പടക്കളം, എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന ചിത്രം തന്നെയായിരുന്നു ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് എന്നിവരെ പ്രധാന കഥാപാത്രമാക്കി മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം.
ചതുരംഗം എന്ന കളിയെ ബേസ് ചെയ്തുകൊണ്ടുള്ള ഒരു ഫാന്റസി കോമഡി സിനിമ ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ ശ്രദ്ധ നേടുകയാണ്.
സിനിമയിലെ ഒരു പ്രത്യേക സീനിനെ കുറിച്ചും ആ രംഗത്തിലെ ഒരു ഡയലോഗിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ഷറഫുദ്ദീനും നിര്‍മാതാവ് വിജയ് ബാബുവും.
ചിത്രത്തില്‍ ഷറഫുദ്ദീനും പൂജ മോഹന്‍രാജും ഉള്ള ഒരു സീനില്‍ ഷറഫുദ്ദീന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് തിയേറ്ററില്‍ ചിരി പടര്‍ത്തിയിരുന്നു.
ആ ഡയലോഗ് താന്‍ സ്‌പോട്ടില്‍ പറഞ്ഞതാണെന്നും സ്‌ക്രിപ്റ്റില്‍ അങ്ങനെ ഉണ്ടായിരുന്നില്ലെന്നും പറയുകയാണ് ഷറഫുദ്ദീന്‍.
സ്‌പോട്ട് ഇംപ്രവൈസേഷന്റെ കിങ് എന്നാണ് താന്‍ ഷറഫുദ്ദീനെ വിശേഷിക്കുകയെന്നും അദ്ദേഹം കയ്യില്‍ നിന്നിട്ട പല കൗണ്ടറുകളും ചിരിയ്ക്ക് വക നല്‍കുന്നതായിരുന്നെന്നും വിജയ് ബാബുവും പറഞ്ഞു. കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.
‘സ്‌പോട്ട് ഇംപ്രവൈസേഷന്റെ കിങ് ആണ് ഷറഫു. ഞാന്‍ ഒരുപാട് പേരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ചില ആക്ടേഴ്‌സിന് അങ്ങനെ ഒരു നേക്ക് ഉണ്ട്.
ചില സ്‌പോട്ടില്‍ കറക്ട് വാക്ക് ഉപയോഗിക്കും. ആ വാക്കുകള്‍ മതി ആളുകള്‍ക്ക് ചിരിക്കാനായിട്ട്. ഇതില്‍ തന്നെ സിനിമയില്‍ ഒരിടത്ത് ‘എടാ കാട്ടുകിളി’ എന്ന് വിളിക്കുന്നുണ്ട്. അവിടെ ഞാന്‍ തന്നെ ചിരിച്ചുപോയി.
പിന്നെ ഇതിനകത്ത് ഒരു ഗെയിം ആണ്. കളി എന്ന വാക്ക് പല വട്ടം ഈ സിനിമയില്‍ ഉപയോഗിക്കുണ്ട്. പലയിടത്തും വരുന്നുണ്ട്. പക്ഷേ അത് വേറൊരിടത്ത് ഉപയോഗിച്ചപ്പോള്‍ ആളുകള്‍ ഗംഭീരമായി ചിരിച്ചു. അവിടെ അത് ഉപയോഗിക്കേണ്ട യാതൊരു കാര്യവുമില്ല.
ത്രൂ ഔട്ട് ആ വാക്ക് പറയുന്നുണ്ട്. പക്ഷേ ആ ഒരു സ്ഥലത്ത് അത് വന്നപ്പോഴാണ് ആളുകള്‍ ചിരിച്ചത്. അതുവരെ ചിരിച്ചില്ല,’ എന്ന് വിജയ് ബാബു പറഞ്ഞപ്പോഴായിരുന്നു ആ ഡയലോഗ് താന്‍ ഡയറക്ടറോട് ചോദിക്കാതെ ചെയ്തതാണെന്ന് ഷറഫു പറഞ്ഞത്.
‘ അടിച്ചാല്‍ ഒരെണ്ണം റെക്കോഡിലാകുമല്ലോ. അങ്ങനെ ഒരെണ്ണം അങ്ങടിച്ചു. ആള്‍ക്കാര്‍ ചിരിക്കാതിരുന്നാലാണ് നമ്മള്‍ പേടിക്കേണ്ടത്. ആ ഡയലോഗ് ഞാന്‍ ഡയറക്ടറോട് ചോദിക്കാതെ ചെയ്തതാണ്.
ഈ സിനിമയുടെ സ്‌ക്രിപ്റ്റില്‍ ചില സിറ്റുവേഷന്‍ ഉണ്ട്. ആ സിറ്റുവേഷനില്‍ ഒരു കോമഡി ഇങ്ങനെ വന്ന് വീണാന്‍ കറക്ട് ആണെന്ന് തോന്നുന്ന ഒരുപാട് സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. അത് കറക്ട് ആയി പ്ലേസ് ചെയ്യാന്‍ പറ്റിയിട്ടുണ്ട്,’ ഷറഫുദ്ദീന്‍ പറഞ്ഞു.
ഏറെ നാളുകള്‍ക്ക് ശേഷം ഷറഫുദ്ദീന്റെ ഒരു മികച്ച കഥാപാത്രം തന്നെയാണ് പടക്കളത്തിലേക്ക്. രഞ്ജിത് എന്ന കഥാപാത്രത്തെ ഗംഭീരമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഷറഫുദ്ദീന്റെ സീരിയസ് വേഷങ്ങളില്‍ എണ്ണംപറയാവുന്ന ഒരു കഥാപാത്രമായി രഞ്ജിത് സാര്‍ മാറുമെന്നതിലും സംശയമില്ല. ഒരേ സമയം സീരിയസും കോമഡിയും വളരെ ഈസിയായി ഷറഫുദ്ദീന് കൈകാര്യം ചെയ്യാനായിട്ടുണ്ടെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
Content Highlight: Actor Sharaffudheen about a Particular Dialogue on Padakkalam Movie