വിജയ് അടുത്ത് വന്ന് ആ കാര്യം ചോദിച്ചപ്പോഴാണ് ഞാനും അതോര്‍ത്തത്; ബീസ്റ്റില്‍ വിജയ്‌ക്കൊപ്പമുള്ള ആദ്യ രംഗം ഷൂട്ട് ചെയ്ത അനുഭവം പങ്കുവെച്ച് ഷൈന്‍ ടോം
Movie Day
വിജയ് അടുത്ത് വന്ന് ആ കാര്യം ചോദിച്ചപ്പോഴാണ് ഞാനും അതോര്‍ത്തത്; ബീസ്റ്റില്‍ വിജയ്‌ക്കൊപ്പമുള്ള ആദ്യ രംഗം ഷൂട്ട് ചെയ്ത അനുഭവം പങ്കുവെച്ച് ഷൈന്‍ ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th April 2022, 11:12 am

കേരളത്തിലെ വിജയ് ഫാന്‍സ് ആഘോഷമാക്കുകയാണ് ബീസ്റ്റ്. വിഷു-അവധിക്കാല ചിത്രമായി കേരളത്തിലെ തിയേറ്ററുകളില്‍ എത്തുന്ന ബീസ്റ്റ് വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണാ ദാസും ചിത്രത്തിലെത്തുന്നതും കേരളത്തിലെ ആരാധകരെ സംബന്ധിച്ച് സന്തോഷം കൂട്ടുന്ന ഘടകങ്ങളാണ്.

ബീസ്റ്റ് എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടന്‍ ഷൈന്‍ ടോം ചാക്കോ. വിജയ്‌ക്കൊപ്പം തന്നെ ആദ്യ ചിത്രം ചെയ്യാന്‍ കഴിഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ.

വിജയ്‌ക്കൊപ്പമായിരുന്നു തന്റെ ആദ്യ രംഗമെന്നും ആ സീന്‍ എടുക്കുന്നതിന് തൊട്ടുമുന്‍പായി വിജയ് തന്റെ അടുത്ത് വന്ന് തന്നെ വലിയ രീതിയില്‍ രീതിയില്‍ കംഫര്‍ട്ട് ആക്കിയെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. വിജയ്‌യെ പോലെ ഒരു മഹാനടനൊപ്പം തമിഴിലെ തന്റെ അരങ്ങേറ്റം നടത്താനായത് വലിയ ഭാഗ്യമാണെന്നും ഷൈന്‍ ടോം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘വിജയ് അഭിനയിക്കുന്ന ഒരു സെറ്റെന്ന് പറഞ്ഞാല്‍ അവിടെ ആളുകളുടെയും നാട്ടുകാരുടേയും ആരാധകരുടേയും വലിയ ബഹളമായിരിക്കും. എന്നാല്‍ അതിന്റെ എല്ലാം ഇടയില്‍ വളരെ കൂളായിട്ടാണ് മച്ചാന്‍ ഇരിക്കുക.

എന്റെ ആദ്യ ഷോട്ട് ഞാനൊരു ഗണ്ണൊക്കെ പിടിച്ച് ഇങ്ങനെ നില്‍ക്കുന്നതാണ്. എതിരെ മച്ചാനും ഗണ്‍ പിടിച്ച് നില്‍ക്കുന്നുണ്ട്. അപ്പോള്‍ മച്ചാന്‍ എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു. ഇത് നിങ്ങളുടെ തമിഴിലെ ആദ്യ ചിത്രമല്ലേ എന്ന്. അതെയെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഇത് ഫസ്റ്റ് ഷോട്ടല്ലേ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞു.

സത്യത്തില്‍ ഇത് ഫസ്റ്റ് ഷോട്ട് ആണല്ലോയെന്ന് അപ്പോഴാണ് ഞാന്‍ ആലോചിക്കുന്നത്. അടുത്ത് നില്‍ക്കുന്നത് ആരാണ് വിജയ് സാര്‍. അദ്ദേഹം എന്നോട് അപ്പോള്‍ തന്നെ അഭിനന്ദനങ്ങള്‍ പറഞ്ഞു.

ദളപതി വിജയ്‌ക്കൊപ്പമാണ് ഞാന്‍ തമിഴിലെ ആദ്യ തുടക്കം നടത്തിയത്. സെറ്റില്‍ വെച്ച് നേരത്തേയും അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. എന്റെ ആദ്യ ഷോട്ടാണ് ഇതെന്ന് പുള്ളി മനസിലാക്കി വെച്ച് എന്റെ അടുത്ത് വന്ന് അദ്ദേഹം ആശംസ അറിയിച്ചുവെന്നതാണ്.

എന്നെ സംബന്ധിച്ച് ചില്ലറ ആളാണോ അപ്പുറത്ത് നില്‍ക്കുന്നത്. പുള്ളി അത്രയും കൂളായതുകൊണ്ട് ഞാനും അവിടെ കൂളായി. പുള്ളി സീരിയസ് ആണെങ്കില്‍ നമ്മളും പെട്ടുപോകും. അദ്ദേഹം ആളുകളെ ഭയങ്കരമായി കംഫര്‍ട്ട് ആക്കും. പിന്നെ ഭയങ്കര സൈലന്റായി ഇരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തെ അടുത്തറിയുമ്പോള്‍ വലിയ ആരാധന തോന്നും, ഷൈന്‍ ടോം പറഞ്ഞു.

സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പോടെയെത്തുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. ഡോക്ടര്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബീസ്റ്റിന് ലഭിച്ച പ്രേക്ഷകശ്രദ്ധയ്ക്ക് ഒരു കാരണമാണ്.

ചിത്രത്തിന്റെ ട്രെയ്ലര്‍ അടക്കമുള്ള പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കെല്ലാം വന്‍ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. 4.8 കോടി കാഴ്ചകളാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

റിലീസിനു മുന്‍പേ റെക്കോഡുകള്‍ തീര്‍ത്താണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ട്രെയ്ലര്‍ പുറത്തുവന്ന് 24 മണിക്കൂറിനുള്ളില്‍ 22 മില്യണ്‍ പേരാണ് കണ്ടത്. ആദ്യഷോകളുടെ ടിക്കറ്റ് വില്‍പനയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ചിത്രത്തിലെ അറബിക് കുത്ത് എന്ന പാട്ടും റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിച്ചിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം വന്‍ അഡ്വാന്‍സ് ബുക്കിംഗ് ആണ് കേരളത്തിലും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വിതരണക്കാരും തിയറ്റര്‍ ഉടമകളും വമ്പന്‍ ഇനിഷ്യല്‍ പ്രതീക്ഷിക്കുന്ന ചിത്രം പ്രദര്‍ശനങ്ങളുടെ എണ്ണത്തിലും മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

Content Highlight: Actor Shine Tom Chacko Share an Experiance with actor Vijay