ഒരു സക്‌സസ് കിട്ടിയാല്‍ റിസ്‌കെടുക്കാന്‍ പേടിയായിരുന്നു; സേഫ് സോണിനോടൊന്നും ഇപ്പോള്‍ താത്പര്യമില്ല: ടൊവിനോ പറയുന്നു
Malayalam Cinema
ഒരു സക്‌സസ് കിട്ടിയാല്‍ റിസ്‌കെടുക്കാന്‍ പേടിയായിരുന്നു; സേഫ് സോണിനോടൊന്നും ഇപ്പോള്‍ താത്പര്യമില്ല: ടൊവിനോ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th March 2021, 3:45 pm

കൊവിഡിന് ശേഷം നാല് സിനിമകളുടെ ഷൂട്ടിങ് തീര്‍ത്ത് അഞ്ചാമത്തെ ചിത്രമായ മിന്നല്‍ മുരളിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് നടന്‍ ടൊവിനോ.

കള, കാണെ കാണെ, വഴക്ക്, നാരദന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളാണ് ടൊവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ കള നാളെ റിലീസാവുകയാണ്.

തനിക്ക് ചിന്തിക്കാനും ഒരുങ്ങാനും കുറച്ചു സമയമൊക്കെ ലഭിച്ചിരുന്നെന്നും ആ കാരണം കൊണ്ടു തന്നെ ഇനി വരുന്ന ലൈനപ്പിലുള്ള സിനിമകളിലൊന്നും തനിക്ക് തെറ്റുകള്‍ പറ്റില്ലെന്ന് വിശ്വസിക്കുന്നെന്നും പറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ.

ഇതിന് മുന്‍പ് തെറ്റുകള്‍ പറ്റിയിരുന്നോ എന്ന ചോദ്യത്തിന് തെറ്റുകള്‍ പറ്റിയിരുന്നെന്നും മനുഷ്യരല്ലേ എന്നുമായിരുന്നു ടൊവിനോയുടെ മറുപടി. ‘ഇപ്പോള്‍ ഞാന്‍ കുറച്ചുകൂടി കെയര്‍ഫുള്‍ ആണ്. സക്‌സസ് എന്ന് പറയുന്നത് ഒരു അതിഭീകര ട്രാപ്പാണ്. അതിനകത്ത് പെടുമ്പോഴാണ് ഈ തെറ്റുകള്‍ പറ്റുന്നത്.

പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി ചില തിരിച്ചടികളൊക്കെ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് ചില കണ്‍വെന്‍ഷണല്‍ സിനിമകളുടെ ചട്ടക്കൂടിലേക്കൊക്കെ നമുക്ക് പോകേണ്ടി വരും. കാര്യം ഒരു സക്‌സസ് കിട്ടുമ്പോള്‍ നമുക്ക് റിസ്‌കെടുക്കാന്‍ പേടിയായിരിക്കും.

പക്ഷേ ഇപ്പോള്‍ എനിക്ക് അങ്ങനെയുള്ള പേടിയൊന്നുമില്ല. നമ്മള്‍ ഒരു മഹാമാരിയെയൊക്കെ അതിജീവിച്ചു നില്‍ക്കുകയല്ലേ. ഇത്ര കാലം കൊണ്ട് നമ്മള്‍ എന്തൊക്കെ കണ്ടു. അതുകൊണ്ട് തന്നെ ഒരു സേഫ് സോണിനോടൊന്നും താത്പര്യമില്ല. എനിക്കിഷ്ടമുള്ള സിനിമകളൊക്കെ ചെയ്യുന്നു. അത് ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ സന്തോഷം. ഇഷ്ടപ്പെട്ടില്ലെങ്കിലും സന്തോഷം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്ത സിനിമയുമായി വരും, ടൊവിനോ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Tovino About His Films