ഇനിയും ജീവിക്കേണ്ടവനായിരുന്നു, അവസാനമായി ഒരുനോക്ക് കാണാന്‍ പോലുമായില്ല; വിവേകിനെക്കുറിച്ചോര്‍ത്ത് പൊട്ടിക്കരഞ്ഞ് വടിവേലു
Memoir
ഇനിയും ജീവിക്കേണ്ടവനായിരുന്നു, അവസാനമായി ഒരുനോക്ക് കാണാന്‍ പോലുമായില്ല; വിവേകിനെക്കുറിച്ചോര്‍ത്ത് പൊട്ടിക്കരഞ്ഞ് വടിവേലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th April 2021, 5:02 pm

ചെന്നൈ: നടന്‍ വിവേകിന്റെ നിര്യാണത്തില്‍ വികാരഭരിതനായി വടിവേലു. നിറകണ്ണുകളോടെയാണ് വിവേകിന്റെ മരണത്തില്‍ വടിവേലു അനുശോചനമനറിയിച്ചത്.

വിവേകിനെപ്പോലെ തുറന്ന് സംസാരിക്കുന്നയാളെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഒരുപാട് ആരാധകരില്‍ ഒരാളാണ് താനെന്നും വടിവേലു പറഞ്ഞു.

വടിവേലുവിന്റെ വാക്കുകള്‍:

‘നടന്‍ വിവേക് മരിച്ചു എന്ന വാര്‍ത്ത അറിഞ്ഞു. ഞാനും അദ്ദേഹവും ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവരാണ്. അവനെ കുറിച്ച് പറയുമ്പോള്‍ എന്റെ തൊണ്ട ഇടറുന്നു. നല്ലവനാണ് അവന്‍. ഇനിയും ജീവിക്കേണ്ടവനായിരുന്നു.

അയാളെ പോലെ കാര്യങ്ങളെ തുറന്ന് സംസാരിക്കുന്ന ഒരാള്‍ വേറെയില്ല. ഓരോ വിഷയത്തെ കുറിച്ചും അവന്‍ പറയുന്നത് നമ്മുടെ മനസില്‍ പതിയും. നല്ല എളിമയോടെ നമ്മോട് സംസാരിക്കും.’ വടിവേലു അനുസ്മരിച്ചു. ‘അവന്റെ കോടിക്കണക്കിന് ആരാധകരില്‍ ഒരാളാണ് ഞാനും. വിവേക് ഇങ്ങനെ മരിച്ചത് വളരെ കഷ്ടമായി.

ദുഃഖം താങ്ങാനാവുന്നില്ല, എന്ത് പറയണമെന്നറിയില്ല’ വടിവേലു പറഞ്ഞു. ആരാധകരെല്ലാം ധൈര്യമായിരിക്കണമെന്നും വിവേക് എവിടെയും പോയിട്ടില്ല,നമ്മുടെ മനസില്‍ തന്നെയുണ്ടെന്ന് ആരാധകരെ വടിവേലു ആശ്വസിപ്പിച്ചു. മധുരയില്‍ അമ്മയോടൊപ്പമായതിനാല്‍ വിവേകിനെ അവസാനമായി ഒരുനോക്ക് കാണാനാവില്ല.

ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു വിവേക് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.


ചെന്നൈയിലെ സിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് കണ്ടെത്തിയിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിവേകിന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ വിവേക് സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.

നാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി. രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മലയാളികള്‍ക്കിടയിലും വിവേകിന് ആരാധകരേറെയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Vadivelu Remember Actor Vivek