ചുമ്മാ ഡയലോഗ് പറഞ്ഞുപോയി ഡബ്ബിങ്ങില്‍ കറക്ട് ചെയ്യുന്ന പലരേയും കണ്ടിട്ടുണ്ട്, കല്യാണിയുടെ കാര്യം അങ്ങനെയല്ല: ടൊവിനോ
Movie Day
ചുമ്മാ ഡയലോഗ് പറഞ്ഞുപോയി ഡബ്ബിങ്ങില്‍ കറക്ട് ചെയ്യുന്ന പലരേയും കണ്ടിട്ടുണ്ട്, കല്യാണിയുടെ കാര്യം അങ്ങനെയല്ല: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th August 2022, 1:28 pm

മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ടൊവിനോ നായകനായ തല്ലുമാല. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ചിത്രത്തെ കുറിച്ചും നായിക കല്യാണി പ്രിയദര്‍ശനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. കല്യാണിയെ ആദ്യമായി കാണുന്നത് തല്ലുമാല ലൊക്കേഷനില്‍ വെച്ചാണെന്നും അഭിനയത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം ഡെഡിക്കേറ്റഡ് ആയ താരമാണ് കല്യാണിയെന്നും ടൊവിനോ അഭിമുഖത്തില്‍ പറഞ്ഞു.

‘പ്രിയന്‍ സാറിന്റെ വീട്ടില്‍ നേരത്തെ പല തവണ ഞാന്‍ പോയിട്ടുണ്ട്. പക്ഷേ കല്യാണിയെ ആദ്യമായി കാണുന്നത് തല്ലുമാലയുടെ ലൊക്കേഷനിലാണ്. കല്യാണിയെ കുറിച്ച് പറഞ്ഞാല്‍ അറിയാത്ത ഒരു കാര്യം പഠിച്ചെടുക്കാന്‍ അവര്‍ കാണിക്കുന്ന എഫേര്‍ട്ടിനെ കുറിച്ചാണ്.

എന്നെ സംബന്ധിച്ച് എനിക്ക് ഡാന്‍സ് അറിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ നേരത്തെ സെറ്റിലെത്തി അത് പഠിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അതുപോലെയാണ് കല്യാണിയും. അവര്‍ മുഹ്‌സിനെ വിളിച്ച് എനിക്ക് സ്‌ക്രിപ്റ്റ് നേരത്തെ വേണമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

ലൊക്കേഷനില്‍ ഷൂട്ടിന് വന്നിട്ട് ഡയലോഗുകളൊന്നും പഠിക്കാതെ എ,ബി,സി,ഡി എ,ബി,സി,ഡി എന്നൊക്കെ ചുമ്മാ ഡയലോഗ് പറഞ്ഞ് പോകുന്നവരൊക്കെ ഉണ്ടായിരുന്നു. അങ്ങനെ ഒരു കാലമുണ്ടായിരുന്നു ആക്ടേഴ്‌സിന്. പിന്നീട് ഡബ്ബിങ്ങില്‍ ഇത് മേക്കപ്പ് ചെയ്യുകയാണ് ചെയ്യുന്നത്.

അങ്ങനെയൊന്നുമുള്ള ആറ്റിറ്റിയൂഡേ കല്യാണിക്കില്ല. വളരെ ആത്മാര്‍ത്ഥമായിട്ടാണ് അത്തരം കാര്യങ്ങളെ അവര്‍ കാണുന്നത്. സ്‌ക്രിപ്റ്റിന് വേണ്ടി മുഹ്‌സിനെ എപ്പോഴും വിളിച്ചുകൊണ്ടിരിക്കും. മുഹ്‌സിന്‍ ആണെങ്കില്‍ തരാം തരാം എന്ന് പറയും. അവനാണെങ്കില്‍ ഈ ക്രിയേറ്ററുടേതായ ഇംപ്രവൈസേഷന്‍ ഇങ്ങനെ വന്നുകൊണ്ടേയിരിക്കും.

ഇതിന്റെ ഫൈനല്‍ ഔട്ട് ലോക്ക് ചെയ്യുന്നതുവരെയും റൈറ്ററിന്റെ ജോലി തീരുന്നില്ലെന്ന് വിശ്വസിക്കുന്നവനാണ് അവന്‍. അവന് കല്യാണിക്ക് സ്‌ക്രിപ്റ്റ് നേരത്തെ കൊടുക്കണമെന്നുമുണ്ട്. ഇനി എന്തെങ്കിലും ഇംപ്രവൈസ് ചെയ്തുകഴിഞ്ഞാല്‍ ഇത് പഠിക്കുന്നതോടെ പിന്നീട് മാറ്റം വരുത്തുമ്പോള്‍ ഒടുവില്‍ പ്രശ്‌നമാകുമോ എന്നുള്ള പേടിയും അവനുണ്ട്.

ഞാന്‍ പറഞ്ഞുവന്നത്, അത്തരമൊരു എഫേര്‍ട്ട് എടുക്കാനുള്ള ഇവരുടെയൊക്കെ ശ്രമത്തെ കുറിച്ചാണ്. ചുമ്മാ ഡയലോഗ് പറഞ്ഞിട്ട് ഡബ്ബിങ്ങില്‍ ശരിയാക്കാമെന്ന് പറഞ്ഞുപോകുന്ന ആളുകളെയൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. ഭാഷ സ്ലാംങ്ങ് ഇതൊക്കെ പഠിച്ചു ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നും. ഞാന്‍ ഒരുപക്ഷേ അങ്ങനെ ആയതുകൊണ്ട് കൂടിയാവാം, ടൊവിനോ പറഞ്ഞു.

താന്‍ ഒരു നല്ല അഭിനേത്രിയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ആ ഇന്‍സെക്യൂരിറ്റിയില്‍ നിന്നാണ് ഇത് വരുന്നതെന്നുമായിരുന്നു ഇതിനോടുള്ള കല്യാണിയുടെ മറുപടി.

ഒരു കാര്യം അറിയില്ലെന്ന് പറഞ്ഞ് അത് ചെയ്യാതിരിക്കുന്നതിനേക്കാള്‍ അഭിനന്ദനം അര്‍ഹിക്കുന്നത് ആ കാര്യം പഠിച്ച് ചെയ്യുന്നതിന് തന്നെയാണെന്നായിരുന്നു ടൊവിനോ പറഞ്ഞത്.

Content Highlight: Actor Tovino Thomas about kalyani priyadarshan dedication thallumala movie