വന്‍ പരിപാടി, ഒരുപാട് നാളുകള്‍ക്ക് ശേഷം സിനിമ കണ്ട് കരഞ്ഞു: സംഗീത് പ്രതാപ്
Malayalam Cinema
വന്‍ പരിപാടി, ഒരുപാട് നാളുകള്‍ക്ക് ശേഷം സിനിമ കണ്ട് കരഞ്ഞു: സംഗീത് പ്രതാപ്
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 14th April 2026, 4:00 pm

സ്വപ്‌നത്തില്‍ പോലും മലയാള സിനിമാ പ്രേക്ഷകര്‍ വിചാരിക്കാത്ത കാര്യങ്ങളാണ് നിലവില്‍ മോളിവഡില്‍ നടന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളും മറ്റ് വമ്പന്‍ താരങ്ങളുടെ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ നേടിയെടുത്ത റെക്കോര്‍ഡുകള്‍ ഓരോന്നോരോന്നായി സ്വന്തമാക്കിയാണ് വാഴ 2 തിയേറ്ററുകളില്‍ മുന്നേറുന്നത്. പുതുമുഖങ്ങളെ നായകന്മാരാക്കി ഒരുക്കിയ ചിത്രത്തിന്റെ റിലീസിന് മുമ്പ് വാഴ 2 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്ന് സിനിമാപ്രേമികള്‍ ആരുംതന്നെ കരുതിയിരുന്നില്ല.

എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഏഴ് ദിവസത്തിനുള്ളില്‍ നൂറു കോടിയും പത്ത് ദിവസത്തിനുള്ളില്‍ 150 കോടിയും പിന്നിട്ട് 180 കോടിയെന്ന മലയാള സിനിമയുടെ അപൂര്‍വ്വ നേട്ടങ്ങളില്‍ എത്തിയിരിക്കുകയാണ് സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2. കോമഡിയും ആക്ഷനും ഡ്രാമയും സമന്വയിപ്പിച്ച ചിത്രം കണ്ടിറങ്ങി നിരവധി പേരാണ് പ്രശംസയുമായി എത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ചിത്രത്തിലെ അഭിനേതാക്കളെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച വീഡിയോയെല്ലാം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വാഴ 2. Photo: AB George/ X.com

ഇപ്പോഴിതാ മലയാളത്തിലെ ജനപ്രിയനായ യുവതാരം സംഗീത് പ്രതാപ് ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വാഴ 2 താന്‍ കണ്ടെന്നും വന്‍ പരിപാടിയാണ് ചിത്രമെന്നുമായിരുന്നു താരത്തിന്റെ അഭിപ്രായം. ഒരുപാട് നാളുകള്‍ക്ക് ശേഷം കരഞ്ഞത് അന്നാണെന്നും ചിത്രം കണ്ട് പത്ത് പതിനഞ്ച് മിനുട്ടോളം നിര്‍ത്താതെ കരഞ്ഞുവെന്നും സംഗീത് പറഞ്ഞു.

ഹാഷിറിനെ കുറിച്ചുള്ള ചോദ്യത്തിനും താരം മറുപടി പറഞ്ഞിരുന്നു. തങ്ങളെല്ലാവരും വരുന്നതിന് മുമ്പ് തന്നെ ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയും മറ്റും ഹാഷിറിനെയും ടീമിനെയും ആളുകള്‍ക്ക് പരിചയമുള്ളതാണെന്നും താന്‍ പ്രേമലു ചെയ്യുന്ന സമയത്തെല്ലാം ഹാഷിറിന്റെ വീഡിയോസിന് വലിയ ഫാന്‍ബേസുണ്ടെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു. സിനിമ കണ്ടതിന് ശേഷം നാലുപേരെയും വിളിച്ച് സംസാരിച്ചിരുന്നു. പ്രേമം കണ്ട പോലെ ഭയങ്കര എനര്‍ജിയുള്ള വലിയ സിനിമയാണ് വാഴ 2വെന്നും ഹാഷിറുമായി ഭാവിയില്‍ ഒരു ചിത്രം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഴ 2. Photo: X.com

ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങിയവര്‍ നായകന്മാരായെത്തിയ ചിത്രത്തില്‍ ദേവരാജ്, ഏയ്ഞ്ചല്‍ മരിയ, അല്‍ഫോണ്‍സ് പുത്രന്‍, വിജയ് ബാബു, അജു വര്‍ഗീസ്, ബിജുക്കുട്ടന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളും വന്‍വിജയമായതോടെ വാഴയുടെ മൂന്നാം ഭാഗവും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസ്. പുതിയ ചത്രം അനൗണ്‍സ് ചെയ്തുകൊണ്ടുള്ള വിപിന്റെ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlight: Actor Sangeeth Prathap Talks about Vaazha 2 and Hashir and Team

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.