നിനക്കത് തമാശയായിരിക്കും, എനിക്ക് ഒരിക്കലും മറക്കാനാകാത്ത വേദനയാണെന്ന് ഷൈന്‍ ടോമിനോട് പറഞ്ഞു: റോണി ഡേവിഡ്
Entertainment
നിനക്കത് തമാശയായിരിക്കും, എനിക്ക് ഒരിക്കലും മറക്കാനാകാത്ത വേദനയാണെന്ന് ഷൈന്‍ ടോമിനോട് പറഞ്ഞു: റോണി ഡേവിഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th March 2025, 1:11 pm

ചില സിനിമകളില്‍ പറഞ്ഞുറപ്പിച്ച കഥാപാത്രം അവസാന സമയങ്ങളില്‍ മാറിപ്പോകുന്നതിനെ കുറിച്ചും ആ സമയത്ത് നമ്മള്‍ നേരിടുന്ന തകര്‍ച്ചയെ കുറിച്ചുമൊക്കെസംസാരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ്.

പലര്‍ക്കും അങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടാകാമെന്നും മറ്റുള്ളവര്‍ക്ക് വെറും തമാശയായി ഇത്തരം കഥകള്‍ തോന്നിയേക്കാമെന്നും റോണി പറയുന്നു.

അത്തരത്തില്‍ ഒരു സിനിമയില്‍ തനിക്ക് നഷ്ടപ്പെട്ടു പോയ ഒരു വേഷത്തെ കുറിച്ചും അതിനെ കുറിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ തന്നോട് സംസാരിച്ചതിനെ കുറിച്ചുമൊക്കെ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റോണി ഡേവിഡ് സംസാരിക്കുന്നുണ്ട്.

മലയാളത്തില്‍ വലിയ വിജയം നേടിയ ഒരു കുറ്റാന്വേഷണ സിനിമയില്‍, ആ സിനിമയ്ക്കാവശ്യമായ, മെഡിക്കല്‍ സംബന്ധമായ എല്ലാ വിവരവും താങ്കളില്‍ നിന്ന് തേടിയെങ്കിലും ആ സിനിമയില്‍ താങ്കള്‍ക്ക് ഒര്ു റോള്‍ നല്‍കിയിട്ടില്ല. എന്തുകൊണ്ടായിരിക്കാം ആ സിനിമയില്‍ കാസ്റ്റ് ചെയ്യപ്പെടാതിരുന്നത് എന്ന ചോദ്യത്തിനായിരുന്നു റോണിയുടെ മറുപടി.

‘ അഭിനയിക്കാനുള്ള കൊതിയാണ് ഇതിനെല്ലാം കാരണം. ഒരു പടം. ഏതാണെന്നൊന്നും ഞാന്‍ പറയുന്നില്ല. അതില്‍ ഒരു മുഖ്യ കഥാപാത്രം.

ആ കഥാപാത്രത്തിലേക്ക് മലയാളത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തികളില്‍ ഒരാളുടെ പേര് ഞാനാണ് പറയുന്നത്. നല്ല സജഷന്‍ ആണെന്ന് അവര്‍ എന്നോട് പറഞ്ഞു.

സിനിമയുടെ പ്ലോട്ട് പറഞ്ഞപ്പോള്‍ ഇങ്ങനെ ഒരു പരിപാടി പിടിച്ചു പോയാല്‍ നന്നാകുമെന്ന് ഞാന്‍ പറഞ്ഞു. പുള്ളി ഓക്കെ പറഞ്ഞു. ബാക്കി എന്തൊക്കെ, എങ്ങനെയൊക്കെ ചെയ്യണമെന്നൊക്കെ ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തു.

അതിലെ ഒരു കഥാപാത്രത്തെ എങ്ങനെ കൊല്ലണം, കൊല്ലുന്ന രീതി എന്താണ് അതെല്ലാം നമ്മള്‍ പറഞ്ഞു. പത്ത് പന്ത്രണ്ട് സീനായി. ഒടുവില്‍ അതിലെ ഒരു കഥാപാത്രം ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചു. പുള്ളി ഓക്കെ പറഞ്ഞു.

ആ കഥാപാത്രമായി മാറാന്‍ വേണ്ടി ഞാന്‍ അതിന്റെ മേക്കപ്പൊക്കെ ചെയ്ത് ഇരിക്കുകയാണ്. വഴിയില്‍ കുത്തിയിരിക്കുകയാണെന്ന് പറയാം. അവസാനം ഇതില്ല എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്ന ഒരു തകര്‍ച്ചയുണ്ട്.

ഈ കഥ ഒരു ദിവസം ഷൈന്‍ ടോം എന്റെ അടുത്ത് പറയുകയാണ്. ‘തനിക്ക് ഒരു മണ്ടത്തരം പറ്റി’യെന്ന് പറഞ്ഞിട്ടാണ് ഷൈന്‍ ടോം ഈ കഥ പറഞ്ഞ് ചിരിക്കുന്നത്.

ഷൈനേ, നമ്മള്‍ തമ്മിലുള്ള ബന്ധം വെച്ച് പറയുകയാണ്, അത് എനിക്ക് ഭയങ്കര വേദനാജനകമായ കഥയാണ്. നിന്റെയടുത്ത് ഈ കഥ പറഞ്ഞവര്‍ ഏത് രീതിയിലാണ് പറഞ്ഞത് എന്ന് എനിക്കറിയില്ല.

നിനക്ക് ഇത് ഭയങ്കര ഹാസ്യമായി തോന്നിയിട്ടുണ്ടായിരിക്കാം. എനിക്കത് ഹാസ്യമല്ല. എനിക്ക് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു എപ്പിസോഡാണ്. ഈ കാര്യം ഇനി എന്റെയടുത്ത് പറഞ്ഞാല്‍ എന്റെ സ്വഭാവം ഇതായിരിക്കില്ലെന്ന് പറഞ്ഞു.

അതോടെ അവന്‍ അത് അവിടെ നിര്‍ത്തി. അങ്ങനെയാരു ബന്ധം ഞങ്ങള്‍ തമ്മിലുണ്ട്,. ഇതാണ് അതുമായി ബന്ധപ്പെട്ട് പറയാനുള്ളത്. വളരെ കുറച്ച് പേര്‍ക്ക് മാത്രം അറിയാവുന്ന കഥകളാണ് ഇതെല്ലാം’ റോണി പറയുന്നു.

Content Highlight: Actor Roni David share a bad experiance and  a character he missed in a Movie