ഇഷ്ടപ്പെട്ടിട്ടും നോ പറയേണ്ടി വന്ന സിനിമകളുണ്ട്, ഞാന്‍ ചിലപ്പോള്‍ ബാധ്യതയായേക്കാം: ഷറഫുദ്ദീന്‍
Film News
ഇഷ്ടപ്പെട്ടിട്ടും നോ പറയേണ്ടി വന്ന സിനിമകളുണ്ട്, ഞാന്‍ ചിലപ്പോള്‍ ബാധ്യതയായേക്കാം: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd June 2022, 1:48 pm

ഇഷ്ടപ്പെട്ടിട്ടും നോ പറയേണ്ടി വന്ന സിനിമകളുണ്ടെന്ന് നടന്‍ ഷറഫുദ്ദീന്‍. അത് ആ സിനിമകള്‍ മോശമായതുകൊണ്ടല്ലെന്നും താന്‍ ആ ചിത്രത്തിന് ചേരില്ല എന്ന് തോന്നിയതുകൊണ്ടാണെന്നും താരം പറഞ്ഞു. പ്രിയന്‍ ഓട്ടത്തിലാണ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് ഷറഫുദ്ദീന്റെ പ്രതികരണം.

‘നോ പറയാന്‍ മടിയുള്ളതുകൊണ്ട് ചില സിനിമകള്‍ പോസ്റ്റാവാറുണ്ട്. എനിക്ക് ഇഷ്ടമായ സിനിമകള്‍, അല്ലെങ്കില്‍ നല്ല സിനിമകള്‍ എന്ന് തോന്നിയിട്ട് ചെയ്യാതിരുന്ന സിനിമകളുണ്ട്. മോശം സിനിമ ആയതുകൊണ്ടല്ല. സസ്‌പെന്‍സ് കഥാപാത്രമാണെങ്കില്‍ ഞാന്‍ ചെയ്താല്‍ അത് ആ സിനിമക്ക് ഒരു ബാധ്യതയാവും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ അത് പറഞ്ഞുമാറാറുണ്ട്. ചിലപ്പോള്‍ സ്വന്തമായി താല്‍പര്യങ്ങളുണ്ടാവാറുണ്ടല്ലോ. എന്റെ ഇഷ്ടത്തിനാണ് ഞാന്‍ വില കൊടുക്കുന്നത്. എനിക്ക് ഇഷ്ടമില്ലെങ്കില്‍ അത് നൈസായി പറയും.

എപ്പോഴും നോ പറയുന്ന ആളല്ല ഞാന്‍. ഒരുപാട് സിനിമകളില്‍ വന്നിട്ട് നോ പറയുന്ന ആളുമല്ല. വളരെ കുറച്ച് സിനിമകളാണ് എന്റേതായി വന്നത്. ഒരു മൂന്നെണ്ണം വന്നാല്‍ രണ്ടെണ്ണം ചെയ്യുന്നു എന്നുള്ള അവസ്ഥയിലൊക്കെ തന്നെയാണ് സിനിമയില്‍ നില്‍ക്കുന്നത്.

കൊവിഡിന്റെ സമയത്ത് വേറൊരു ടൈപ്പ് സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ നില്‍ക്കുമ്പോഴാണ് പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയുടെ കഥ കേള്‍ക്കുന്നത്. എനിക്ക് അതൊരു രസകരമായ കഥയായിട്ട് തോന്നി. ആദ്യം മറ്റൊരു കഥയാണ് അഭയേട്ടന്‍(തിരക്കഥാകൃത്ത്) പറഞ്ഞത്. അതെനിക്ക് വര്‍ക്കായിട്ട് തോന്നിയില്ല. അധികം കഴിയാതെ എന്നോട് ഈ കഥ പറയുകയും അതെനിക്ക് ചെയ്യണമെന്ന് തോന്നുകയുമായിരുന്നു,’ ഷറഫുദ്ദീന്‍ പറഞ്ഞു.

ജൂണ്‍ 24നാണ് പ്രിയന്‍ ഓട്ടത്തിലാണ് റിലീസ് ചെയ്യുന്നത്. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് നായകമാര്‍. ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Actor Sharafuddin says that there are movies that he had to say no to even though he liked it