ഭക്ഷണത്തിന് മുന്നിലിരുന്ന മമ്മൂക്ക ഖാലിദ് റഹ്‌മാന്‍ പറഞ്ഞത് കേട്ട് എഴുന്നേറ്റു; അദ്ദേഹത്തിന്റെ വിശപ്പും ദാഹവും സിനിമയാണ്: ഷൈന്‍ ടോം ചാക്കോ
Entertainment
ഭക്ഷണത്തിന് മുന്നിലിരുന്ന മമ്മൂക്ക ഖാലിദ് റഹ്‌മാന്‍ പറഞ്ഞത് കേട്ട് എഴുന്നേറ്റു; അദ്ദേഹത്തിന്റെ വിശപ്പും ദാഹവും സിനിമയാണ്: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 10:23 am

ഒരു ആക്ടറെ സംബന്ധിച്ച് ഏറ്റവും പ്രധാനമായി വേണ്ട ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. സംവിധായകന് മുന്നില്‍ അനുസരണയുള്ള ഒരാളായി ഒരു നടന്‍ മാറുമ്പോഴേ നല്ല കഥാപാത്രങ്ങള്‍ ജനിക്കുകയുള്ളൂവെന്ന് ഷൈന്‍ പറയുന്നു.

നമുക്ക് നമ്മുടെ അഭിപ്രായങ്ങള്‍ പറയാമെന്നും എന്നാല്‍ കൂടി കൃത്യമായ കാഴ്ചപ്പാടുള്ള ഒരു സംവിധായകനെ കണ്ണടച്ച് വിശ്വസിക്കുക എന്നത് പ്രധാനമാണെന്ന് ഷൈന്‍ പറയുന്നു.

ഉണ്ട സിനിമയുടെ ലൊക്കേഷനില്‍ നടന്‍ മമ്മൂട്ടിയില്‍ നിന്നും താന്‍ കണ്ട് മനസിലാക്കിയ ഒരു കാര്യവും ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പങ്കുവെച്ചു.

‘നമ്മളെ നമ്മള്‍ തന്നെ പുതുക്കിക്കൊണ്ടിരിക്കണം. ഒരു ആക്ടറിന് അത് വളരെ അത്യാവശ്യമാണ്. നമ്മള്‍ ഒരു കംഫര്‍ട്ട് സോണില്‍ ആകുമ്പോള്‍ പുതിയതൊന്നും ചെയ്യാന്‍ കഴിയില്ല.

കുറുപ്പിനേക്കാള്‍ മുകളില്‍ ഒരു കഥാപാത്രം എന്താണ് വരാത്തത് എന്ന് പലരും എന്നോട് ചോദിക്കും. അതിനേക്കാള്‍ മുകളിലേക്ക് വരാന്‍ ഒരിക്കലും പറ്റില്ല. കുറുപ്പ് വേറൊരു ക്യാരക്ടര്‍ ഇഷ്‌ക്ക് വേറൊരു ക്യാരക്ടര്‍. ഇതില്‍ നിന്നും വ്യത്യസ്തമാകുന്ന ഒരു ക്യാരക്ടറേ ചെയ്യാന്‍ പറ്റുള്ളൂ.

അത് ഭീഷ്മപര്‍വം ആണെങ്കിലും തല്ലുമാല ആണെങ്കിലും അത്തരത്തില്‍ വ്യത്യസ്തമായ കഥാപാത്രത്തെ കാത്തിരിക്കുകയാണ്. പിന്നെ ഇത് എങ്ങനെ വ്യത്യസ്തമാക്കാം എന്നതാണ്. അത് മീശയിലാണെങ്കിലും ശബ്ദത്തിലാണെങ്കിലും വസ്ത്രത്തിലാണെങ്കിലുമൊക്കെ.

അത് ഒരു പരിധി വരെ സംഭവിക്കുന്നത് ഡയറക്ടര്‍മാരിലൂടെയാണ്. ഒരു ആക്ടര്‍ മാത്രം വിചാരിച്ചാല്‍ അത് നടക്കില്ല. ആക്ടര്‍ എപ്പോഴും അനുസരണയുള്ള കുട്ടിയെ പോലെ ഡയറക്ടറുടെ അടുത്ത് ഇരിക്കുക എന്നതാണ്.

ഞാന്‍ കണ്ടിട്ടുണ്ട് മമ്മൂക്ക വെറും 27 ഓ 28 ഓ വയസ് മാത്രം പ്രായമുള്ള ഖാലിദ് റഹ്‌മാന്‍ പറയുന്നത് അനുസരിച്ച് ഉണ്ടയുടെ ലൊക്കേഷനില്‍ പെരുമാറുന്നത്. ഒരു ദിവസം രാത്രി 9 30 കഴിഞ്ഞും ഷൂട്ട് പോയി.

അതോടെ ജോര്‍ജേട്ടന്‍ മമ്മൂക്കയെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. മമ്മൂക്ക പോയി ഭക്ഷണം കഴിക്കാന്‍ ഇരുന്നതും ഖാലിദ് വന്നിട്ട് അയ്യോ മമ്മൂക്ക ഭക്ഷണം കഴിക്കാന്‍ ഇരുന്നോ ഞാന്‍ ഈ ഷോട്ടും കൂടി എടുക്കാന്‍ വിചാരിച്ചിരുന്നു എന്ന് പറഞ്ഞു.

ഇത് കേട്ടതും എന്നാല്‍ നമുക്ക് അത് എടുത്തേക്കാമെന്ന് പറഞ്ഞിട്ട് ആ ഭക്ഷണത്തിന്റെ മുന്നില്‍ നിന്ന് മമ്മൂക്ക എഴുന്നേറ്റു. അത് വേണ്ട, വേണ്ട എന്ന് റഹ്‌മാന്‍ പറഞ്ഞെങ്കിലും അതൊന്നും പറ്റില്ലെന്നും ഷോട്ട് എടുത്ത ശേഷം കഴിച്ചാല്‍ മതിയെന്നും എനിക്ക് അത്ര വിശപ്പൊന്നും ഇല്ലെന്നും പറഞ്ഞ് മമ്മൂക്ക എഴുന്നേറ്റു.

കാരണം പുള്ളിയുടെ വിശപ്പും ദാഹവുമൊക്കെ സിനിമയാണ്. ഏറ്റവും അനുസരണയുള്ള ആളായി നമ്മള്‍ ഇരിക്കുക എന്നുള്ളതാണ്. നമുക്ക് നമ്മുടെ അഭിപ്രായങ്ങള്‍ പറയാം. എന്നാല്‍ കൂടി വിഷന്‍ ഉള്ള ഒരു ഡയറക്ടര്‍ ആണെങ്കില്‍ നമ്മള്‍ അവരെ കണ്ണടച്ച് വിശ്വസിക്കണം. അനുസരണയുള്ളവര്‍ ആയിരിക്കണം.

അത്തരത്തില്‍ മികച്ച കഥാപാത്രങ്ങളൊക്കെ എപ്പോഴും നമുക്ക് കിട്ടിക്കോളണമെന്നില്ല. ചില സമയത്ത് നമ്മള്‍ ചെയ്യുന്നത് ശരിയാണോ ശരിയല്ലേ എന്ന് തിരിച്ചറിയാന്‍ പറ്റാതെ പോകും. നമ്മള്‍ മാത്രമാണ് ശരിയെന്ന് തോന്നുന്ന ഒരു പോയിന്റുണ്ടാകും.

അവിടെ നമ്മള്‍ ജസ്റ്റ് ഒന്ന് തിരിഞ്ഞു നോക്കുക. നമ്മള്‍ ആണ് പ്രശ്‌നമെന്ന് നമ്മള്‍ അംഗീകരിക്കുക. എന്നാലേ നമുക്ക് ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ പറ്റുള്ളൂ.

അല്ലെങ്കില്‍ നമ്മള്‍ എപ്പോഴും എതിര്‍ത്തുകൊണ്ടേയിരിക്കും. നമ്മളാണ് ശരിയെന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ നമ്മളാണ് ശരിയെങ്കിലും തെറ്റെങ്കിലും അടുത്തതിലേക്ക് കടക്കാന്‍ പറ്റില്ല. അങ്ങനെയൊക്കെ ചില കാര്യങ്ങള്‍ എനിക്ക് മനസിലാക്കാന്‍ പറ്റി,’ ഷൈന്‍ പറഞ്ഞു.

Content Highlight: Actor Shine Tom Chacko about Khalid Rahman and Mammootty