അവസാനമായി ഭക്ഷണം കഴിച്ചത് ഉണ്ടയുടെ സെറ്റില്‍ വെച്ചാണെന്ന് പറഞ്ഞു, അതുകഴിഞ്ഞിട്ട് നീ പട്ടിണിയാണോയെന്ന് മമ്മൂക്ക പെട്ടെന്ന് ചോദിച്ചു: ഷൈന്‍ ടോം ചാക്കോ
Entertainment news
അവസാനമായി ഭക്ഷണം കഴിച്ചത് ഉണ്ടയുടെ സെറ്റില്‍ വെച്ചാണെന്ന് പറഞ്ഞു, അതുകഴിഞ്ഞിട്ട് നീ പട്ടിണിയാണോയെന്ന് മമ്മൂക്ക പെട്ടെന്ന് ചോദിച്ചു: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th January 2023, 12:00 pm

ഭീഷ്മയുടെ സെറ്റില്‍ വെച്ച് മമ്മൂട്ടിയുടെ ഒപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടിയുടെ അടുത്തേക്ക് പോയി സംസാരിച്ചില്ലെങ്കില്‍ എന്താണ് സംസാരിക്കാന്‍ വരാത്തതെന്ന് അദ്ദേഹം ചോദിക്കാറുണ്ടെന്നും ഷൈന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ വീട്ടില്‍ നിന്ന് അദ്ദേഹത്തിന് കഴിക്കാനായി കൊണ്ടുവരുന്ന ഭക്ഷണത്തില്‍ നിന്നും എല്ലാവര്‍ക്കും മമ്മൂട്ടി വീതിച്ച് നല്‍കുമെന്നും സെറ്റില്‍ വെച്ച് ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുകയെന്നും ഷൈന്‍ പറഞ്ഞു.

അവസാനമായി ഉണ്ട സിനിമയിലായിരുന്നു മമ്മൂട്ടിയുടെ ഭക്ഷണം കഴിച്ചത് അതിന് ശേഷം ഇപ്പോഴാണ് വീണ്ടും കഴിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അതുവരെ ഷൈന്‍ പട്ടിണി കിടക്കുകയായിരുന്നോ എന്ന് മമ്മൂട്ടി ചോദിച്ചതിനെക്കുറിച്ചും ഷൈന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സെറ്റില്‍ ചെന്നാല്‍ മമ്മൂക്ക അടുത്തേക്ക് വരും. നിങ്ങളെ എന്താ രാവിലെ വന്നിട്ട് എന്നെ മൈന്‍ഡ് ഒന്നും ചെയ്യാത്തതെന്ന്. ഒരു ഹായ് പോലും പറയാത്തത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

ഇങ്ങനെയൊരു സാഹചര്യം കൊണ്ടാണ് ഞങ്ങള്‍ അടുത്തേക്ക് ഒന്നും വരാത്തതെന്ന് ഞാന്‍ പറഞ്ഞു. അതിന് ഇപ്പോള്‍ എന്താ നമ്മള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നവരല്ലെയെന്ന് എന്നോട് ചോദിച്ചു. ഞങ്ങളുടെ കൂടെ ഇരിക്കാനും സംസാരിക്കാനും വളരെ അധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് മമ്മൂക്ക.

ഞങ്ങളെല്ലാവരും ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചാണ് ഇരിക്കുക. മമ്മൂക്കയുടെ വീട്ടില്‍ നിന്നുള്ള ഭക്ഷണങ്ങളാണ് കൊണ്ടുവരിക. എല്ലാതരം ഭക്ഷണവും അദ്ദേഹം പങ്കുവെക്കും.

കുറേകാലമായി മമ്മൂക്കയുടെ ഭക്ഷണം കഴിച്ചിട്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അന്ന് ഉണ്ടയുടെ സമയത്താണ് അവസാനമായിട്ട് കഴിച്ചതെന്ന് ഞാന്‍ പറഞ്ഞു. അതെന്താ അതുകഴിഞ്ഞിട്ട് നീ പട്ടിണിയായിരുന്നോയെന്ന് മമ്മൂക്ക പെട്ടെന്ന് ചോദിച്ചു.

വീട്ടില്‍ നിന്നും അദ്ദേഹത്തിന് കഴിക്കാന്‍ കൊണ്ടു വരുന്ന ഭക്ഷണം മമ്മൂക്ക എല്ലാവര്‍ക്കും തരും. എല്ലാ തരം ഭക്ഷണവും അദ്ദേഹം കഴിക്കും പക്ഷെ വളരെ ചുരുക്കം അളവിലാണ് കഴിക്കുക,” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

content highlight: actor shine tom chakko about mammootty