അനശ്വര എന്റെ അടുത്ത സുഹൃത്താണ്, പ്രണയം തോന്നിയിരുന്നോ എന്ന് ചോദിച്ചാല്‍ മറുപടി ഇതാണ്: സിജു സണ്ണി
Entertainment
അനശ്വര എന്റെ അടുത്ത സുഹൃത്താണ്, പ്രണയം തോന്നിയിരുന്നോ എന്ന് ചോദിച്ചാല്‍ മറുപടി ഇതാണ്: സിജു സണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th June 2025, 4:51 pm

വ്യസന സമേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രത്തെ ഗാഢമായി പ്രണയിക്കുന്ന സുഹൈല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിന്റെ നായകനിരയിലേക്ക് എത്തുകയാണ് നടന്‍ സിജു സണ്ണി.

ചിത്രത്തില്‍ ഗംഭീരമായി പെര്‍ഫോം ചെയ്യാനും സിജുവിന് സാധിച്ചിട്ടുണ്ട്. വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിലാണ് ഇതിന് മുന്‍പ് സിജുവും അനശ്വരയും ഒന്നിച്ചഭിനയിച്ചത്.

അനശ്വരയുമായുള്ള സൗഹൃദത്തെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജു സണ്ണി. അനശ്വരയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍ ക്രഷ് അടിച്ചോ എന്ന ചോദ്യത്തിനും സിജു സണ്ണി മറുപടി പറയുന്നുണ്ട്. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിജു.

ഒന്നിച്ച് അഭിനയിച്ചപ്പോള്‍ അനശ്വരയോട് ഒരു ക്രഷ് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു സിജു സണ്ണിയുടെ മറുപടി.

‘നമുക്ക് അങ്ങനെ തോന്നേണ്ട കാര്യമില്ല. ഗുരുവായൂരമ്പല നടയില്‍ തൊട്ട് ഞാന്‍ അനശ്വരയെ കാണുന്നതാണ്. സംസാരിക്കുന്നതാണ്. കൂടെയുള്ള നമ്മുടെ സുഹൃത്തുക്കള്‍ സുന്ദരികളാണ് എന്നതുകൊണ്ട് പ്രണയം തോന്നണമെന്നൊന്നും ഇല്ല.

ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സാണ്. ഞാനൊക്കെ സിനിമയില്‍ വരുന്നതിന്റെ എത്രയോ മുന്‍പേ അനശ്വര ഫീല്‍ഡില്‍ ഉണ്ട്. അന്ന് തൊട്ടേ നമ്മള്‍ ഇവരെ കാണുന്നുണ്ട്.

ഇവരൊക്കെ നന്നായി പെര്‍ഫോം ചെയ്യുന്നു, നല്ല പടങ്ങള്‍ കിട്ടുന്നു എന്നതൊക്കെ സന്തോഷമാണ്. ഇപ്പോള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റുന്നു. ഒരുമിച്ച് അഭിമുഖം നല്‍കാന്‍ കഴിയുന്നു. ഇതൊക്കെയാണ് കാര്യം. അല്ലാതെ ഇതിന് അപ്പുറത്തേക്ക് ഒരു ചിന്ത എനിക്ക് പേഴ്‌സണലി ഇല്ല,’ സിജു പറഞ്ഞു.

നടനായ ശേഷം നാട്ടിലുള്ളവരുടെയൊക്കെ സമീപനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന ചോദ്യത്തിന് ഒരു മാറ്റവും ഇല്ലെന്നായിരുന്നു സിജുവിന്റെ മറുപടി.

‘സമീപനത്തില്‍ മാറ്റമൊന്നുമില്ല. സിനിമ എന്ന് പറഞ്ഞാല്‍ എങ്ങനെയാണ്, ഫുഡൊക്കെ എങ്ങനെയാണ്. എത്രയാണ് ഇവരൊക്കെ ശമ്പളം മേടിക്കുന്നത് അങ്ങനെയുള്ള ചെറിയ കാര്യങ്ങളൊക്കെയാണ് അവര്‍ക്ക് അറിയേണ്ടത്. അല്ലാതെ ഒരു സിനിമ എത്ര കോടി കളക്ട് ചെയ്‌തെന്നോ അടുത്ത പടത്തില്‍ എത്ര പൈസ മേടിക്കുമെന്നോ ഒന്നും ആരും ചോദിക്കാറില്ല.

അനശ്വര എങ്ങനെയുണ്ട്, പാവമാണോ. നിങ്ങളോടൊക്കെ മിണ്ടാറുണ്ടോ, ഇതൊക്കെയാണ് അവര്‍ക്ക് അറിയേണ്ടത്. അവര്‍ ടിവിയിലല്ലേ ഇവരെ കാണുന്നുള്ളൂ. അവരെ സംബന്ധിച്ച് ഞാനേ ഉള്ളൂ അവിടെ സിനിമയിലുള്ള ആളായിട്ട്.

കൊച്ചിയില്‍ പോകുമ്പോള്‍ നീ എവിടെ നില്‍ക്കും, നീ വാടക കൊടുത്ത് നില്‍ക്കേണ്ട, വല്ലതും കിട്ടാറുണ്ടോ ഇങ്ങനെയുള്ള സംസാരങ്ങളാണ്. അതുപോലെ ലാലേട്ടന്റെ കൂടെ അഭിനയിക്കുമോ, നമ്മുടെ നാട്ടിലൊക്കെ ഷൂട്ട് വരുമോ എന്നൊക്കയുള്ള കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ ചോദിക്കും.

അതൊക്കെ നമുക്ക് കേള്‍ക്കുമ്പോഴും സന്തോഷമാണ്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ പോലും ഭയങ്കരമായിട്ടുള്ള കാര്യങ്ങളാണ് ചോദിക്കുന്നത്. നാട്ടിന്‍പുറത്ത് അതല്ല,’ സിജു സണ്ണി പറഞ്ഞു.

Content Highlight: Actor Siju sunny about Anaswara rajan and Crush