കുമാരി എന്ന സിനിമയ്ക്ക് ശേഷം താന്‍ കേട്ട വിമര്‍ശനങ്ങളെ കുറിച്ചും ആ വിമര്‍ശനം ഇന്ന് തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.
സിനിമയില്‍ തന്റെ കഥാപാത്രം പറയുന്ന ഡയലോഗുകള്‍ക്ക് വ്യക്തതയില്ലെന്ന് പലരും പറഞ്ഞെങ്കിലും അന്നത് അംഗീകരിക്കാന്‍ താന്‍ തയ്യാറായിരുന്നില്ലെന്നും താന്‍ മാത്രമാണ് ശരിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നെന്നും ഷൈന്‍ പറയുന്നു.
എന്നാല്‍ ഇന്ന് തനിക്ക് പലതും മനസിലാക്കാന്‍ പറ്റുന്നുണ്ടെന്നും റിലീസിന് ഒരുങ്ങുന്ന പല സിനിമകള്‍ക്കും താന്‍ റീ ഡബ്ബ് ചെയ്‌തെന്നും ഷൈന്‍ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.
‘ എന്റെ സംസാരം ക്ലിയര്‍ അല്ലെന്ന വിമര്‍ശനം ഞാന്‍ ഒരുപാട് കേട്ടിരുന്നു. ഇപ്പോള്‍ പല സിനിമകള്‍ക്കും ഞാന്‍ റീ ഡബ്ബ് ചെയ്തു കഴിഞ്ഞു. മീശ എന്ന റിലീസ് ആവാനുള്ള പടമുണ്ട്. അതില്‍ ക്ലിയര്‍ അല്ലാത്ത ഭാഗങ്ങള്‍ ഞാന്‍ റീ ഡബ്ബ് ചെയ്തു.
അതുപോലെ ഏഞ്ചല്‍ 16 എന്ന് പറഞ്ഞ ഡാഡി തന്നെ പ്രൊഡ്യൂസ് ചെയ്ത സോജന്‍ സംവിധാനം ചെയ്ത പടം റീ ഡബ്ബ് ചെയ്തു. പിന്നെ തേരി മേരി ഈ സിനിമകള്‍ക്കെല്ലാം റീ ഡബ്ബ് ചെയ്തു.
പല സമയങ്ങളിലും എന്റെ സംഭാഷണങ്ങളിലെ ക്ലിയര്‍ ഇല്ലായ്മയെ കുറിച്ച് ആളുകള്‍ പറയുമ്പോഴും എന്റെ കേള്‍വി അത് അംഗീകരിച്ചിരുന്നില്ല. നമ്മള്‍ കേള്‍ക്കുന്നതാണല്ലോ നമ്മള്‍ പറയുന്നത്.
ഞാന്‍ കുമാരി മുതലാണ് ഇത് കേട്ടുതുടങ്ങിയത്. കുമാരിയില്‍ പക്ഷേ ആ ക്യാരക്ടര്‍ അങ്ങനെയാണെന്ന് ഞാന്‍ ഇപ്പോഴും പറയുന്നു. ആ കഥാപാത്രത്തിന് അത്ര വ്യക്തതയേ പാടുള്ളൂ. പക്ഷേ ഇടയില്‍ എവിടെയോ ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി എന്ന രീതിയിലേക്ക് ഞാന്‍ മാറി.
ഇതോടെ ബാക്കി എല്ലാ ക്യാരക്ടറുകളിലും ഈ പ്രശ്‌നം വന്നുതുടങ്ങി. എന്റെ സംസാരം ക്ലിയര്‍ അല്ലാത്തത് എനിക്ക് മനസിലാവാത്ത ഒരു ഘട്ടം ഉണ്ടാവുകയും ചെയ്തു.
കുമാരിയിലെ കഥാപാത്രത്തെപ്പോലെയാണ് അഭിമുഖങ്ങളിലും പ്രസ് മീറ്റുകളിലുമൊക്കെ ഞാന്‍ ഇരിക്കുന്നത് എന്ന് ആളുകള്‍ പറഞ്ഞെങ്കിലും എനിക്ക് തോന്നിയിരുന്നില്ല.
ഒന്നിന്റെ ഉള്ളില്‍ പെട്ട് കഴിയുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ പറ്റില്ലല്ലോ. തിരിച്ചറിഞ്ഞ് പെരുമാറി തുടങ്ങിയ സമയത്ത് എന്റെ ഡാഡി വളരെ ഹാപ്പിയായിരുന്നു. ചില സമയത്ത് നമ്മള്‍ നമ്മളെ മറക്കുകയും അഹങ്കാരം നമ്മളെ കയറിപ്പിടിക്കുകയും ചെയ്യില്ലേ.
ഞാന്‍ പറയുന്നതാണ് ശരി എന്ന സംഭവം വരും. പല പോരായ്മകളും സംഭവിച്ചു. പലതിലും ഞാന്‍ വിചാരിച്ചത്ര വ്യത്യസ്തത ഉണ്ടായിരുന്നില്ല. അഭിമുഖത്തിലാണെങ്കിലും ഡബ്ബ് ചെയ്യുമ്പോഴും ഇപ്പോള്‍ സൗണ്ട് മാറിയെന്ന് പലരും പറയുന്നുണ്ട്.
ഇത് തന്നെയായിരുന്നില്ലേ മുന്‍പ് എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. അങ്ങനെ അല്ല എന്ന് എനിക്ക് മനസിലാക്കാന്‍ പറ്റിയിരുന്നില്ല. എപ്പോഴും നമ്മള്‍ കേള്‍ക്കുന്നതും കാണുന്നതുപോലെയുമല്ല മറ്റുള്ളവര്‍ കേള്‍ക്കുന്നതും കാണുന്നതും എന്ന ഒരു തിരിച്ചറിവ് ഉണ്ടായി.
പോരായ്മകള്‍ മാറ്റി മുന്നേറാന്‍ അല്ലെങ്കില്‍ വ്യത്യസ്തതകള്‍ കൊണ്ടുവരാന്‍ ഇതിലൂടെയൊക്കെ സാധിക്കുമെന്നാണ് തോന്നുന്നത്,’ ഷൈന്‍ ടോം പറഞ്ഞു.
Content Highlight: Actor Shine Tom Chacko about his Diualogue Clarity Issues and re Dubbing