ആ മലയാളി നടിയോട് തമിഴ് എങ്ങനെ പഠിച്ചെന്ന് ചോദിച്ചപ്പോള്‍ വിജയ്‌യുടെ 'ഡാഡി മമ്മി വീട്ടില്‍ ഇല്ല' പാട്ടില്‍ നിന്നാണെന്ന് പറഞ്ഞു: ശിവ
Entertainment
ആ മലയാളി നടിയോട് തമിഴ് എങ്ങനെ പഠിച്ചെന്ന് ചോദിച്ചപ്പോള്‍ വിജയ്‌യുടെ 'ഡാഡി മമ്മി വീട്ടില്‍ ഇല്ല' പാട്ടില്‍ നിന്നാണെന്ന് പറഞ്ഞു: ശിവ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd July 2025, 9:41 pm

മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ തമിഴ് നടനാണ് മിര്‍ച്ചി ശിവ. അദ്ദേഹം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പറന്തു പോ. തമിഴിലെ പ്രശസ്ത സംവിധായകനായ റാം ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ മലയാളിയായ ഗ്രേസ് ആന്റണിയും അഭിനയിക്കുന്നുണ്ട്. ഗ്രേസിന്റെ ആദ്യ തമിഴ് ചിത്രമാണിത്. ഇപ്പോള്‍ ഗ്രേസ് എങ്ങനെയാണ് തമിഴ് പഠിച്ചതെന്ന് പറയുകയാണ് ശിവ. നടിയോട് എങ്ങനെയാണ് തമിഴ് പഠിച്ചതെന്ന് ചോദിച്ചപ്പോള്‍ വിജയ്‌യുടെ തമിഴ് പാട്ടില്‍ നിന്നാണ് പഠിച്ചതെന്നായിരുന്നു മറുപടി എന്നാണ് അദ്ദേഹം പറയുന്നത്.

വിജയ്‌യുടെ ‘ഡാഡി മമ്മി വീട്ടില്‍ ഇല്ല’ എന്ന തമിഴ് പാട്ടിനെ കുറിച്ചാണ് ശിവ സംസാരിച്ചത്. പറന്ത് പോ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഗ്രേസിനോട് തമിഴ് എങ്ങനെയാണ് പഠിച്ചതെന്ന് ചോദിച്ചു. അന്ന് വിജയ് സാറിന്റെ പാട്ടില്‍ നിന്നാണ് പഠിച്ചത് എന്നായിരുന്നു മറുപടി. ഏതാണ് ആ പാട്ടെന്ന് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി കോമഡിയാണ്.

ഒരു തമിഴ് പാട്ടാണ്. ‘ഡാഡി മമ്മി വീട്ടില്‍ ഇല്ല’ എന്ന പാട്ടിനെ കുറിച്ചാണ് പറഞ്ഞത്. ഈ പാട്ട് കേട്ട് ഒരാള്‍ തമിഴ് പഠിക്കണമെങ്കില്‍ എങ്ങനെയുള്ള ആളാകും ഗ്രേസ് എന്ന് ചിന്തിച്ചു നോക്കൂ (ചിരി),’ ശിവ പറയുന്നു.

തനിക്ക് മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും തന്റെ മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടിയെയും ഇഷ്ടമാണെന്ന് പറയുന്ന അദ്ദേഹം എന്നാല്‍ മോഹന്‍ലാലിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ ഒരു ക്ലോസപ്പ് ഷോട്ടില്‍ കൊടുക്കുന്ന റിയാക്ഷന് ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്നാണ് ശിവ പറയുന്നത്. അദ്ദേഹത്തിന്റെ ഹ്യൂമര്‍ തനിക്ക് ഇഷ്ടമാണെന്നും മോഹന്‍ലാല്‍ എന്ന നടന് ഹ്യൂമറും സീരിയസായ വേഷവും ഒരുപോലെ ചെയ്യാനാകുമെന്നും ശിവ പറഞ്ഞു.


Content Highlight: Actor Shiva Talks About Grace Antony