എന്ത് പേരാണ് ഇതൊക്കെ, ഞാന്‍ കൂതറ കാണാന്‍ പോകുകയാണെന്ന് പറയണോ; മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് നടന്‍ മധു പറഞ്ഞ കാര്യം പങ്കുവെച്ച് സിദ്ദിഖ്
Movie Day
എന്ത് പേരാണ് ഇതൊക്കെ, ഞാന്‍ കൂതറ കാണാന്‍ പോകുകയാണെന്ന് പറയണോ; മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് നടന്‍ മധു പറഞ്ഞ കാര്യം പങ്കുവെച്ച് സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th March 2022, 2:07 pm

സിനിമയ്ക്ക് നല്‍കുന്ന പേരുകളുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്ന നടന്‍ സിദ്ദിഖിന്റെ ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. സിനിമയുടെ പേരില്‍ വലിയ കാര്യമുണ്ടെന്നും ഒരു സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ നമുക്ക് ആ സിനിമ കാണാന്‍ തോന്നണമെന്നാണ് സിദ്ദിഖ് പറയുന്നത്.

മോഹന്‍ലാല്‍ നായകനായ ഒരു സിനിമയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് നടന്‍ മധു തന്നോട് പറഞ്ഞ ഒരു കാര്യത്തെ കുറിച്ചായിരുന്നു സിദ്ദിഖ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത്.

‘ എന്റെ അടുത്ത് മധു സര്‍ ഒരിക്കല്‍ പറഞ്ഞു, എന്താണ് സിദ്ദിഖ് ഇങ്ങനെയുള്ള പേരുകളൊക്കെ സിനിമയ്ക്ക് ഇടുന്നത് എന്ന്. എന്തുപറ്റി സാര്‍ എന്ന് ഞാന്‍ ചോദിച്ചു.

ഇപ്പോള്‍ അടുത്ത് ഒരു സിനിമയുടെ പേര് കേട്ടു, കൂതറ. മോഹന്‍ലാല്‍ അഭിനയിച്ച സിനിമയാണ്. നമ്മളോട് ഒരാള്‍ ചോദിച്ചാല്‍ എന്തുപറയും, കൂതറ കാണാന്‍ പോകുകയാണെന്ന് പറയണോ? മധു സാറിനെപ്പോലെ അത്രയ്ക്കും സീനിയറായ ഒരു ആക്ടര്‍ പറഞ്ഞ കാര്യമാണ്.

പേരില്‍ വലിയ കാര്യമുണ്ട്. ഒരു പേരാണല്ലോ നമ്മളെ ആദ്യം അട്രാക്ട് ചെയ്യുന്നത്. ചില സിനിമകള്‍ നമ്മള്‍ കണ്ടിട്ട് കുറച്ചുകൂടി നല്ല പേരിട്ടിരുന്നെങ്കില്‍ ഈ സിനിമ നന്നായിരുന്നേനെ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു പേര് പറയാനും എനിക്ക് മടിയില്ല.

കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്നൊരു സിനിമ കണ്ടു. ബ്യൂട്ടിഫുള്‍ സിനിമയാണ്. എന്തൊരു നല്ല മേക്കിങ് ആണെന്ന് അറിയുമോ, പക്ഷേ ആ പേര് കേട്ടപ്പോള്‍ ആ സിനിമ കാണാന്‍ എനിക്ക് തോന്നിയില്ല.

‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി, ആ എന്നാല്‍ ആ സിനിമയൊന്ന് കണ്ടുകളയാം’ എന്ന് എനിക്ക് തോന്നിയില്ല. പക്ഷേ സിനിമ കണ്ടപ്പോള്‍ വെല്‍ മെയ്ഡ്, വെല്‍ എഡിറ്റഡ്, വെല്‍ ആക്ടഡ്, വെല്‍ സ്‌ക്രിപ്റ്റഡ് ആയിട്ടുള്ള സിനിമ. എല്ലാം കൊണ്ടും നല്ല സിനിമയാണ്. അപ്പോള്‍ ഈ സിനിമയ്ക്ക് കുറച്ചുകൂടി അട്രാക്ടഡ് ആയ ഒരു പേരിടാമായിരുന്നല്ലോ എന്ന് എനിക്ക് തോന്നി.

അതുപോലെ ചില സിനിമകളുടെ പേര് ഭയങ്കര നല്ല പേരായിരിക്കും. പക്ഷേ കണ്ടന്റ് ഒന്നുമുണ്ടാവില്ല. പക്ഷേ പേര് നമ്മളെ അട്രാക്ട് ചെയ്യിക്കും. അതുകൊണ്ട് തന്നെ സിനിമയുടെ പേരുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

അതുപോലെ ഞാന്‍ അഭിനയിച്ച എല്ലാം ശരിയാകുമെന്ന സിനിമ. ആ പേരിടാന്‍ കാരണം എല്‍.ഡി.എഫിന്റെ ടാഗ് ലൈന്‍ തന്നെയാണ്. പക്ഷേ അങ്ങനെ ഒരു ടാഗ് ലൈന്‍ അവര്‍ ഇട്ടിട്ടില്ലായിരുന്നെങ്കില്‍ കൂടി തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്ന് ആ പേരില്‍ തന്നെ എത്തിയേക്കുമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, സിദ്ദിഖ് പറയുന്നു.

Content Highlight: Actor Siddique about Mohanlal Movie name and Actor Madhu