രണ്ട് തവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ട്; കൂടുതല്‍ വെളിപ്പെടുത്തലുമായി സോനു സൂദ്
national news
രണ്ട് തവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ട്; കൂടുതല്‍ വെളിപ്പെടുത്തലുമായി സോനു സൂദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th September 2021, 5:16 pm

മുംബൈ: നികുതി വെട്ടിപ്പ് ആരോപിച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികരണവുമായി നടന്‍ സോനു സൂദ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹം.

താന്‍ രണ്ട് തവണ രാജ്യസഭാ സീറ്റ് നിരാകരിച്ചിട്ടുണ്ടെന്ന് സോനു സൂദ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ എപ്പോഴും രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്ന പൗരനാണെന്നും അദ്ദേഹം പറഞ്ഞു.

” ഞാന്‍ എപ്പോഴും നിയമങ്ങള്‍ അനുസരിക്കുന്ന പൗരനാണ്. എന്തൊക്കെ വിവരങ്ങളാണോ അവര്‍ ചോദിച്ചത് അതൊക്കെ കൊടുത്തിട്ടുണ്ട്. എന്തൊക്കെ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടോ അതിനൊക്കെ ഉത്തരം കൊടുത്തിട്ടുണ്ട്. ഞാന്‍ എന്റെ ഭാഗം ചെയ്തു, അവര്‍ അവരുടേതും,” സോനു പറഞ്ഞു.

തന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു ജീവന്‍ രക്ഷിക്കാനുള്ള ഊഴം കാത്തിരിക്കുകയാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. നാല് ദിവസമായി അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നുവെന്നും ആദായനികുതി വകുപ്പിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.

” കഥയുടെ വശം നിങ്ങള്‍ എപ്പോഴും പറയേണ്ടതില്ല. സമയം വരും. ഓരോ ഇന്ത്യക്കാരന്റെയും സന്മനസ്സുണ്ടെങ്കില്‍ ഏറ്റവും പ്രയാസമേറിയ പാത പോലും എളുപ്പമായി തോന്നാം,” സോനുസൂദ് പറഞ്ഞു.

തന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു വിലയേറിയ ജീവന്‍ രക്ഷിക്കാനും ആവശ്യമുള്ളവരില്‍ എത്തിച്ചേരാനും കാത്തിരിക്കുകയാണെന്നും കൂടാതെ, പല അവസരങ്ങളിലും, മാനുഷികമുല്യമുള്ള കാര്യങ്ങള്‍ക്കായി താനുമായി കരാറില്‍ ഏര്‍പ്പെട്ട തുക സംഭാവന ചെയ്യാന്‍ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ഇത് തങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ സോനു സൂദ് 20 കോടി രൂപ വെട്ടിച്ചെന്നായിരുന്നു ആദായ നികുതി വകുപ്പ് ആരോപിച്ചത്. സോനുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലും മൂന്ന് ദിവസമായി നടത്തിയ റെയ്ഡിന് ശേഷമാണ് 20 കോടി രൂപ താരം വെട്ടിച്ചതായി ആദായ നികുതി വകുപ്പ് പറഞ്ഞത്.

സോനു സൂദിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ വിദേശരാജ്യത്ത് നിന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ 2.1 കോടി സ്വരൂപിച്ചത് ചട്ട ലംഘനമാണെന്നും ആദായ നികുതി വകുപ്പ് പറഞ്ഞിരുന്നു.

ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ പദ്ധതികളില്‍ സഹകരിക്കുമെന്ന് സോനു സൂദ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് താരത്തിനെതിരെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: “I Have Declined Rajya Sabha Seats Twice” Actor Sonu Sood