അവന്റെ ഒടുക്കത്തെ അച്ഛന്‍ പാസം, പന്ന പടം എന്ന് വെച്ചാല്‍ തല്ലിപ്പൊളി പടം; ഇങ്ങനെയായിരുന്നു ചിലരുടെ കമന്റ്: സിജു സണ്ണി
Entertainment
അവന്റെ ഒടുക്കത്തെ അച്ഛന്‍ പാസം, പന്ന പടം എന്ന് വെച്ചാല്‍ തല്ലിപ്പൊളി പടം; ഇങ്ങനെയായിരുന്നു ചിലരുടെ കമന്റ്: സിജു സണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th June 2025, 6:39 pm

മരണമാസ് സിനിമയ്‌ക്കെതിരായ വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ സിജു സണ്ണി. മരണമാസ് പലര്‍ക്കും വര്‍ക്കായിട്ടില്ലെന്നും അച്ഛന്‍ പാസമെന്നും തല്ലിപ്പൊളി പടമെന്നുമൊക്കെയുള്ള ട്രോളുകള്‍ വന്നെന്നും സിജു സണ്ണി പറയുന്നു.

എല്ലാവര്‍ക്കും ദഹിക്കുന്ന സിനിമയായിരിക്കില്ല എന്ന് തുടക്കത്തിലേ അറിയാമായിരുന്നെന്നും സിനിമയുടെ സെക്കന്റ് ഹാഫില്‍ ചില മാറ്റങ്ങള്‍ വരുത്താമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്ന് സിജു പറയുന്നു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മരണമാസിന്റെ കഥ എന്റേതായിരുന്നു. തിരക്കഥയും സംഭാഷണവും ഞാനും സംവിധായകനും ചേര്‍ന്നാണ് എഴുതിയത്. എഴുതി വന്നപ്പോള്‍ എന്റെ കഥാപാത്രമായിരുന്നു അല്‍പം ഇമോഷണലി നില്‍ക്കുന്നത്.

അച്ഛന്‍ പാസം എന്ന് ട്രോള്‍ വന്നതുപോലെ. അവന്റെ ഒടുക്കത്തെ അച്ഛന്‍ പാസം എന്ന് പലരും ട്രോളി. ആ ക്യാരക്ടറിനെ അങ്ങനെ തന്നെയായിരുന്നു എഴുതിയത്. പക്ഷേ മ്യൂസിക് ഒക്കെ വന്നപ്പോഴേക്ക് ആദ്യത്തെ ട്രാക്കില്‍ നിന്ന് ഒന്ന് ജസ്റ്റ് മാറി.

പക്ഷേ കുറേ ഓഡിയന്‍സിന് സെക്കന്റ് ഹാഫാണ് വര്‍ക്കായത്. അവിടെ ഒരു ഇമോഷനുണ്ട്. അച്ഛനുണ്ട്. അതിന് ശേഷം ബേസിലേട്ടന്റെ ബ്രേക്ക് അപ്പ് വരുന്നു. അവിടെയും ഒരു ഇമോഷനുണ്ട്.

ചിലര്‍ക്ക് ഫസ്റ്റ് ഹാഫ് ഒട്ടും മനസിലായില്ല. കാരണം അതില്‍ സ്പൂഫ് ഉണ്ട്. സര്‍ക്കാസം ഉണ്ട്. പെട്ടെന്ന് ഒരു ഡോക്ടര്‍ വന്ന് കേട്ടറിവിനേക്കാള്‍ വലുതാണ് സീരിയല്‍ കില്ലര്‍ എന്നുള്ള സാധനങ്ങള്‍ വരുന്നു. അത് കുറേ ആള്‍ക്കാര്‍ക്ക് കണക്ടായില്ല.

സെക്കന്റ് ഹാഫിലേക്ക് വരുമ്പോള്‍ കഥയുണ്ട്. അത് മനസിലായ ഓഡിയന്‍സ് ഉണ്ട്. പന്ന പടം എന്ന് വെച്ചാല്‍ ഇതുപോലൊരു തല്ലിപ്പടം എന്ന് പറഞ്ഞവര്‍ ഉണ്ട്.

എന്നാല്‍ ഡാര്‍ക്ക് ഹ്യൂമറും സര്‍ക്കാസവും സ്പൂഫും ഇഷ്ടപ്പെടുന്നവര്‍ കൊള്ളാം, പുതിയൊരു തോട്ട് എന്ന രീതിയില്‍ ചിന്തിച്ചു. കണ്ടിരിക്കാം എന്ന ന്യൂട്രല്‍ നിലപാട് ഉള്ളവരും ഉണ്ടായിരുന്നു.

ഞാന്‍ പൂര്‍ണമായും ഇതിനോടെല്ലാം യോജിക്കുന്നു. നമ്മള്‍ ഇത് എഴുതിയപ്പോഴും വന്നപ്പോഴും എല്ലാം ക്ലിയര്‍ ആയി അറിയാമായിരുന്നു ഒരുപറ്റം ആളുകള്‍ക്ക് ദഹിക്കില്ല എന്ന്.

നല്ല രീതിയില്‍ എയറില്‍ പോകുമെന്നും അറിയാമായിരുന്നു. പിന്നെ ടൊവി ചേട്ടന്റെ ആദ്യത്തെ പടമൊന്നും അല്ലല്ലോ ഇത്. ബേസിലിന്റേയും ആദ്യത്തെ പടം അല്ല. സ്‌ക്രിപ്റ്റ് പുള്ളിക്കും അറിയാമായിരുന്നു.

പിന്നെ അഭിപ്രായങ്ങളെ എപ്പോഴും സ്വീകരിക്കും. അത്രയും ഇമോഷന്‍ സെക്കന്റ് ഹാഫില്‍ വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. കുറച്ചുകൂടി അത് കോമിക്ക് ആക്കാമായിരുന്നു.

പിന്നെ പടം കഴിഞ്ഞല്ലോ. ഇനി അടുത്ത പരിപാടിയിലേക്ക് വരുമ്പോള്‍ ഇതിലുള്ള കുറച്ച് കാര്യങ്ങള്‍ കൂടി ഏറ്റൈടുത്ത് അടുത്ത സ്‌ക്രിപ്റ്റിലേക്ക് പോകും,’ സിജു ,സണ്ണി പറഞ്ഞു.

Content Highlight: Actor Siju Sunny about Maranamass Movie and Criticism