സ്ഥിരമായാല്‍ വയസന്‍ വേഷങ്ങള്‍ ഗുണം ചെയ്യില്ലെന്ന് ആ സൂപ്പര്‍സ്റ്റാര്‍ അന്ന് തമാശ രൂപേണ ഓര്‍മിപ്പിച്ചു: സുരാജ് വെഞ്ഞാറമൂട്
Entertainment
സ്ഥിരമായാല്‍ വയസന്‍ വേഷങ്ങള്‍ ഗുണം ചെയ്യില്ലെന്ന് ആ സൂപ്പര്‍സ്റ്റാര്‍ അന്ന് തമാശ രൂപേണ ഓര്‍മിപ്പിച്ചു: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 4:00 pm

മിമിക്രിയിലൂടെ സിനിമയില്‍ വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോള്‍ കോമഡിയില്‍ നിന്നും മാറി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമപ്രേമികളെ വിസ്മയിപ്പിക്കുകയാണ് അദ്ദേഹം.

മലയാളത്തില്‍ മിക്ക നടന്മാരുടെ കൂടെയും കരിയറിന്റെ തുടക്കത്തില്‍ തന്നെ അഭിനയിക്കാന്‍ സുരാജിന് സാധിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പവും നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. അദ്ദേഹത്തോട് തനിക്ക് സ്‌നേഹവും ആരാധനയും കലര്‍ന്ന അടുപ്പമാണെന്നാണ് നടന്‍ പറയുന്നത്. കുട്ടന്‍പിള്ളയുടെ ശിവരാത്രി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സ്ഥിരമായാല്‍ വയസന്‍ വേഷങ്ങള്‍ ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തമാശ രൂപേണ ഓര്‍മിപ്പിച്ചിരുന്നെന്നും സുരാജ് പറഞ്ഞു.

‘സ്‌നേഹവും ആരാധനയും കലര്‍ന്ന അടുപ്പമാണ് എനിക്ക് മമ്മൂക്കയോട്. സിനിമയിലെ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാണുമ്പോഴെല്ലാം വിളിക്കാറുണ്ട്. നടന്‍ എന്നതിനപ്പുറം മനുഷ്യന്‍ എന്ന നിലയിലും അദ്ദേഹത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്.

ഞാന്‍ അഭിനയിച്ച സിനിമകള്‍ ശ്രദ്ധിക്കപ്പെടുമ്പോഴെല്ലാം അദ്ദേഹത്തില്‍നിന്ന് അഭിനന്ദനങ്ങള്‍ എത്തുമായിരുന്നു. ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിച്ച വാക്കുകള്‍ ഇന്നും ഓര്‍മയിലുണ്ട്.

കുട്ടന്‍പിള്ളയുടെ ശിവരാത്രിയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലുമെല്ലാം പ്രായം ചെന്ന വേഷത്തില്‍ വന്നപ്പോള്‍ സ്ഥിരമായാല്‍ വയസന്‍ വേഷങ്ങള്‍ ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തമാശ രൂപേണ ഓര്‍മിപ്പിച്ചിരുന്നു,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

മായാവി എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിനെ കുറിച്ചും നടന്‍ സംസാരിച്ചു. തനിക്ക് അഭിനയജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായ വേഷമായിരുന്നു മായാവിയില്‍ കിട്ടിയതെന്നും മമ്മൂട്ടിയോടൊപ്പം പോസ്റ്ററുകളിലും ഫ്ളെക്സുകളിലും ആദ്യമായി പടം വന്നത് ഈ സിനിമയില്‍ ആയിരുന്നുവെന്നും സുരാജ് പറഞ്ഞു. മിമിക്രിപരിപാടികളുമായി ഊര് ചുറ്റുന്നകാലത്ത് അത് നല്‍കിയ നേട്ടം വളരെ വലുതായിരുന്നുവെന്നും സുരാജ് വെഞ്ഞാറമൂട് കൂട്ടിച്ചേര്‍ത്തു.

Content Highlight: Actor Suraj Venjaramoodu Talks About Mammootty