ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു; ഇപ്പോഴും അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു; സിദ്ദീഖ്
Malayalam Cinema
ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു; ഇപ്പോഴും അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു; സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th October 2020, 7:48 pm

കൊച്ചി: അന്തരിച്ച നടന്‍ തിലകനോട് താന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്‌തെന്ന് തുറന്നു പറഞ്ഞ് നടന്‍ സിദ്ദീഖ്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദീഖിന്റെ തുറന്നുപറച്ചില്‍.

അമ്മയുമായി ഇടഞ്ഞ് നിന്ന സമയത്ത് തിലകനോട് എതിര്‍ത്ത് സംസാരിച്ചതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. ‘തിലകന്‍ ചേട്ടന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് താന്‍ ചെയ്തത്. അത് പിന്നീട് തിലകന്‍ ചേട്ടന്റെ മകള്‍ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാള്‍ ചേട്ടന്‍ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന് മകള്‍ പറഞ്ഞതായും സിദ്ദീഖ് പറയുന്നു.

പിന്നീട് താന്‍ തിലകനോട് നേരിട്ട് തന്നെ മാപ്പു പറഞ്ഞെന്നും സിദ്ദീഖ് പറഞ്ഞു. ഒരു ചാനലിന്റെ പരിപാടിയില്‍ തിലകന്‍ ചേട്ടനും നവ്യ നായരും ഞാനുമായിരുന്നു വിധികര്‍ത്താക്കള്‍. ആ ഷോ പുറത്ത് വന്നില്ല. അന്ന് തനിക്ക് നേരത്തെ പറഞ്ഞ ഭയം ഉള്ളിലുണ്ട്. അദ്ദേഹം ഏത് സമയത്ത് വേണമെങ്കിലും പൊട്ടിത്തെറിക്കാം. നവ്യയോട് വളരെ സ്വാതന്ത്ര്യമുണ്ട്. വളരെ വാല്‍സല്യത്തോടെയാണ് നവ്യയോട് പെരുമാറുന്നത്. എന്നോട് മിണ്ടുന്നുമില്ല. അങ്ങനെ എന്തോ ഒരു പെര്‍ഫോമന്‍സ് കഴിഞ്ഞിട്ട് ഞാനൊരു അഭിപ്രായം പറഞ്ഞു. ചെയ്തതിനെ കുറ്റപ്പെടുത്തി പറയുകയല്ല. അത് മറ്റൊന്നിന്റെ കോപ്പിയാണ്. മറ്റൊരാള്‍ ചെയ്തതിനെ പകര്‍ത്തി ചെയ്തു എന്ന് മാത്രമേ പറയാനുള്ളു എന്നാണ് പറഞ്ഞത്.

അപ്പോള്‍ ഉടനെ തിലകന്‍ ചേട്ടന്‍ മൈക്കെടുത്ത് പറഞ്ഞു. സിദ്ദിഖ് ഒരു അഭിപ്രായം പറഞ്ഞല്ലോ. 100 ശതമാനം ശരിയാണ്. ഒരു കലാകാരനായതുകൊണ്ടാണ് ആ അഭിപ്രായം പറയുന്നത് എന്ന്. നിങ്ങളീ ചെയ്തത് തന്നെ വേറൊരാള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. അതിന് ശേഷം ആ ഷോയില്‍ ബ്രേക്കായിരുന്നു. നവ്യ അപ്പുറത്തെവിടെയോ പോയി. എന്തും വരട്ടയെന്ന് കരുതി ഞാന്‍ തിലകന്‍ ചേട്ടനോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു. ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്. ആ തിരിച്ചറിവുണ്ടായല്ലോ അതു മതി എന്നാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്. എന്നും സിദ്ദീഖ് പറയുന്നു.

അന്ന് പിന്നെ നല്ല രീതിയില്‍ സംസാരിച്ചു. കാരണം അതിന് മുമ്പ് ഉള്ള ബന്ധം അത്രത്തോളം ദൃഢമായിരുന്നെന്നും താനായിട്ട് തന്നെയായിരുന്നു അത് നശിപ്പിച്ചതെന്നും സിദ്ദീഖ് തുറന്നു പറഞ്ഞു.

അന്ന് സംഘടനയുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു. നല്ലപോലെ അന്ന് സംസാരിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവില്ലായിരുന്നെന്നും താന്‍ ഇപ്പോഴും അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നെന്നും സിദ്ദീഖ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor siddique apologizes to Actor Thilakan AMMA Issue.