അന്ന് ഹൈ ക്ലാസ് ടിക്കറ്റിന് ഏഴും ആറും രൂപയുള്ളപ്പോഴാണ് ആ സിനിമ തമിഴ്‌നാട്ടില്‍ രണ്ട് കോടി കളക്ട് ചെയ്തത്: ശങ്കര്‍
Entertainment
അന്ന് ഹൈ ക്ലാസ് ടിക്കറ്റിന് ഏഴും ആറും രൂപയുള്ളപ്പോഴാണ് ആ സിനിമ തമിഴ്‌നാട്ടില്‍ രണ്ട് കോടി കളക്ട് ചെയ്തത്: ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th May 2025, 6:36 am

സിനിമാപ്രേമികള്‍ക്ക് ഇന്നും ഏറെ പരിചിതനായ വ്യക്തിയാണ് ശങ്കര്‍. മലയാളം, തമിഴ് ഭാഷാചിത്രങ്ങളില്‍ ഒരുപോലെ അഭിനയിക്കാന്‍ സാധിച്ചിട്ടുള്ള നടനാണ് അദ്ദേഹം. 1980കളില്‍ ശങ്കറിന് ഏറെ താര പരിവേഷമുണ്ടായിരുന്നു.

തമിഴിലൂടെയായിരുന്നു അദ്ദേഹം തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. ഒരു തലൈ രാഗം എന്ന തമിഴ് ചിത്രമായിരുന്നു ശങ്കറിന്റെ ആദ്യ സിനിമ. മോഹന്‍ലാലിനൊപ്പം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ എത്തുന്നത്.

1980കളില്‍ മോഹന്‍ലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച ഒരുപാട് സിനിമകള്‍ മലയാളത്തില്‍ വിജയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം സിനിമയില്‍ സജീവമല്ലാതെ ആവുകയായിരുന്നു. ഇപ്പോള്‍ എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരു തലൈ രാഗം സിനിമയെ കുറിച്ച് പറയുകയാണ് ശങ്കര്‍.

‘തമിഴ്‌നാട്ടില്‍ ഒരു സിനിമ വരുമ്പോള്‍ അത് കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ പറയുന്നത് ‘സാര്‍, എന്തൊരു സിനിമയാണ് സര്‍. സൂപ്പറായിട്ടുണ്ട്. എന്തൊരു നല്ല പാട്ടാണ് സാര്‍. സൂപ്പര്‍’ എന്നൊക്കെയാണ്.

പക്ഷെ അതേ സിനിമ കേരളത്തിലേക്ക് വരുമ്പോള്‍, മലയാളികള്‍ക്ക് ഉള്ളില്‍ ആ പടം ഇഷ്ടപ്പെട്ടിട്ടുണ്ടാകും. പക്ഷെ നമ്മള്‍ പറയുന്ന രീതി വേറെയാണ്. ‘ആ കുഴപ്പമില്ല’ എന്നാണ് പറയുക. പ്രകടിപ്പിക്കുന്നതില്‍ ഒരു വ്യത്യാസമുണ്ടാകും. അത് തന്നെയാണ് നമ്മള്‍ തിയേറ്ററിലും കാണുന്നത്.

അന്ന് ഒരു തലൈ രാഗം ഏതാണ്ട് രണ്ട് കോടിക്ക് മുകളില്‍ കളക്ട് ചെയ്തു. 45 വര്‍ഷം മുമ്പായിരുന്നു അത്. പിന്നെ അന്നത്തെ പൈസയുടെ വാല്യു വളരെ കുറവായിരുന്നല്ലോ. ഇന്നത്തെ പോലെയല്ല.

അന്നത്തെ രണ്ട് കോടിയെന്നത് ഇന്നത്തെ 400 കോടിയുടെയും 500 കോടിയുടെയും അടുത്തുണ്ടാകും. ടിക്കറ്റ് റേറ്റ് തന്നെ നോക്കിയാല്‍ മതി. അന്നൊക്കെ ഒരു ഹൈ ക്ലാസ് ടിക്കറ്റിന് ഏഴ് രൂപയും ആറ് രൂപയുമൊക്കെ ആയിരുന്നു.

ഒരു തലൈ രാഗം സിനിമ മലയാളത്തില്‍ ഡബ്ബ് ചെയ്ത് വരികയും ഇവിടെ ഓടുകയും ചെയ്തു. പക്ഷെ എല്ലായിടത്തും ഓടിയിരുന്നില്ല. കുറേ സെന്ററുകളില്‍ സിനിമ കളിച്ചിരുന്നു. ഇന്ന് പിന്നെ സിനിമ വേറെ ലെവലിലേക്ക് പോയല്ലോ,’ ശങ്കര്‍ പറയുന്നു.


Content Highlight: Actor Shankar Talks About His First Cinema