ലുക്കുവിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് സങ്കടം വരും, അന്നെനിക്ക് ഒരു കാര്‍ പോലുമില്ല: സന്ദീപ് പ്രദീപ്
Entertainment
ലുക്കുവിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് സങ്കടം വരും, അന്നെനിക്ക് ഒരു കാര്‍ പോലുമില്ല: സന്ദീപ് പ്രദീപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 12:15 pm

നടന്‍ ലുക്ക്മാന്‍ അവറാനെ കുറിച്ചും അദ്ദേഹവുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചുമൊക്കെ പറയുയാണ് നടന്‍ സന്ദീപ് പ്രദീപ്. ആലപ്പുഴ ജിംഖാനയാണ് ലുക്ക്മാനൊപ്പം സന്ദീപ് വര്‍ക്ക് ചെയ്ത ചിത്രം.

ഒരു ചേട്ടനെപോലെയാണ് തനിക്ക് ലുക്ക്മാനെന്നും നമ്മള്‍ കടന്നുപോകുന്ന കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊക്കെ അദ്ദേഹത്തിന് എളുപ്പത്തില്‍ മനസിലായിരുന്നെന്നും സന്ദീപ് പറയുന്നു.

ആലപ്പുഴ ജിംഖാന ചെയ്യുന്ന സമയത്ത് തനിക്ക് സ്വന്തമായി ഒരു കാര്‍ പോലും ഉണ്ടായിരുന്നില്ലെന്നും തനിക്ക് ഒരു സെക്കന്റ്ഹാന്‍ഡ് കാര്‍ വാങ്ങി നല്‍കാനൊക്കെ മുന്നിട്ടിറങ്ങിയ ആളാണ് ലുക്ക്മാനെന്നും സന്ദീപ് പറയുന്നു. കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ലുക്കു ഭയങ്കര പാവമാണ്. ലുക്കുമാ എന്നാണ് ഞാന്‍ വിളിക്കുന്നത്. എല്ലാവരും അങ്ങനെയാണ്. ലുക്ക് മാന്‍ എന്നാണല്ലോ. അപ്പോള്‍ ലുക്കുമാ എന്ന് വിളിക്കുന്നതാണ്.

ലുക്കുവിനെ കുറിച്ച് എന്താണ് പറയുക, അവനെ പറയുമ്പോള്‍ എനിക്ക് സങ്കടം വരും. എനിക്ക് കാര്‍ ഇല്ലായിരുന്നു. ജിംഖാന ചെയ്യുന്ന സമയത്തൊന്നും ഞാന്‍ കാര്‍ വാങ്ങിയിട്ടില്ല.

ഫണ്ടൊക്കെ ആയി വരുന്നേയുണ്ടായിരുന്നു. അവന്‍ ആരെയൊക്കെയോ വിളിക്കും, ജിംഖാനയില്‍ ഇങ്ങനെ എന്റെ ഒരു ചെറുക്കനുണ്ട്. പുതിയ പയ്യനാണ്. ഫാലിമിയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അവന് ഒരു കാര്‍ വേണം.

ഏതെങ്കിലും ഉണ്ടോ സെക്കന്റ്ഹാന്‍ഡ് എന്നൊക്കെ വിളിച്ച് ചോദിക്കുമായിരുന്നു. പുള്ളി കാറ് വാങ്ങിയ കഥയൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്.

ഒരു ദിവസം പുള്ളിക്കൊരു മെസ്സേജ് വന്നു, ലിങ്ക് ക്ലിക്ക് ചെയ്താല്‍ അഞ്ച് ലക്ഷം രൂപ ലോണ്‍ കിട്ടുമെന്ന് പറഞ്ഞിട്ട്. പുള്ളി അത് ക്ലിക്ക് ചെയ്‌തെന്നും അഞ്ച് ലക്ഷം ക്രഡിറ്റായെന്നും നേരെ പോയി ഒരു പോളോ എടുത്തെന്നും പറഞ്ഞു.

അങ്ങനെ ഇതിന്റെ ഇ.എം.ഐ അടയ്ക്കാന്‍ വേറെ ലോണ്‍ എടുത്ത കഥയൊക്കെ എന്നോട് പറഞ്ഞ് മോട്ടിവേഷന്‍ തന്നിരുന്നു. എന്നാ പിന്നെ കാര്‍ എടുക്കയല്ലേ എന്നൊക്കെ ചോദിച്ചു. എനിക്ക് പക്ഷേ അത്രയും റിസ്‌കെടുക്കാന്‍ പേടിയായിരുന്നു.

ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിക്കുമായിരുന്നു. എനിക്ക് നിന്റെ കാര്യങ്ങളൊക്കെ മനസിലാകും. ഞാനും ഇതൊക്കെ കടന്നാണ് വന്നതെന്ന് പറയും.

ഒരു ചേട്ടനെ പോലെ സംസാരിക്കാന്‍ പറ്റുന്ന ആള്‍. എന്നാല്‍ നമ്മളെ പോലെ കടന്നുവന്ന ഒരു സുഹൃത്തെന്ന നിലയിലുള്ള ആളാണ് ലുക്കു. സിനിമയെ കുറിച്ചല്ല ജീവിതത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ഏതൊരു മനുഷ്യനും കൊടുക്കേണ്ട അഡൈ്വസ് അതായിരിക്കണം. അല്ലാതെ ഈ സ്‌ക്രിപ്റ്റ് ചെയ്യ്, എന്നാല്‍ ഇങ്ങനെയാകും എന്ന രീതിയിലുള്ള ടോക്കൊന്നും ആരുമായും വന്നിട്ടില്ല. സിനിമ ഇന്‍ഡസ്ട്രിയില്‍ ജീവിക്കാനുള്ള ടിപ്‌സാണ് പലരും പറഞ്ഞുതരുക,’ സന്ദീപ് പറഞ്ഞു.

Content Highlight: Actor Sandeep Pradeep about Lukman Avaraan