എത്ര വലിയ കോടീശ്വരനായാലും തട്ടിപ്പ് തട്ടിപ്പാണ്, ദേശീയ വാദം ഉയര്‍ത്തി കൊള്ള മറച്ചുവെക്കാനാവില്ല; അദാനിക്ക് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്
national news
എത്ര വലിയ കോടീശ്വരനായാലും തട്ടിപ്പ് തട്ടിപ്പാണ്, ദേശീയ വാദം ഉയര്‍ത്തി കൊള്ള മറച്ചുവെക്കാനാവില്ല; അദാനിക്ക് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th January 2023, 11:00 am

ന്യൂയോര്‍ക്ക്: ദേശീയ വാദം ഉയര്‍ത്തി അദാനി ഇന്ത്യയില്‍ നടത്തിയ കൊള്ള മറച്ചുവെക്കാനാവില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്.

വസ്തുതാപരമായ ചോദ്യങ്ങള്‍ വഴിതിരിച്ചുവിടാനാണ് അദാനി ശ്രമിക്കുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു.

ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും, തനിക്കെതിരായ റിപ്പോര്‍ട്ട് ഇന്ത്യക്കെതിരായ ആക്രമണമാണെന്നുമുള്ള അദാനിയുടെ മറുപടിയില്‍ പ്രതികരിക്കുകയായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്.

‘തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്, അത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളാണ് ചെയ്യുന്നതെങ്കില്‍ പോലും. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല.

413 പേജുള്ള അദാനിയുടെ കുറിപ്പില്‍ ഞങ്ങളുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണ്.

ബാക്കിയുള്ള പ്രതികരണത്തില്‍ 330 പേജുള്ള കോടതി രേഖകളും, 53 പേജുകളില്‍ സാമ്പത്തിക, പൊതു വിവരങ്ങളും സ്ത്രീ സംരഭകത്വത്തെത്തെയും സുരക്ഷിതമായ പച്ചക്കറി ഉത്പാദനത്തെയും പ്രോത്സാഹിപ്പിക്കുന്നതെങ്ങനെ, തുടങ്ങിയ അപ്രസക്തമായ കോര്‍പ്പറേറ്റ് സംരഭങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളാണ്,’ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മറുപടിക്കുറിപ്പില്‍ പറഞ്ഞു.

88 ചോദ്യങ്ങളില്‍ 62 എണ്ണത്തിനും കൃത്യമായ മറുപടി നല്‍കാന്‍ അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ലെന്നും മറുപടിയില്‍ ഹിന്‍ഡന്‍ബര്‍ഗ് സൂചിപ്പിക്കുന്നുണ്ട്.

അദാനിയുടെ മറുപടിയോടുള്ള വിശദമായ പ്രതികരണവും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അവരുടെ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനുവരി 24ലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ക്കാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണ മറുപടി നല്‍കിയത്.  413 പേജുള്ള വിശദീകരണ കുറിപ്പാണ് അദാനി പുറത്തുവിട്ടത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാര്‍ത്ഥതക്കും ഗുണനിലവാരത്തിനും നേരെയുള്ള ആക്രമണമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണമെന്നായിരുന്നു അദാനി പ്രധാനമായും ഉന്നയിച്ചത്.ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളെല്ലാം നുണയാണെന്നും അദാനി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

അദാനി ഗ്രൂപ്പിന്റെ കടസ്ഥിതിയും ഭരണ പ്രശ്നങ്ങളും വിളിച്ചറിയിക്കുന്ന റിപ്പോര്‍ട്ടാണ് അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്.

ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം കഴിഞ്ഞ ദിവസങ്ങളിലായി വന്‍ തോതില്‍ ഇടിഞ്ഞിരുന്നു.

Content Highlight: ‘Fraud cannot be obfuscated by nationalism’, Hindenburg responds to Adani Group’s rebuttal to its report