മഞ്ഞില്‍വിരിഞ്ഞ പൂവ് കണ്ടപ്പോള്‍ അദ്ദേഹത്തോട് വെറുപ്പായിരുന്നു; പിന്നീട് എന്റെ ഇഷ്ടനടനായി അദ്ദേഹം മാറി; ബറോസിന് ആശംസയറിച്ച് സുചിത്ര
Malayalam Cinema
മഞ്ഞില്‍വിരിഞ്ഞ പൂവ് കണ്ടപ്പോള്‍ അദ്ദേഹത്തോട് വെറുപ്പായിരുന്നു; പിന്നീട് എന്റെ ഇഷ്ടനടനായി അദ്ദേഹം മാറി; ബറോസിന് ആശംസയറിച്ച് സുചിത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th March 2021, 12:36 pm

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് ആശംസ അറിയിച്ച് ഭാര്യ സുചിത്ര. നവോദയ സ്റ്റുഡിയില്‍ നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു സുചിത്ര.

വേദിയില്‍ എത്തി സംസാരിക്കണമെന്ന് കരുതിയിരുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന ദിവസമായ ഇന്ന് രണ്ട് വാക്ക് സംസാരിക്കണമെന്ന് തോന്നിയെന്നും സുചിത്ര പറഞ്ഞു. മോഹന്‍ ലാല്‍ എന്ന നടനെ അദ്ദേഹത്തിന്റെ തുടക്കകാലത്ത് തനിക്ക് ഇഷ്ടമല്ലായിരുന്നെന്നും മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടപ്പോള്‍ അദ്ദേഹത്തോട് വെറുപ്പായിരുന്നെന്നും സുചിത്ര പറയുന്നു.

‘ഞാന്‍ ഇവിടെ വന്ന് സംസാരിക്കുന്നത് ചേട്ടന് തന്നെ ഒരു സര്‍പ്രൈസ് ആയിരിക്കും. ഇന്നലെ ആന്റണി എന്റെ അടുത്ത് ചോദിച്ചിരുന്നു, സംസാരിക്കാമോ എന്ന്. പ്ലീസ് എന്നെ വിളിക്കല്ലേ എന്നാണ് പറഞ്ഞത്. പിന്നെ ഞാന്‍ വിചാരിച്ചു സംസാരിക്കണമെന്ന്.

ഇക്കാലമത്രയും ഞാന്‍ പിറകിലെ ഒരു സീറ്റില്‍ മാത്രം ഇരിക്കാന്‍ ശ്രമിച്ച ആളായിരുന്നു. അപ്പുവിന്റെ ആദ്യ സിനിമ വന്നപ്പോള്‍ ഞാന്‍ സ്‌റ്റേജില്‍ വരികയും സംസാരിക്കുകയും ചെയ്തു. ഇന്ന് ഇത് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും മനോഹരമായ ഒരു ദിവസമാണ്. ഒരു ഡയരക്ടര്‍ എന്ന നിലയില്‍ അദ്ദേഹം തുടക്കം കുറിക്കുകയാണ്. ഇത് നല്ലൊരു തുടക്കമാവട്ടെ.

നവോദയ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞപൂവിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച വ്യക്തിയാണ് അദ്ദേഹം. ആ സമയത്ത് എനിക്ക് അദ്ദേഹത്തോട് വെറുപ്പായിരുന്നു. വില്ലനായി അഭിനയിച്ച അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടപ്പോള്‍ എനിക്ക് വെറുപ്പായിരുന്നു തോന്നിയത്.

നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചു. അപ്പോള്‍ അദ്ദേഹത്തെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ ഓരോ സിനിമകളോടും ഇഷ്ടം തോന്നി. പിന്നീട് ഞാന്‍ അദ്ദേഹത്തെ വിവാഹം ചെയ്തു. ഞാന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല നടന്‍ അദ്ദേഹമായി.

ബറോസിനെ കുറിച്ച് എന്റെയടുത്ത് പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചു. കുറേ നാളുകള്‍ക്ക് ശേഷമാണ് ഒരു ത്രിഡി സിനിമ വരുന്നതെന്ന പ്രത്യേകത ബറോസിനുണ്ട്. ബറോസിന് എല്ലാ വിധ ആശംസകളും അറിയിക്കുകയാണ്. ബറോസിലൂടെ അദ്ദേഹം എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനായും മാറുമെന്ന് എനിക്ക് ഉറപ്പാണ്, സുചിത്ര പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohanlal Wife Suchithra About Barroz