മന്തി ഓഫര്‍ ചെയ്ത് പറ്റിച്ചിട്ടില്ല, സംഭവിച്ചത് ഇതാണ്; വൈറല്‍ വീഡിയോയെ കുറിച്ച് ഷറഫുദ്ദീന്‍
Entertainment
മന്തി ഓഫര്‍ ചെയ്ത് പറ്റിച്ചിട്ടില്ല, സംഭവിച്ചത് ഇതാണ്; വൈറല്‍ വീഡിയോയെ കുറിച്ച് ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 11:07 am

യൂട്യൂബേഴ്‌സിനും ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിനും മന്തി ഓഫര്‍ ചെയ്യുന്ന നടന്‍ ഷറഫുദ്ദീന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.

ഇവരോട് ഏത് ഹോട്ടലില്‍ നിന്നാണ് മന്തി വേണ്ടതെന്ന് ചോദിക്കുകയും സെറ്റാക്കാമെന്ന് ഷറഫു പറയുന്നതുമായ വീഡിയോ ആയിരുന്നു വൈറലായത്.

സിനിമ പ്രൊമോഷന് ശേഷം ലിഫ്റ്റില്‍ കയറി പോകവെയായിരുന്നു മന്തി വാങ്ങിച്ചുതരുമോയെന്നുള്ള ചോദ്യവും അതിനുള്ള ഷഫറുവിന്റെ മറുപടിയും.

എന്നാല്‍ വളരെ സീരിയസായി പറഞ്ഞെങ്കിലും ഷഫഫു മന്തി വാങ്ങി നല്‍കിയില്ലെന്നായിരുന്നു നടന്‍ വിനയ് ഫോര്‍ട്ട് അഭിമുഖത്തില്‍ പറഞ്ഞത്. താന്‍ പിന്നീട് അവരോട് ചോദിച്ചിരുന്നെന്നും ഷറഫു മന്തി വാങ്ങിച്ചു തന്നില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും അത് കേട്ടപ്പോള്‍ വിഷമമായെന്നും തമാശ രൂപേണ വിനയ് ഫോര്‍ട്ട് പറഞ്ഞു.

‘ ഇയാള്‍ ഭയങ്കര സീരിയസായിട്ടാണ് മന്തിയുടെ കാര്യം പറഞ്ഞത്. എവിടെയാണ് അല്‍റീമിലോ വരൂ. എന്നൊക്കെയാണ് പറഞ്ഞത്. ഞാന്‍ വിചാരിച്ചത് ഇവന്‍ വാങ്ങിക്കൊടുത്തു എന്നാണ്. പിന്നെ ഞാന്‍ അവരെ കണ്ടപ്പോള്‍ ചോദിച്ചു ഷറഫു മന്തി വാങ്ങിത്തന്നോ എന്ന്. ഇല്ല തന്നില്ലെന്ന് പറഞ്ഞു. കേട്ടപ്പോള്‍ വിഷമം തോന്നി,’ എന്നായിരുന്നു വിനയ് ഫോര്‍ട്ട് പറഞ്ഞത്.

എന്നാല്‍ സംഭവിച്ചത് അതല്ലെന്നും അവര്‍ ഹോട്ടലിലേക്ക് പോയിക്കാണുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ അവര്‍ പോയില്ലെന്നുമായിരുന്നു ഇതിന് ഷറഫു മറുപടി പറഞ്ഞത്. അവരില്‍ ആരുടേയും കോണ്‍ടാക്ട് നമ്പര്‍ തന്റെ കയ്യില്‍ ഇല്ലായിരുന്നെന്നും ഷറഫു പറഞ്ഞു.

‘അങ്ങനെയല്ല. എനിക്ക് ഇവരുടെ ആരുടേയും നമ്പര്‍ ഇല്ല. അല്‍റീമിലേക്ക് പോയ്‌ക്കോളാന്‍ പറഞ്ഞതാണ്. അതിന് ശേഷം ഞാന്‍ പി.ആര്‍.ഒയെ വിളിച്ചു.

അവര്‍ പോയില്ലേയെന്ന് ചോദിച്ചപ്പോള്‍ അവര്‍ പിന്നെ മതി എന്ന് പറഞ്ഞതായാണ് അറിഞ്ഞത്. ഇവരില്‍ ഒരാളുടെ പോലും കോണ്‍ടാക്ട് നമ്പര്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് അവരെ കണക്ട് ചെയ്യാനും പറ്റിയില്ല. ഹോട്ടലിലേക്ക് പോയിട്ടുണ്ടെങ്കില്‍ അവിടെ വിളിച്ച് മന്തി സെറ്റാക്കാന്‍ പറയാമെന്നാണ് കരുതിയത്. ഇവര്‍ ആരും വിളിച്ചുമില്ല,’ ഷറഫുദ്ദീന്‍ പറഞ്ഞു.

Content Highlight: Actor Sharaffudheen about Viral Mandhi Vedio