങ്ങനെ ഒരാളാണോ ഇത്തരത്തില്‍ അഭിനയിക്കുന്നതെന്ന് തോന്നിപ്പോകും,ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

താരജാഡകളൊന്നും ഇല്ലാത്ത ആളാണോ എന്ന ചോദ്യത്തിന് അങ്ങനെയൊരു ജാഡ അദ്ദേഹത്തിന് ഉണ്ടാകേണ്ട കാര്യമുണ്ടോ അത്രയും വലിയ താരമല്ലേ അദ്ദേഹമെന്നായിരുന്നു ഷൈനിന്റെ മറുപടി.

സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പോടെയെത്തുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. ഡോക്ടര്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബീസ്റ്റിന് ലഭിച്ച പ്രേക്ഷകശ്രദ്ധയ്ക്ക് ഒരു കാരണമാണ്.

ചിത്രത്തിന്റെ ട്രെയ്ലര്‍ അടക്കമുള്ള പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കെല്ലാം വന്‍ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. 4.8 കോടി കാഴ്ചകളാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ അറബിക് കുത്ത് എന്ന പാട്ടും റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിച്ചിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight:Actor Vijay About  Shine Tom Chacko resemblance with Fahad Faazil